കൊച്ചി: ദല്‍ഹിയില്‍ സമരം നടത്തുന്നത് കര്‍ഷകരല്ല, ഇടനിലക്കാരാണെന്ന് കേന്ദ്ര ഊര്‍ജ സഹമന്ത്രി ആര്‍.കെ. സിങ്. പഞ്ചാബിലെയും കിഴക്കന്‍ യുപിയിലെയും ഇടനിലക്കാര്‍ മാത്രമാണ് സമരം ചെയ്യുന്നത്. പുതിയ കാര്‍ഷികനിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണകരമാണ്. നിയമപ്രകാരം മണ്ഡികളില്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് തടസമില്ല. മണ്ഡിക്ക് പുറത്ത് വില്‍ക്കാന്‍ താല്പര്യമുള്ളവര്‍ക്ക് അതിനും അവസരം ലഭിക്കുകയാണ്. മണ്ഡികളെ നിയന്ത്രിക്കുന്ന ഇടനിലക്കാര്‍ കോടീശ്വരന്മാണ്. അവരാണ് സമരത്തിന് പിന്നില്‍. നിയമത്തിലെ ഏതു വകുപ്പിനെയാണ് എതിര്‍ക്കുന്നതെന്ന് പറയാന്‍ സമരം ചെയ്യുന്നവര്‍ തയാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
വൈദ്യുതി ഉത്പാദന, വിതരണ സംവിധാനങ്ങള്‍ ആധുനികവത്കരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന് ആര്‍.കെ. സിങ് പറഞ്ഞു. ഇതിനായി മൂന്നു ലക്ഷം കോടി രൂപയുടെ പദ്ധതി നടപ്പാക്കും. വൈദ്യുതി അനുബന്ധ ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലുള്‍പ്പെടുത്തി കൂടുതല്‍ കമ്പനികള്‍ക്ക് അനുമതി നല്‍കും. തീരമേഖല, മലയോരമേഖല, മറ്റു മേഖലകള്‍ എന്നിങ്ങനെ സംസ്ഥാനങ്ങളെ തിരിച്ചാകും യൂണിറ്റുകള്‍ അനുവദിക്കുക. കൊവിഡിന് ശേഷം രാജ്യം മാന്ദ്യത്തില്‍ നിന്ന് കുതിച്ചുയരുകയാണ്. ഡിസംബറിന് ശേഷമുള്ള വൈദ്യുതി ഉപഭോഗം ഇതിന്റെ തെളിവാണ്.
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്ത് രാജ്യം ഊര്‍ജ്ജ കമ്മി നേരിട്ടിരുന്നു. നിലവില്‍ വിവിധ രാജ്യങ്ങളിലേക്ക് ഊര്‍ജ്ജ കയറ്റുമതി നടത്തുന്ന രാജ്യമായി ഭാരതം മാറി. നിക്ഷേപകങ്ങള്‍ക്കുള്ള ഏറ്റവും ആകര്‍ഷകമായ ലക്ഷ്യസ്ഥാനമായി മാറാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 64 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ നിക്ഷേപമാണ് രാജ്യത്ത് എത്തിയത്. ദേശീയപാത വികസനം, കൊച്ചി മെട്രോ ദീര്‍ഘിപ്പിക്കല്‍, കൊച്ചി തുറമുഖ വികസനം തുടങ്ങി അടിസ്ഥാനസൗകര്യ വികസന മേഖലയില്‍ കേരളത്തിന് മികച്ച പ്രാധാന്യമാണ് കേന്ദ്ര ബജറ്റില്‍ നല്‍കിയിട്ടുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. റെയില്‍ മേഖലയില്‍ യുപിഎ ഭരണകൂടം നല്‍കിയതിന്റെ ഇരട്ടിയാണ് കേരളത്തിനായി കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
















