കൊച്ചി: യുഎഇ മുന്‍ കോണ്‍സല്‍ ജനറലിന്റെ ബാഗുകള്‍ കസ്റ്റംസ് പരിശോധിക്കുന്നു. തിരുവനന്തപുരം എയര്‍ കാര്‍ഗോ കോംപ്ലക്സില്‍ എത്തിച്ച ബാഗുകളാണ് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ പരിശോധിക്കുന്നത്. കോണ്‍സല്‍ ജനറലായിരുന്ന അല്‍സാബിയും സ്വര്‍ണം കടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. അല്‍സാബി രാജ്യം വിടുന്നതിന് മുന്‍പ് ഇവിടെ ഉപേക്ഷിച്ച ബാഗുകളാണിത്.
യുഎഇയിലേക്ക് കൊണ്ടുപോകാനായിട്ടാണ് കോണ്‍സുലേറ്റിന്റെ ഓഫിസിലും അദ്ദേഹത്തിന്റെ ഫ്ളാറ്റിലുമുണ്ടായിരുന്ന ബാഗുകള്‍ തിരുവനന്തപുരം എയര്‍ കാര്‍ഗോ വിമാനത്താവളത്തിലെത്തിച്ചത്. ഇത് തുറന്നു പരിശോധിക്കാന്‍ കസ്റ്റംസ് അനുമതി തേടുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ബാഗുകളും ലഗേജുകളും തുറന്നു പരിശോധിക്കുന്നത്. മുന്‍ കോണ്‍സല്‍ ജനറലും ഖാലിദും ചേര്‍ന്ന് സ്വപ്ന സുരേഷ് നടത്തിയതുപോലെ സ്വര്‍ണക്കടത്ത് നടത്തിയതായാണ് കസ്റ്റംസിന് വിവരം ലഭിച്ചിരിക്കുന്നത്. ഇതിന് സംസ്ഥാന സര്‍ക്കാരിലെ ചില ഉന്നതരുടെ സഹായം ലഭിച്ചതായും കസ്റ്റംസ് സംശയിക്കുന്നു.
സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണം പുതിയ തലത്തിലേക്ക് നീളുകയായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും രേഖകള്‍ ബാഗുകളിലുണ്ടോയെന്ന് അറിയാനാണ് പ്രധാനമായും പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: