പാറ്റ്ന: 17 പുതിയ മന്ത്രിമാരെക്കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബിജെപിയുടെ ദേശീയ വക്താവ് ഷാനവാസ് ഹുസൈനും മന്ത്രിപദവി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ മാസം നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഷാനവാസ് ഹുസൈന് ജയിച്ചിരുന്നു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഫാഗു ചൗഹാന് ആദ്യം സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തത് ഷാനവാസ് ഹുസൈനായിരുന്നു. പുതുതായി ഉള്‍പ്പെടുത്തിയ 17 പേരില്‍ 10 പേര് ബിജെപിക്കാരും ആറ് പേര് ജനതാദള്‍ യുണൈറ്റഡും(ജെഡിയു) ഒരാള്‍ ജെഡിയുവിന് പിന്തുണ നല്കുന്ന സ്വതന്ത്രനുമാണ്.
അന്തരിച്ച നടന് സുശാന്ത് സിംഗ് രാജ്പുതിന്റെ സഹോദരന് നീരജ് കുമാര്‍ ബബ്ലൂ, നിതിന്‍ നവീന്‍, സമ്രാട്ട് ചൗധരി, സുഭാഷ് സിംഗ്, ജനക് റാം, അലോക് രഞ്ജന്‍ ജാ, നാരായണ്‍ പ്രസാദ്, പ്രമോദ് കുമാര്‍, സുനില്‍ കുമാര്‍ എന്നിവരാണ് ബിജെപിയ്ക്കായി സത്യപ്രതിജ്ഞ ചെയ്തു. ജെഡിയുവിനായി ലെഷി സിംഗ്, സഞ്ജയ് ജാ, മദന്‍ സാഹ്നി, ശരവണ്‍ കുമാര്‍, ജയന്ത് രാജ്, ജമാ ഖാന് എന്നിവരാണ് പുതിയ ജെഡിയു മന്ത്രിമാര്‍. സുമിത് സിംഗാണ് സത്യപ്രതിജ്ഞ ചെയ്ത സ്വതന്ത്രന്. അതേ സമയം, ഭരണ മുന്നണിയിലെ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച, വികാസ്ശീല് ഇന്സാന് പാര്‍ട്ടി എന്നിവയ്ക്ക് മന്ത്രിപദവി ഇല്ല.
ബിജെപിയുടെ മുസ്ലിം മുഖമെന്ന നിലയിലാണ് ബീഹാറിലേക്ക് മോദി ഷാനവാസ് ഹുസൈനെ അയച്ചിരിക്കുന്നത്. 2014ല്‍ ബാഗല്‍പൂരില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട ഷാനവാസ് ഹുസൈന് 2019ല്‍ സീറ്റൊന്നും നല്‍കിയിരുന്നില്ല. പകരം ബിജെപിയുടെ ദേശീയ വക്താവായി തുടരുകയായിരുന്നു ഷാനവാസ് ഹുസൈന്. വാജ്പേയി സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്നു ഷാനവാസ് ഹുസൈന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: