ജയ്പൂര്‍: കേന്ദ്രകൃഷി നിയമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശനങ്ങള്‍ തുടരുന്നതിനിടെ തിരിച്ചടിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കാര്‍ഷികനിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന ഇടനിലക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ രാഹുല്‍ രാജസ്ഥാനില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് സ്മൃതി ഇറാനിയുടെ പ്രതികരണം.
വായ്പകള്‍ എഴുതിത്തള്ളുമെന്ന് രാജസ്ഥാനിലെ കര്‍ഷകര്‍ക്ക് നേരത്തേ നല്‍കിയിരുന്ന വാഗ്ദാനം ഓര്‍മിപ്പിച്ചായിരുന്നു സ്മൃതി ഇറാനി രാഹുലിനെതിരെ രംഗത്തെത്തിയത്. വാഗ്ദാനം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടുവെന്നും ജയ്പൂരില്‍ മാധ്യമങ്ങളെ കണ്ട അവര്‍ വിമര്‍ശിച്ചു. 2018-ല്‍ രാജസ്ഥാനില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുമെന്ന് രാഹുല്‍ നടത്തിയ പ്രഖ്യാപനമാണ് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടിയത്.
‘രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ 10 ദിവസനത്തിനകം കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് രാഹുല്‍ ഗാന്ധി പരസ്യമായി വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ, വാഗ്ദാനം നിറവേറ്റപ്പെടുന്നതിനായി കര്‍ഷകര്‍ ഇപ്പോഴും കാത്തിരിക്കുകയാണ്’- സ്മൃതി ഇറാനി പറഞ്ഞു.
രാജ്യത്തെ കാര്‍ഷികമേഖലയെ ശക്തിപ്പെടുത്താന്‍ കേന്ദ്രബജറ്റ് സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ മാസം 12, 13 തീയതികളിലാണ് രാഹുല്‍ ഗാന്ധിയുടെ രാജസ്ഥാന് സന്ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: