ചെന്നൈ: പേസര്‍ ജെയിംസ് ആന്‍ഡേഴ്സണിന്റെ റിവേഴ്സ് സ്വിങും ജാക്ക് ലീച്ചിന്റെ ക്ലിനിക്കല്‍ സ്പന്നിനും ചൊപ്പോക്കില് ഇന്ത്യയുടെ കഥകഴിച്ചു. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ 227 റണ്‍സിന് തോറ്റു. 420 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച ആതിഥേയര്‍ അവസാന ദിവസം 192 റണ്‍സിന് പുറത്തായി. ഈ വിജയത്തോടെ നാലു മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി.
സ്കോര്‍: ഇംഗ്ലണ്ട് 578, 178, ഇന്ത്യ 337, 192. ആദ്യ ഇന്നിങ്സില്‍ ഇരട്ട സെഞ്ചുറി നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടാണ് കളിയിലെ കേമന്‍.
ഒന്നിന് 39 റണ്‍സെന്ന സ്കോറിന് ഇന്നലെ കളി തുടങ്ങിയ ഇന്ത്യ ജാക്ക് ലീച്ചിനും ജെയിംസ് ആന്‍ഡേഴ്സണിനും മുന്നില്‍ തകര്ത്തടിഞ്ഞു. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും (72)ഓപ്പണര്‍ ഗില്ലും (50)കുറിച്ച അര്‍ധ സെഞ്ചുറികളും ഇന്ത്യയെ രക്ഷിച്ചില്ല. ആന്ഡേഴ്സണ് 11 ഓവറില്‍ പതിനേഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഗില്ലു രഹാനെയും ഋഷഭ് പന്തുമാണ് ആന്‍ഡേഴ്സണിന്റെ റിവേഴ്സിങ്ങില് വീണത്. ജാക്ക് ലീച്ച് 26 ഓവറില്‍ 76 റണ്‍സിന് നാലു വിക്കറ്റുകള്‍ പോക്കറ്റിലാക്കി.
ടെസ്റ്റ് സ്പെഷ്യലിസ്റ്റായ ചേതേശ്വര്‍ പൂജാരയാണ് ഇന്നലെ ആദ്യം പുറത്തായത്. ലീച്ചിന്റെ പന്തില്‍ സ്റ്റോക്സിന് പിടികൊടുത്തു. പതിനഞ്ച് റണ്‍സാണ് സമ്പാദ്യം. തുടര്‍ന്ന് അര്‍ധ സെഞ്ചുറി കുറിച്ച ഗില്ലിനെ ആന്ഡേഴ്സണ് ക്ലീന്‍ ബൗള്‍ഡാക്കി. ഗില്‍ 83 പന്തില്‍ ഏഴു ഫോറും ഒരു സിക്സറും അടക്കം അമ്പത് റണ്‍സ് നേടി. തുടര്‍ന്ന് എത്തിയ രഹാനെയെ ആന്ഡേഴ്സണ് സംപുജ്യനായി മടക്കിയതോടെ ഇന്ത്യയുടെ തകര്‍ച്ച തുടങ്ങി.
ഓസീസ് മണ്ണില്‍ മിന്നുന്ന പ്രകടനം നടത്തിയ വീരനായകനായ ഋഷഭ് പന്തിനും പിടിച്ചുനില്‍ക്കാനായില്ല. പതിനൊന്ന് റണ്‍സ് നേടിയ പന്തിനെ ആന്ഡേഴ്സണ് റൂട്ടിന്റെ കൈകളിലെത്തിച്ചു. ആദ്യ ഇന്നിങ്സില്‍ 85 റണ്‍സുമായി പുറത്താകാതെ നിന്ന വാഷിങ്ടണ്‍ സുന്ദറും പൂജ്യത്തിന് പുറത്തായി. സ്പിന്നര്‍ ബെസിന്റെ പന്തില്‍ ബട്ലര്ക്ക് ക്യാച്ച് നല്കി.
പൊരുതിനിന്ന നായകന് വിരാട് കോഹ്ലി ഒടുവില്‍ ഓള് റൗണ്ടര്‍ ബെന്‍സ്റ്റോക്സിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. 104 പന്ത് നേരിട്ട കോഹ്ലി ഒമ്പത് ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 72 റണ്‍സ് കുറിച്ചു. പതിനൊന്നാമനായ ജസ്പ്രീത് ബുംറയെ ബട്ലറുടെ കൈകളിലെത്തിച്ച് ജോഫ്ര ആര്‍ച്ചര്‍ ഇന്ത്യന്‍ ഇന്നിങ്സിന് തിരശീലയിട്ടു. ജോഫ്ര ആര്‍ച്ചര്‍, ഡോം ബെസ്, ബെന്‍സ്റ്റോക്സ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
പരമ്പരയിലെ രണ്ടാം ടെസ്റ്റ് ശനിയാഴ്ച ചെപ്പോക്കില്‍ ആരംഭിക്കും. രണ്ടാം ടെസ്റ്റില്‍ കാണികള്‍ക്ക് പ്രവേശനം നല്‍കും.
സ്കോര്‍ബോര്‍ഡ്
ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ് :578, രണ്ടാം ഇന്നിങ്സ് 178, ഇന്ത്യ ഒന്നാം ഇന്നിങ്സ് 337. രണ്ടാം ഇന്നിങ്സ്: രോഹിത് ശര്‍മ ബി ലീ്ച്ച് 12, ശുഭ്മന്‍ ഗില്‍ ബി ആന്ഡേഴ്സണ് 50, ചേതേശ്വര്‍ പൂജാര സി സ്റ്റോക്സ് ബി ലീച്ച് 15, വിരാട് കോഹ് ലി ബി സ്റ്റോക്സ് 72, അജിങ്ക്യ രഹാനെ ബി ആന്ഡേഴ്സണ് 0, ഋഷഭ് പന്ത് സി റൂ്ട്ട് ബി ആന്ഡേഴ്സണ് 11, വാഷിങ്ടണ്‍ സുന്ദര്‍ സി ബട്ലര് ബി ബെസ് 0, രവിചന്ദ്രന്‍ അശ്വിന് സി ബട്ലര് ബി ലീച്ച് 9, ഇഷാന്ത് ശര്‍മ നോട്ടൗട്ട് 5, ജസ്പ്രീത് ബുംറ സി ബട്ലര് ബി ആര്‍ച്ചര്‍ 4, എക്സ്ട്രാസ് 14, ആകെ 192.
വിക്കറ്റ് വീഴ്ച: 1-25, 2-58, 3-92, 4-92, 5-110, 6-117, 7-171, 8-179, 9-179
ബൗളിങ്: ജോഫ്ര ആര്‍ച്ചര്‍ 9.1-4-23-1, ജാക്ക് ലീച്ച് 26-4-76-4, ജെയിംസ് ആന്ഡേഴ്സണ് 11-4-17-3, ഡൊം ബെസ് 8-0-50-1, ബെന്‍ സ്റ്റോക്സ് 4-1-13-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: