തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുമ്പ് ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ വകുപ്പുകളില്‍ നെട്ടോട്ടം. പിഎസ്സി പരീക്ഷ എഴുതിയവരെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പിന്‍വാതില്‍ നിയമനങ്ങളുടെ പെരുമഴ. സിപിഎം മന്ത്രിമാരുടെ വകുപ്പുകളില്‍ പാര്‍ട്ടിക്കാരായ താത്കാലിക ജീവനക്കാര്‍ക്ക് അടിയന്തരമായി സ്ഥിര നിയമനം നല്‍കാനാണ് നിര്‍ദേശം. വകുപ്പ് മേധാവികള്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് മന്ത്രിമാര്‍ക്ക് നല്‍കണം. ഇത് പാര്‍ട്ടി പരിശോധിച്ച ശേഷം നിയമനം നടത്തും. മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ വനിതാ വികസന കോര്‍പ്പറേഷനില്‍ വരെ നിയമനങ്ങള്‍ തകൃതി. ഉദ്യോഗാര്‍ഥികളുടെ കണ്ണില്‍ പൊടിയിടാന്‍ ആരോഗ്യ വകുപ്പില്‍ ഏതാനും പുതിയ തസ്തികകള്‍ സൃഷ്ടിച്ച ശേഷം അതിന് ആനുപാതികമായി താത്കാലികക്കാരെ സ്ഥിരമാക്കുന്നു. താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സുപ്രീംകോടതി ഉത്തരവിന് വിപരീതമാണ്.
കില, മത്സ്യഫെഡ്, സി-ഡിറ്റ്, ചലച്ചിത്ര അക്കാദമി, കിഫ്ബി, കേരള ബാങ്ക് ഒടുവില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും പിന്‍വാതില്‍ നിയമനം. വകുപ്പ് മേധാവിമാര്‍ കണക്കുകള്‍ നല്കുന്ന ക്രമത്തില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുമ്പ് മറ്റ് സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ താത്കാലികക്കാരെ സ്ഥിരമാക്കും. വിജ്ഞാപനം വന്നാലും മുന്‍ തീയതി വച്ച് ഉത്തരവ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. കരാര്‍ നിയമനം സ്ഥിരമാക്കുന്നതില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് മറ്റ് വകുപ്പുകള്‍ക്ക് ‘മാതൃക’ കാട്ടുന്നുണ്ട്. മുഖ്യമന്ത്രിയുടെ സമൂഹമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നവരെ സ്ഥിരപ്പെടുത്താനാണ് ഒടുവിലത്തെ നീക്കം.
കിഫ്ബിയില്‍ സര്‍ക്കാര്‍ ജീവനക്കാരെ കൂടാതെ സാങ്കേതിക വിഭാഗത്തില്‍ കരാര്‍ നിയമനങ്ങള്‍ നടത്തി. ഇവര്‍ ധനവകുപ്പിനു കീഴില്‍ ക്രമേണ സര്‍ക്കാര്‍ സര്‍വീസിലാകും. സി-ഡിറ്റിലും കിലയിലും സ്ഥിരമാക്കല്‍ നടക്കുന്നു. മത്സ്യഫെഡില്‍ കരാറുകാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എംഡി സര്‍ക്കാരിനു ഫയല്‍ നല്കി. കേരള ബാങ്ക് രൂപീകരണ സമയത്ത് എല്ലാ താത്കാലിക ജീവനക്കാരെയും നിയമിക്കുമെന്ന് സഹകരണ മന്ത്രി വാഗ്ദാനം നല്‍കിയിരുന്നു. ഇതില്‍ കൂടുതലും കളക്ഷന്‍ ഏജന്റുമാരാണ്. കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും പ്രവര്‍ത്തകരാണ് അധികവും. ദിവസ വേതന അടിസ്ഥാനത്തിലും കരാര്‍ അടിസ്ഥാനത്തിലും ജോലി ചെയ്ത 1200ല്‍ അധികം പേരെ സ്ഥിരപ്പെടുത്തും. ഇതില്‍ സെക്യൂരിറ്റി ജീവനക്കാരായി ജോലി ചെയ്തത് ലേബര്‍ സപ്ലൈ ഓഫീസില്‍ നിന്ന് വന്നവരായിരുന്നു. ഇവരില്‍ സിപിഎമ്മുകാരല്ലാത്തവരെ ഒഴിവാക്കി. ഡിവൈഎഫ്ഐക്കാര്‍ ഈ വിഭാഗത്തില്‍ സ്ഥാനം പിടിച്ചു.
പെന്ഷന് ലഭിക്കാന്‍ പേഴ്സണല്‍ സ്റ്റാഫാകാം
മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും പേഴ്സണല്‍ സ്റ്റാഫില്‍ ഇടം പിടിച്ചാല്‍ ജീവിതാവസാനം വരെ പെന്ഷന് ലഭിക്കും. കുറഞ്ഞത് രണ്ടു വര്‍ഷം ജോലി ചെയ്തിരിക്കണം. ഇതിലുമുണ്ട് ചെപ്പടിവിദ്യ. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി ആദ്യം നിയമിക്കുന്നവരെ രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ പിരിച്ചുവിടും. ഇതോടെ ഇക്കൂട്ടര്‍ക്ക് പെന്ഷന് ഉറപ്പായി.
അടുത്ത സംഘത്തെ വീണ്ടും നിയമിക്കും. സര്‍ക്കാരിന്റെ കാലാവധി കഴിയുമ്പോള്‍ അവര്‍ക്കും ലഭിക്കും പെന്ഷന്. കുറഞ്ഞത് 1,100 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇത്തരത്തില്‍ പെന്ഷന് ലഭിക്കും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചട്ടം ഭേദഗതി ചെയ്ത് ഏഴ് പേരെക്കൂടി നിയമിച്ച് പെന്ഷന് ലഭിക്കാനുള്ള നടപടിക്രമങ്ങളിലേക്ക് കടന്നു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി മുതല്‍ ഡ്രൈവര്‍ വരെ ഇതില്‍ പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: