തെരുവിലെ ഭക്ഷണശാലകള്‍ക്ക് ഓണ്‍ലൈന്‍ സാന്നിധ്യമൊരുക്കാന്‍ പ്രധാനമന്ത്രിയുടെ തെരുവ് കച്ചവടക്കാര്‍ക്കുള്ള ആത്മനിര്‍ഭര്‍ നിധി (പിഎം എസ്വിഎഎന്‍ നിധി) ഒരുങ്ങുന്നു. ഇതിനായി സൊമാറ്റോയുമായി കരാര്‍ ഒപ്പുവെച്ചു.
സൊമാറ്റോയുടെ ഫുഡ്-ടെക് പ്ലാറ്റ്ഫോമില്‍ ഇനി തെരുവിലെ ഭക്ഷണശാലകളും ഭക്ഷണവും കൂടി ഇടംപിടിക്കും. ഇതുവഴി ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് തെരുവിലെ ഭക്ഷണം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് കഴിക്കാം. ഒപ്പം തെരുവിലെ ഭക്ഷ്യനിര്മ്മാതാക്കള്ക്ക് അവരുടെ ബിസിനസ് വളര്‍ത്തുകയും ചെയ്യാം. കോവിഡ് മൂലം ആളുകള്‍ പുറത്തിറങ്ങി ഭക്ഷണം കഴിക്കുന്ന പതിവ് വെട്ടിച്ചുരുക്കിയിരിക്കുകയാണ്. ഇത് തെരുവിലെ ഭക്ഷണശാലകള്‍ക്ക് വന്‍ അടിയായിരുന്നു. പക്ഷെ പുതിയ സംരംഭം വഴി തെരുവ് ഭക്ഷണവില്പനക്കാര്ക്ക് ഓണ്‍ലൈന്‍ സാങ്കേതികവിദ്യയുടെ പിന്തുണ ലഭിക്കുകയാണ്. ഇത് വഴി അവര്‍ക്ക് ബിസിനസ് വളര്‍ത്താനാകും.
തുടക്കത്തില്‍ ഭോപാല്‍, ലുധിയാന, നാഗ്പൂര്‍, പാറ്റ്ന, റായ്പൂര്‍, വഡോദര എന്നീ ആറ് നഗരങ്ങളിലെ 300 തെരുവ് ഭക്ഷണവില്പ്പനക്കാരെ സൊമാറ്റോ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പരീക്ഷണാടിസ്ഥാനത്തില്‍ വില്പനയാരംഭിക്കും. തെരുവ് ഭക്ഷണശാലകള്‍ക്ക് പാന്‍ കാര്‍ഡും എഫ്എസ്എസ്എഐ രജിസ്ട്രേഷനും നല്‍കും. ആപ് ഉപയോഗിക്കേണ്ട രീതിയും മെനു ഡിജിറ്റല്‍ രൂപത്തിലാക്കാനുള്ള വിദ്യയും വിലയിടല്‍ രീതിയും വൃത്തിയും ഭക്ഷണം പാക്ക് ചെയ്യേണ്ട മികവാര്‍ന്ന ശൈലികളും പഠിപ്പിക്കും. പൈലറ്റ് പരീക്ഷണം വിജയമായാല്‍ ഇന്ത്യയിലുടനീളമുള്ള തെരുവ് കച്ചവടക്കാര്‍ സൊമാറ്റോ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ ഇടം പിടിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: