ഇരിട്ടി: ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.19 കോടി രൂപ ചിലവില്‍ ഇരിട്ടി താലൂക്കാശുപത്രിയോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ പ്രസവ വാര്‍ഡിന്റെയും സ്ത്രീകളുടെയും കുട്ടികളുടെയും ചികില്‍സാ കേന്ദ്രം അടക്കമുള്ള കെട്ടിട ബ്ലോക്കിന്റെയും നിര്‍മ്മാണം പൂര്‍ത്തിയാവുന്നു. നിലവില്‍ ഡയാലിസിസ്, ഒപി, ഫാര്‍മസി എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് പുതിയ പ്രസവ വാര്‍ഡും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്.
ഓപ്പറേഷന് തീയറ്റര്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ഐസിയു മുറികള്‍, കിടത്തി ചികില്‍സാ വാര്‍ഡുകള്‍ എന്നിവയടക്കമാണ് ഇവിടെ സജ്ജീകരിക്കുന്നത്. തസ്തികകള്‍ കൂടി ലഭിക്കുന്നതോടെ പ്രസവ വാര്‍ഡ് പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാവും. ഈമാസം അവസാനത്തോടെ പുതിയ കെട്ടിട ബ്ലോക്ക് ഉദ്ഘാടനം നടത്താനാണ് ശ്രമിക്കുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. പി.പി. രവീന്ദ്രന് പറഞ്ഞു. അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയിലേക്ക് പുതുതായി വാങ്ങിയ അമ്പത് കട്ടിലുകള്‍ ഇവിടേക്ക് അനുവദിച്ചു കിട്ടുകയും അവ കഴിഞ്ഞ ദിവസം ഇരിട്ടി താലൂക്കാശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ഓപ്പറേഷന് തീയറ്റര്‍, ഐസിയു ഉപകരണങ്ങള്‍ എന്നിവ കൂടി ലഭ്യമാക്കാനാണ് ശ്രമം.
ഇരിപ്പിടങ്ങള്‍, ഇതര ഫര്‍ണ്ണിച്ചര്‍ എന്നിവയും ഉടനെ ഒരുക്കും. പ്രാഥമികാരോഗ്യ കേന്ദ്രം മാത്രമായിരുന്നപ്പോള്പതിനഞ്ചാണ്ടുകള്ക്ക് മുന്‍പ് മേഖലയില്‍ ഏറ്റവും കൂടുതല്‍ പ്രസവവും പ്രസവ ശുശ്രൂഷകളും ഇവിടെ നടന്നിരുന്നു. നേരംപോക്ക് റോഡിലെ പഴയ കെട്ടിടത്തില്‍ നിന്നും ഇരിട്ടി ഹൈസ്കൂള്‍ കുന്നിനു സമീപത്തേക്കു മാറ്റുകയും താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുകയും ചെയ്തതോടെയാണ് ഇവിടെ പ്രസവവും അതിനോടനുബന്ധിച്ച ചികിത്സകളും നിലച്ചത്.
പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ അടുത്തകാലത്ത് പ്രസവശുശ്രൂഷ സൗകര്യം ഒരുക്കിയിട്ടുണ്ടെണ്ടങ്കിലും മേഖലയിലുള്ളവര്‍ ഏറെയും ഇപ്പോള്‍ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ സൗകര്യമൊരുക്കുന്നതോടെ മലയോരത്തെ ആദിവാസി ജനവിഭാഗങ്ങള്ക്കടക്കം ഇത് ഏറെ പ്രയോജനകരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: