കൊല്ലം: സ്വന്തം ജീവനക്കാരുടെ ശമ്പളം പിടിച്ചുപറിച്ച് അവരെ കൊറോണക്കാലത്തുപോലും പരമാവധി ദ്രോഹിക്കുകയും വഞ്ചിക്കുകയും ചെയ്ത സര്‍ക്കാരാണ് പിണറായി വിജയന്റെതെന്ന് എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എന്‍. രമേശ്. കൊല്ലം സോപാനം മിനി ഹാളില്‍ സംഘടനയുടെ ജില്ലാസമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുസമൂഹത്തിനും നഷ്ടമേ ഉണ്ടാക്കിയിട്ടുള്ളൂ. 4000 സ്ഥിരം തസ്തികകളാണ് ഇവര്‍ വെട്ടിക്കുറച്ചത്. മുന്‍പ് കശുവണ്ടി തൊഴിലാളികളാണ് ജീവനൊടുക്കിയതെങ്കില്‍ ഈ സര്‍ക്കാര്‍ വന്നതോടെ കശുവണ്ടി ഫാക്ടറി ഉടമകള്‍ ജീവനൊടുക്കേണ്ട ഗതികേടായി.
ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പ്രതിലോമകരമായ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണം. ശമ്പളപരിഷ്‌കരണത്തിന്റെ മറവില്‍ പതിറ്റാണ്ടുകളായി ജീവനക്കാര്‍ പൊരുതി നേടിയ ആനൂകൂല്യങ്ങള്‍ ഇല്ലാതാക്കി. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുന്നതടക്കമുള്ള അഞ്ച് വര്‍ഷം മുമ്പുള്ള സര്‍വീസ് ജീവനക്കാരോടുള്ള വാഗ്ദാനങ്ങളെല്ലാം കാറ്റില്‍പറത്തി. ശമ്പളം പിടിച്ചുപറിക്കുന്നതിനെതിരെ ഭരണ-പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ കടുത്ത മൗനം പാലിച്ചപ്പോള്‍ എന്‍ജിഒ സംഘാണ് കോടതിയില്‍ പോയി വിധി സമ്പാദിച്ചത്. വളരെ പ്രതീക്ഷയോടെ ജീവനക്കാര്‍ ഉറ്റുനോക്കുന്ന പ്രസ്ഥാനം എന്‍ജിഒ സംഘ് മാത്രമാണ്. സര്‍വീസ് മേഖലയില്‍ ദേശീയത ശക്തിപ്പെടേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ജില്ല പ്രസിഡന്റ് കെ.രാധകൃഷ്ണപിള്ള അധ്യക്ഷനായി. ബിഎംഎസ് ജില്ലാ പ്രസിഡന്റ് എസ്. വാരിജാക്ഷന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ബി.ഷൈലജ, എന്‍ജിഒ സംഘ് സംസ്ഥാന ഉപദ്ധ്യക്ഷന്‍ ഡി. ബാബുപിള്ള, അനിതാരവീന്ദ്രന്‍, പി.വി. മനോജ്, പി.പ്രമോദ്, പാറങ്കോട് ബിജു, ഫെറ്റോ ജില്ലാ പ്രസിഡന്റ് എസ്.കെ. ദിലീപ് കുമാര്‍, എ. ഉദയകുമാര്‍, പി. മനേഷ് ബാബു, വ്യോമകേശന്‍, ആര്‍. കൃഷ്ണകുമാര്‍, ആര്‍. പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: