മലപ്പുറം: കൊറോണ വൈറസ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മലപ്പുറം പൊന്നാനി താലൂക്കിലെ രണ്ട് സ്കൂളുകളടച്ചിട്ടു. സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരുമടക്കം 262 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. മാറഞ്ചേരി, വന്നേരി എന്നീ ഹയർ സെക്കണ്ടറി സ്കൂളുകളാണ് അടച്ചിട്ടിട്ടുള്ളത്. മാറഞ്ചേരി സ്കൂളിൽ 148 വിദ്യാർത്ഥികൾക്കും അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ 39 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
പെരുമ്പടപ്പിലുള്ള വന്നേരി ഹയർസെക്കണ്ടറി സ്കൂളിൽ 39 വിദ്യാർത്ഥികൾക്കും 36 വിദ്യാർത്ഥികൾക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. വന്നേരി സ്കൂളിൽ ആദ്യം അധ്യാപകരിൽ ഒരാൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ വിദ്യാർത്ഥികളെയും മറ്റ് ജീവനക്കാരെയും പരിശോധനയ്‌ക്ക് വിധേയമാക്കുകയായിരുന്നു. ഇതോടെ സമ്പർക്കം പുലർത്തിയവരോടും രോഗലക്ഷണങ്ങളുള്ളവരോടും ക്വാറന്റൈനിൽ പ്രവേശിക്കാൻ നിർദേശിച്ചിട്ടുണ്ട്.
പൊന്നാനി താലൂക്ക് പരിധിയിലെ ടർഫുകൾ അടയ്‌ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആൾക്കൂട്ടങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. വിവാഹങ്ങളിൽ നൂറിൽ കൂടുതൽ ആളുകൾ പങ്കെടുത്താൽ നടപടിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: