പത്തനാപുരം: പതിനാല് ലക്ഷം രൂപാ ചെലവഴിച്ച് നിര്‍മ്മിച്ച കടമ്പുപാറ കുടിവെള്ള പദ്ധതിയില്‍ അഴിമതിയെന്ന് പരാതി. ടാങ്കും പൈപ്പും സ്ഥാപിക്കാതെയാണ് ഉദ്ഘാടനം നടത്തിയതെന്നും ആക്ഷേപം. പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ ചെമ്പനരുവി വാര്‍ഡിലെ കടമ്പ്പാറയില് നിര്‍മ്മിച്ച കുടിവെള്ള പദ്ധതിക്കെതിരെയാണ് പ്രദേശവാസികള്‍ രംഗത്തെത്തിയിരിക്കുന്നത്.
പഞ്ചായത്ത് കാലാവധി കഴിയും മുമ്പ് നടത്തിയ ഉദ്ഘാടനം അഴിമതി മറച്ചുവയ്ക്കാനുള്ള തന്ത്രമായിരുന്നെന്നും വാര്‍ഡ് മെമ്പറും, വാട്ടര്‍ അതോറിറ്റിയും, കരാറുകാരനും ചേര്‍ന്ന് നടത്തിയ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. വേനല്‍ക്കാലത്ത് അതിശക്തമായ വരള്‍ച്ചയാണ് ഇവിടെ അനുഭവപ്പെടുന്നത്. കിലോമീറ്ററുകള്‍ അകലെയുള്ള അരുവിയില്‍ നിന്നും തലച്ചുമടായാണ് കുടിക്കുവാനും, കുളിക്കുവാനും വെള്ളം ശേഖരിക്കുന്നത്.
കാട്ടാന, പുലി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ എത്തുന്ന അരുവിയില്‍ ഗ്രാമവാസികള്‍ കൂട്ടംചേര്‍ന്നാണ് വെള്ളം കൊണ്ടു വരുന്നത്. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്. എന്നാല്‍ അനുവദിച്ച ഫണ്ട് ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ രീതിയില്‍ ചെലവഴിച്ചിട്ടില്ല എന്നാണ് പരാതി. പത്ത് കൊല്ലം മുന്‍പ് ജില്ലാ പഞ്ചായത്ത് ഇവിടെ കുടിവെള്ള പദ്ധതിയ്ക്കായ് സ്ഥാപിച്ച പൈപ്പിലാണ് പുതിയ ടാപ്പുകള്‍ പിടിപ്പിച്ചിരിക്കുന്നത്.
നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന സമയത്ത് വാട്ടര്‍ അതോറിറ്റിയുടെ ജീവനക്കാരനോ, കരാറുകാരനോ ഇവിടെ എത്തിയിട്ടില്ല. ഉയര്‍ന്ന പ്രദേശത്ത് ഇരിക്കുന്ന വീടുകള്‍ക്ക് താഴ്ചയിലാണ് ടാങ്ക് ഉറപ്പിച്ചിരുന്നത്. വാട്ടര്‍ അതോറിറ്റിയുടെയും, പഞ്ചായത്ത് ജീവനക്കാരുടെയും ഭാഗത്ത് നിന്നുള്ള കടുത്ത അനാസ്ഥയാണ് പദ്ധതി ഇത്തരത്തില്‍ ആകാന്‍ കാരണമെന്ന ആക്ഷേപം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: