വാഷിങ്ടണ്‍: ചൈന ഉയര്‍ത്തുന്ന വെല്ലുവിളി എന്തുതന്നെ ആയാലും യുഎസ് അതിനെ നേരിടുമെന്ന് ശക്തമായ താക്കീത് നല്കി പ്രസിഡന്റ് ജോബൈഡന്. യുഎസ് തൊഴില്‍ അവസരങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ദോഷം വരുത്തുന്ന വിധത്തില്‍ ചൈന നടത്തി വരുന്ന വ്യാപാര ദുരുപയോഗം എത്രയും പെട്ടന്ന് അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ രാജ്യം ശക്തമായ നടപടികള്‍ തന്നെ കൈക്കൊള്ളും. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
അമേരിക്കയുടേയും മറ്റ് ലോകരാഷ്ട്രങ്ങളുടേയും പ്രശ്നങ്ങളില്‍ ആവശ്യമില്ലാതെ തലയിട്ടാല്‍ ഇതിനെതിരെ ഇടപെടലുകള്‍ നടത്താന്‍ തങ്ങള്‍ക്കും ഒരു മടിയില്ല. ചൈന ഉയര്‍ത്തുന്ന വെല്ലുവിളി എന്തു തന്നെ ആയാലും അതിനെതിരെ ശക്തമായ നടപടി തന്നെ സ്വീകരിക്കുമെന്നും ബൈഡന് പറഞ്ഞു.
ചൈനയുടെ വ്യാപാര ദുരുപയോഗങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം അങ്ങനെ ചെയ്തുവെന്ന് ഉറപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് യുഎസ് നേരത്തേയും അറിയിച്ചിരുന്നതാണ്. കോവിഡിനെ തുടര്‍ന്ന് ട്രംപിന്റെ കാലത്തും യുഎസ് ചൈന ബന്ധം വഷളായിരുന്നു. തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാര യുദ്ധം ഉടലെടുക്കുകയും ചെയ്തിരുന്നതാണ്.
അതിനിടെ കാലാവസ്ഥാ വ്യതിയാനം, പകര്‍ച്ചവ്യാധികള്‍, ആണവ്യാപനം തുടങ്ങിയ ഭീഷണികളെ നേരിടല്‍ യുഎസ് കൂടുതല്‍ ശക്തമാക്കും. റഷ്യയെ കൂടുതല്‍ ഫലപ്രദമായി പ്രതിരോധിക്കാനും തനിക്ക് സാധിക്കുമെന്നും ബൈഡന് പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് പുടിന് പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ച അദ്ദേഹം കൂടുതല്‍ കര്‍ശനമായ ഉപരോധങ്ങള്‍ അമേരിക്ക ആസൂത്രണം ചെയ്യുകയാണെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: