മൂന്നു മാസത്തിനകം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തുടര്‍ച്ച ലഭിക്കാന്‍ എന്തും ചെയ്യുമെന്ന അവസ്ഥയില്‍ എത്തിയിരിക്കുകയാണ് പിണറായി വിജയന് നേതൃത്വം നല്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നേടിയ അപ്രതീക്ഷിത വിജയം മുന്‍നിര്‍ത്തിയുള്ള അവകാശവാദങ്ങള്‍ ഇപ്പോള്‍ ആവിയായിപ്പോയിരിക്കുന്നു. അധികാരത്തില്‍ തുടരുകയാണെങ്കിലും ഇടതുമുന്നണി അസ്ഥിരപ്പെട്ടിരിക്കുകയാണ്. എന്‍സിപി എന്നത് കേരളത്തില്‍ ഒരു ഈര്‍ക്കില്‍ പാര്‍ട്ടിയാണ്. അതിലെ ചില ആളുകള്‍ പോലും പാലാ സീറ്റിന്റെ പേരില്‍ മുന്നണിയെ ദിനംതോറും വെല്ലുവിളിക്കുന്നു. മുഖ്യമന്ത്രി പിണറായി നേരിട്ട് ചര്‍ച്ചയ്ക്കു വിളിച്ചിട്ടും മുഖത്തു നോക്കി കാര്യം പറയാന്‍ കഴിയുന്നില്ല. ജോസ് കെ. മാണിയെ മുന്നണിയിലെടുത്തതിന്റെ ആവേശം കെട്ടടങ്ങിയിരിക്കുന്നു. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ എല്‍ഡിഎഫില്‍നിന്ന് ആരൊക്കെ മറുകണ്ടം ചാടുമെന്ന് പറയാനാവില്ല. ഈ സാഹചര്യത്തിലാണ് എന്തു ചെയ്തും അധികാരത്തില്‍ തുടരാന്‍ സിപിഎം ശ്രമിക്കുന്നത്. പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളെയും വേണ്ടപ്പെട്ടവരെയും സര്‍ക്കാരുദ്യോഗത്തില്‍ തിരുകിക്കയറ്റിയും, പാര്‍ട്ടിക്കൂറുള്ള താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയും കടുത്ത സ്വജനപക്ഷപാതമാണ് അരങ്ങേറുന്നത്.
തിരുവനന്തപുരത്തെ നാടാര്‍ ക്രൈസ്തവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള മന്ത്രിസഭാ തീരുമാനമാണ് മറ്റൊന്ന്. സാമുദായിക സംവരണത്തിനു മാത്രമേ ഭരണഘടനാ സാധുതയുള്ളൂ. നിലവിലുള്ള നിയമം അനുസരിച്ച് മതപരമായ സംവരണം അനുവദനീയമല്ല. ആന്ധ്ര ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ മതപരമായ സംവരണം നല്‍കിയത് കോടതി റദ്ദാക്കിയിരുന്നു. ഒബിസി വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന സംവരണം നാടാര്‍ ക്രൈസ്തവര്‍ക്ക് നല്‍കാനുള്ള തീരുമാനവും കോടതി കയറുമെന്ന് ഉറപ്പാണ്. ഇങ്ങനെ സംഭവിക്കുമെന്ന് സര്‍ക്കാരിനും അറിയാം. ഞങ്ങള്‍ ചെയ്യാനുള്ളത് ചെയ്തിരിക്കുന്നു എന്നു വരുത്തിത്തീര്‍ക്കുകയാണ് പിണറായി സര്‍ക്കാരിന്റെ തന്ത്രം. തെരഞ്ഞെടുപ്പിനു ശേഷം ഈ തീരുമാനത്തിന് എന്തു സംഭവിച്ചാലും തങ്ങള്‍ക്ക് പ്രശ്നമില്ല എന്നതാണ് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും നിലപാട്. മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഇത് ഒരുതരം കബളിപ്പിക്കലാണ്. ഇത്തരം തന്ത്രങ്ങള്‍ എന്തൊക്കെ പയറ്റാമെന്ന് ഗവേഷണം നടത്തി കണ്ടുപിടിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച അവസാന ബജറ്റു തന്നെ ജനങ്ങളെ എങ്ങനെ കബളിപ്പിക്കാമെന്നതിന്റെ സാക്ഷ്യപത്രമായിരുന്നല്ലോ.
അധികാരത്തിലിരുന്ന കാലമത്രയും കേന്ദ്ര വിരുദ്ധ വികാരം കുത്തിപ്പൊക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് പിണറായി സര്‍ക്കാര്‍ ശ്രമിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ലോപമായ സഹകരണത്തിലൂടെ ആലപ്പുഴ ബൈപാസ് ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ ഈ കുപ്രചാരണം അവസാനിപ്പിക്കേണ്ടി വന്നു. ദേശീയപാതാ വികസനത്തിനും കൊച്ചി മെട്രോക്കുമൊക്കെയായി കേന്ദ്ര പൊതു ബജറ്റിലൂടെ ഭീമമായ തുക അനുവദിച്ചതു വഴി ഇനിയങ്ങോട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ലെന്നു മനസ്സിലായി. കേന്ദ്ര ബജറ്റിനെതിരെ ചില വാചകമടികള്‍ നടത്തി ജനശ്രദ്ധ തിരിക്കാനാണല്ലോ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ശ്രമിച്ചത്. വാസ്തവത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വലിയ വിജയമൊന്നും നേടിയിട്ടില്ലെന്ന് നേതാക്കള്‍ക്ക് നല്ലതുപോലെ അറിയാം. ഇതിന്റെ ബലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്നും ഇവര്‍ക്കറിയാം. അവശേഷിക്കുന്ന ഒരേയൊരു മാര്‍ഗം മതധ്രുവീകരണമുണ്ടാക്കി നേട്ടം കൊയ്യാനാവുമോ എന്നു നോക്കലാണ്. ഇതിന്റെ ഭാഗമായി മാത്രമേ നാടാര്‍ ക്രൈസ്തവര്‍ക്ക് സംവരണം നല്‍കാനുള്ള തീരുമാനത്തെയും കാണാനാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: