തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായര്‍ ഉള്‍പ്പടെയുള്ള നിയമന തട്ടിപ്പില്‍ ബെവ്കോ ഉദ്യോഗസഥര്‍ക്ക് പങ്കില്ലെന്ന് വിജിലന്‍സ്. ബെവ്കോയിലെ നിയമനങ്ങള്‍ നിലവില്‍ പിഎസ്സിക്ക് വിട്ടിരിക്കുകയാണെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ബെവ്കോയുടെ പേരില്‍ ഇറങ്ങിയിട്ടുള്ള ഉത്തരവില്‍ നിലവില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ല. വ്യാജ ഉത്തരവുകള്‍ ആകാനാണ് സാധ്യത. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം നടത്തണമെന്നും പിഎസ്സി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ബെവ്കോ മാനേജര്‍ മീനാകുമാരിയുടെ പേരില്‍ നല്കിയ നിയമന ഉത്തരവിലാണ് അന്വേഷണം നടത്തുന്നത്. തന്റെ പേരിലുള്ള വ്യാജ ഉത്തരവാണെന്ന് ചൂണ്ടിക്കാട്ടി മീനാകുമാരി നല്കിയ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം.
അതേസമയം ജോലി തട്ടിപ്പ് കേസില്‍ പ്രതികളുടെ അറസ്റ്റ് തടയുന്നതിനായി സംസ്ഥാന സര്‍ക്കാരും പാര്‍ട്ടിയും പോലീസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതിക്കാര്‍. കേസ് അട്ടിമറിക്കുന്നതിനും നീക്കം നടത്തുന്നുണ്ട്.
കേസില്‍ സരിത ഉള്‍പ്പടെ മൂന്നുപേരെ പ്രതികളാക്കി നെയ്യാറ്റിന്‍കര പോലീസ് എഫ്ഐആര്‍. രജിസ്റ്റര്‍ ചെയ്തിട്ട് രണ്ടുമാസമായെങ്കിലും ആരേയും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. സിപിഎം ജില്ലാ നേതൃത്വം അടക്കം ഇടപെട്ടാണ് സരിതക്കെതിരായ കേസും തുടര്‍നടപടികളും നിര്‍ത്തിവെച്ചെന്നും പരാതിക്കാര്‍ ആരോപിച്ചു.
ജോലി തട്ടിപ്പ് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ പഞ്ചായത്തംഗം ഉള്‍പ്പടെയുള്ള പ്രാദേശിക നേതാക്കള്‍ വധഭീഷണിയുമായി എത്തി. പരാതി പിന്‍വലിച്ചില്ലെങ്കില്‍ വീട് കയറി ആക്രമിക്കുമെന്നാണ് ഭീഷണി. നിലവില്‍ ജോലി തട്ടിപ്പ് കേസ് അന്വേഷിച്ചിരുന്ന എല്ലാ ഉദ്യോഗസ്ഥരും സ്ഥലമാറ്റത്തെ തുടര്‍ന്ന് ജില്ല വിട്ടുപോയി. ഇത് അന്വേഷണത്തെ അട്ടിമറിക്കാനുള്ള നീക്കമാണെന്നും പരാതിക്കാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: