ന്യൂദല്‍ഹി: മോദി സര്‍ക്കാരിനെതിരെ അന്താരാഷ്‌ട്ര ഗൂഡാലോചനയെന്ന ആരോപണത്തിന് അടിവരയിടുന്ന രീതിയില്‍ മോദിയുടെ വിക്കിപീഡിയയിലുള്ള ജീവചരിത്രത്തില്‍ വിവാദപരാമര്‍ശങ്ങള്‍.
പ്രധാനമന്ത്രി മോദിയെക്കുറിച്ച് നുണകളും പ്രകോപനം സൃഷ്ടിക്കുന്ന വിവരങ്ങളും ചേര്‍ത്തിരിക്കുകയാണ് വിക്കിപീഡിയ. ഇതാണ് അന്താരാഷ്‌ട്ര ഗൂഡാലോചനാസംശയം ബലപ്പെടുത്തുന്നത്. മോദി 2019ലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കശ്മീരിന്റെ സവിശേഷാധികാരം റദ്ദാക്കുകയും പൗരത്വ നിയമം കൊണ്ടുവരികയും ചെയ്തതായി പറയുന്നു. തന്റെ ഹിന്ദു ദേശീയതാവിശ്വാസങ്ങളുടെ പേരിലും 2002ലെ ഗുജറാത്ത് കലാപത്തിലെ ആരോപിക്കപ്പെടുന്ന പങ്കാളിത്തം മൂലവും ആഭ്യന്തരമായും ആഗോളതലത്തിലും വിവാദപുരുഷനായി അവശേഷിക്കുന്ന നേതാവാണ് മോദിയെന്നും വിക്കിപീഡിയ പറയുന്നു.
ബ്ലൂക്രാഫ്റ്റ് ഡിജിറ്റല്‍ ഫൗണ്ടേഷന്റെ സിഇഒ ആയ അഖിലേഷ് മിശ്രയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള വിക്കിപീഡിയ പേജിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തത്. ഇതോടെ ഇത് ചൂടുള്ള ചര്‍ച്ചാവിഷയമായിരിക്കുകയാണ്.
2002ൽ നടന്ന ഗുജറാത്ത് കലാപത്തിൽ മോദിക്ക് പങ്കുണ്ടെന്നാണ് ദേശീയവാദികൾ വിശ്വസിക്കുന്നതായും മോദിയുടെ പ്രത്യേക അജണ്ടകൾ കാരണം ഇന്ത്യ ജനാധിപത്യപരമായി പിന്നോട്ടുപോയെന്നും വിക്കിപീഡിയ പേജില്‍ ആരോപിച്ചിട്ടുണ്ട്. വിവാദ വിഷയങ്ങൾ വീണ്ടും ചർച്ചയാക്കി മതസ്പർധ വളർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്.
ഇതോടെ വിക്കിപീഡിയയ്‌ക്കും മോദിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ഗൂഡാലോചനയില്‍ പങ്കാളിത്തമുണ്ടെന്ന് വേണം കരുതാന്‍. ചായ-യോഗ പ്രതിച്ഛായ തകര്‍ക്കണം എന്നുള്ള പരിസ്ഥിതിപ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗിന്റെ ട്വീറ്റിലെ ടൂള്‍കിറ്റിലെ പരാമര്‍ശം മോദിയുടെയും അദ്ദേഹത്തിന്റെ ശക്തനായ പിന്‍ഗാമി യോഗിയുടെയും പ്രതിച്ഛായ തകര്‍ക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണെന്നാണ് ഇന്‍റലിജന്‍സ് വിലയിരുത്തല്‍. ഇപ്പോള്‍ മോദിയെക്കുറിച്ചുള്ള വിവാദപരാമര്‍ശങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ കൂട്ടിച്ചേര്‍ത്ത് പ്രധാനമന്ത്രിയുടെ ജീവചരിത്രം മാറ്റിയെഴുതിയതിന്റെ പിന്നില്‍ വിക്കിപീഡിയയും ഈ ഗൂഡാലോചനാസംഘത്തിന്റെ ഭാഗമാണെന്ന് വേണം കരുതാന്‍. എന്തായാലും അമേരിക്ക ആസ്ഥാനമായ സാമൂഹ്യമാധ്യമങ്ങളായ ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം, വിക്കിപീഡിയ എന്നിവയെല്ലാം മോദി സര്‍ക്കാരിനെതിരായ അപവാദപ്രചാരങ്ങള്‍ക്ക് കൈകോര്‍ക്കുന്ന രീതി കാണുംപോള്‍ സര്‍ക്കാരിനെതിരായ ഒരു അന്താരാഷ്‌ട്ര ഗൂഡാലോചന തന്നെയാണ് മണക്കുന്നത്.
റിപ്പബ്ലിക് ദിനത്തിലെ കലാപത്തിന് തൊട്ടുപിന്നാലെ സ്വീഡനിലെ പരിസ്ഥിതിപ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ്, പോപ്പ് ഗായിക റിഹാന, യുഎസ് വൈസ് പ്രസിഡന്‍റ് കമലഹാരിസിന്റെ മരുമകള്‍ മീന ഹാരിസ്, പോണ്‍ സ്റ്റാര്‍ മിയ ഖലീഫ എന്നീ അന്താരാഷ്‌ട്ര വ്യക്തിത്വങ്ങള്‍ കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രീതിയില്‍ ട്വീറ്റ് ചെയ്തിരുന്നു. പ്രാഥമികാന്വേഷണത്തില്‍ ഈ ട്വീറ്റുകള്‍ പണം വാങ്ങി നടത്തിയതാണെന്നും ഇതിന് പിന്നില്‍ ചില ഖാലിസ്ഥാന്‍ സംഘടനകളാണ് പ്രവര്‍ത്തിച്ചതെന്നും സംശയമുയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടയിലാണ് ഗ്രെറ്റ തുന്‍ബര്‍ഗ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ടൂള്‍ കിറ്റില്‍ ഇന്ത്യയില്‍ പല രീതിയില്‍ പ്രതിഷേധ സമരം നടത്താന്‍ ആഹ്വാനം ചെയ്യുന്നതായി കണ്ടെത്തിയത്. ഇക്കൂട്ടത്തില്‍ ചായ-യോഗ പ്രതിച്ഛായ തകര്‍ക്കേണ്ടതിനെക്കുറിച്ചും പറയുന്നുണ്ട്. ചായ എന്നത് മോദിയുടെയും യോഗ എന്നത് യോഗി ആദിത്യനാഥിന്റെയും പ്രതീകാത്മകപരാമര്‍ശങ്ങളാണെന്ന് കരുതപ്പെടുന്നു. ഇതോടെയാണ് അന്താരാഷ്‌ട്ര ഗൂഡാലോചന എന്ന സംശയം ബലപ്പെട്ടത്. ഇതിന് പിന്നാലെ ട്വിറ്ററില്‍ ആളുകളെ കലാപത്തിന് പ്രേരിപ്പിക്കുന്ന ചില ഹാഷ് ടാഗുകളും സംശയാസ്പദമായ ചില അക്കൗണ്ടുകളും മരവിപ്പിക്കാന്‍ കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. ആദ്യം സഹകരിച്ചെങ്കിലും പിന്നീട് ട്വിറ്റര്‍ ഈ അക്കൗണ്ടുകള്‍ വീണ്ടും തുറന്നുകൊടുക്കുകയായിരുന്നു. ഇത് ട്വിറ്ററും കേന്ദ്രസര്‍ക്കാരും തമ്മില്‍ ഒരു സംഘര്‍ഷത്തിന്റെ പാതയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുകയാണ്.
















