തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമല വിഷയത്തില്‍ പുതിയ സത്യവാങ്മൂലം നല്കാന് തയ്യാറാണെന്ന നിലപാടുമായി സിപിഎം. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹര്‍ജികളില്‍ ആവശ്യമെങ്കില്‍ പുതിയ സത്യവാങ്മൂലം നല്കാന് തയ്യാറാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയാണ് ഇക്കാര്യം അറിയിച്ചത്.
സമൂഹത്തിന്റെ വലിയ വിഭാഗം ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ സംസ്ഥാനത്തിന്റെ മുഴുവന്‍ ചുമതല വഹിക്കുന്ന പാര്‍ട്ടിക്ക് വ്യത്യസ്ത വീക്ഷണങ്ങള്‍ കണക്കിലെടുത്ത ശേഷം മാത്രമേ പ്രവര്‍ത്തിക്കാന്‍ ആകൂ. അല്ലാതെ വിശ്വാസികളില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലമല്ല സിപിഎം നിലപാട് മാറ്റാന്‍ ഒരുങ്ങുന്നതെന്നും എം.എ. ബേബി അറിയിച്ചു.
നിമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല സ്ത്രീ പ്രവേശന വിഷയം യുഡിഎഫ് വീണ്ടും പ്രചാരണ വിഷയമാക്കുന്നത് കൊണ്ടാണ് സിപിഎം ഇപ്പോള്‍ നിലപാട് മാറ്റാന്‍ ഒരുങ്ങുന്നത്. ശബരിമല വിധി മറികടക്കാന്‍ നിയമ നിര്‍മാണം നടത്തുമെന്നാണ് യുഡിഎഫിന്റെ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനം.
2007-ല്‍ വി.എസ്. അച്യുതാനന്ദന് സര്‍ക്കാരാണ് യുവതീപ്രവേശനത്തിന് അനുകൂലനിലപാടുമായി സത്യവാങ്മൂലം നല്‍കിയതാണ് ശബരിമല കേസിലെ ആദ്യ നിര്‍ണ്ണായക വഴിത്തിരിവ്. ഒരേമതത്തില്‍ വിശ്വസിക്കുന്ന എല്ലാവര്ക്കും തുല്യ ആരാധനാസ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നുണ്. വിഷയം പഠിക്കുന്നതിനായി കമ്മീഷനെ വെക്കണമെന്നും യുവതികള്‍ക്ക് മാത്രമായി പ്രത്യേക സീസണ് അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും അതില്‍ വ്യക്തമാക്കി.
2016-ല്‍ കേസ് സുപ്രീംകോടതിയിലെ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനുമുന്നിലെത്തിയെങ്കിലും അന്ന് അധികാരത്തിലുണ്ടായിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വി.എസ്. സര്‍ക്കാരിന്റെ നിലപാടില്‍നിന്നും പിന്മാറി. ശബരിമലയില്‍ യുവതീപ്രവേശം ആവശ്യമില്ലെന്നും തത്സ്ഥിതി തുടരണമെന്നുമാവശ്യപ്പെട്ട് യുഡിഎഫ് സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം.
പിന്നീട് കേസ് ഭരണഘടനാ ബെഞ്ചിലെത്തിയപ്പോള്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയിരുന്നു. ഇതോടെ യുവതീപ്രവേശത്തെ അനുകൂലിക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: