തിരുവനന്തപുരം: കവയത്രി സുഗതകുമാരിയുടെ ആറന്മുളയിലെ അതിപുരാതനമായ ഭവനത്തില്‍ സര്‍ക്കാര്‍ നടത്തിവരുന്ന എല്ലാ നിര്‍മാണജോലികളും നിര്‍ത്തിവെക്കണമെന്ന് ബിജെപി മുന്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു.
പരിസ്ഥിതി സംരക്ഷണത്തിനും പ്രകൃതിക്കും വേണ്ടി ജീവിതായുസ്സ് മുഴുവന്‍ ഉഴിഞ്ഞു വെച്ച് ത്യാഗോജ്വലമായ പോരാട്ടങ്ങള്‍ നടത്തിയിട്ടുള്ള ഒരു മഹാത്മാവിന്റെ തപോധന്യമായ തറവാട് വികലമാക്കുന്ന നിര്‍മാണജോലികള്‍ നാടിനൊന്നാകെ അപമാനകരമാണ്. പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഇക്കാര്യത്തില്‍ ഇടപെടണം. തറവാടിന്റെ തനിമയും പൈതൃകസമ്പത്തും വീണ്ടെടുക്കാന്‍ തയാറല്ലെങ്കില്‍ കുടുംബട്രസ്റ്റിനു തിരിച്ചു നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.
വള്ളിപ്പടര്‍പ്പുകളും സസ്യലതാദികളും കാവും പച്ചപ്പും കൊണ്ടു പ്രകൃതി രമണീയമായ വാഴുവേലിതറവാട് പൈതൃകഗ്രാമമായ ആറന്മുളയുടെ ഐശ്വര്യമാണ്.ഗ്രാമഭംഗിയും പൈതൃകവും നശിക്കുമെന്ന് കണ്ടതിനാലാണ് ആറന്മുള വിമാനത്താവളത്തിനെതിരെ ജനസമൂഹമൊന്നാകെ പ്രക്ഷോഭം നടത്തിയത്. അതിന് നേതൃത്വം നല്‍കിയ സുഗത കുമാരിയുടെ വീട് തന്നെ പ്രകൃതി ധ്വീസനത്തിനു ഇരയായത് സഹിക്കാവുന്നതിനും അപ്പുറമാണ്.
കവി മനസിന്റെ സര്‍ഗ്ഗഭാവത്തെ ആവിഷ്‌കരിക്കേണ്ടതിനു പകരം ടുറിസത്തിന്റെ ലാഭക്കൊതിപൂണ്ട കടന്നുകയറ്റമാണ് ആ തറവാട്ടില്‍ നടന്നത്. രാജശില്‍പ്പിയായ കാനായി കുഞ്ഞിരാമന്റെ സര്‍ഗവൈഭവം വിളിച്ചോതുന്ന ശഖുമുഖം സാഗരകന്യകയെ വികലമാക്കിയ അതേ ഹിംസത്മക നടപടിയാണ് സുഗത കുമാരിയുടെ വീടിനു നേരെ ഉണ്ടായിട്ടുള്ളതെന്ന് കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: