കരുനാഗപ്പള്ളി: അഞ്ചു വര്‍ഷക്കാലമായി കാര്‍പോര്‍ച്ചില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ നടത്തിവന്ന അങ്കണവാടി സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിച്ച ബിജെപി അംഗത്തിനു നേരെ കയ്യേറ്റ ശ്രമവും, ജാതിപ്പേര് വിളിച്ച് ആക്ഷേപവും. കുലശേഖരപുരം കാട്ടില്‍കടവ് വാഴക്കൂട്ടത്തില്‍ കടവില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. വിജയിച്ചാല്‍ ഒരു മാസത്തിനകം അങ്കണവാടി സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറ്റുമെന്ന ഉറപ്പാണ് ബിജെപി അംഗം അജീഷ് പാലിച്ചത്. സത്യപ്രതിജ്ഞ ചെയ്ത് രണ്ടാഴ്ചക്കകം തന്നെ പുതിയ കെട്ടിടം കണ്ടെത്തി ഉദ്ഘാടനം നടത്തി.
ഇടതുപക്ഷ പ്രവര്‍ത്തകന്റെ കാര്‍ പോര്‍ച്ചില്‍ നിന്നും സുരക്ഷിതമായ കെട്ടിടത്തിലേക്ക് അങ്കണവാടി മാറ്റുന്നത് തടയാനായി ഔദ്യോഗികതലത്തിലുള്പ്പെടെ ഇടതുപക്ഷം നടത്തിയ പരിശ്രമം നാട്ടുകാരുടെയും ബിജെപി പ്രവര്‍ത്തരുടെയും ശക്തമായ ഇടപെടലുകളില്‍ വിഫലമായി. ഇന്നലെ പഴയ കാര്‍ പോര്‍ച്ചില്‍ നിന്നും പുതിയ കെട്ടിടത്തിലേക്ക് അങ്കണവാടി പൂര്‍ണമായി മാറ്റാന്‍ ചെന്നപ്പോഴാണ് നിലവിലെ കാര്‍പോര്‍ച്ചിന്റെ ഉടമ വയലിത്തറയില്‍ ബിനു രാജിന്റെ നേതൃത്വത്തില്‍ ചിലര്‍ അജീഷിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും, ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തത്.
ഇതിനെ തുടര്‍ന്ന് ബിനുരാജിനും കൂട്ടാളികള്‍ക്കുമെതിരെ കരുനാഗപ്പള്ളി പോലീസില്‍ പരാതി നല്കി. ഇതിനെ തുടര്‍ന്ന് മെമ്പര്‍ അജീഷിനെതിരെ കള്ളപരാതിയുമായി സിപിഎമ്മുകാര്‍ രംഗത്തെത്തി. സ്ത്രീകളെ വീടുകയറി അക്രമിച്ചതായി പറഞ്ഞുകൊണ്ട് വനിതാ കമ്മീഷനിലാണ് പരാതിപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: