ന്യൂദൽഹി : വിദേശതാരങ്ങളെ കൂട്ടുപിടിച്ച് സോഷ്യൽ മീഡിയ വഴി കര്‍ഷകസമരത്തെ വന്‍പ്രക്ഷോഭമാക്കി അവതരിപ്പിച്ച് മോദി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള തല്‍പരകക്ഷികളുടെ ഗൂഢതന്ത്രങ്ങള്‍ പൊളിഞ്ഞു.
കര്‍ഷകസമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്ത പോപ്പ് ഗായിക റിഹാനെയ്‌ക്ക് ട്വിറ്ററില്‍10 കോടിപേരുടെ പിന്തുണയുണ്ട്. സ്വീഡന്‍കാരിയായ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ് ട്യുന്‍ബര്‍ഗിന് 48 ലക്ഷം പേരാണ് പിന്തുണയ്‌ക്കുന്നത്. ഇവര്‍ കര്‍ഷകസമരത്തിന് അനുകൂലമായി ട്വീറ്റ് ചെയ്യുന്നതോടെ മോദി സര്‍ക്കാരിനെതിരെ വലിയൊരു ആഗോളതരംഗം സൃഷ്ടിക്കാനാവുമെന്നാണ് തല്‍പരകക്ഷികള്‍ കണക്കുകൂട്ടുന്നത്. ഈ ഗൂഢാലോചനയുടെ ഭാഗമായി രാഹുല്‍ ഗാന്ധി വിദേശത്ത് കൂടിക്കാഴ്ചകള്‍ നടത്തിയതായി ബിജെപി വക്താവ് സംബിത് പാത്ര ആരോപിച്ചിരുന്നു.
റിഹാന കര്‍ഷകസമരത്തെ ട്വീറ്റ് ചെയ്തയുടന്‍ കാനഡയിലെ എംപിയായ ജഗ്മീത് സിംഗ് അതിനെ അനുകൂലിച്ചിരുന്നു. ഇതോടെ വിദേശത്തുള്ളവരുടെ ട്വീറ്റുകള്‍ ആസൂത്രിതമാണെന്ന ആരോപണമുണ്ടായി. വിദേശകാര്യമന്ത്രാലയം ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് പത്രക്കുറിപ്പിറക്കി. അതില്‍ രണ്ട് ടാഗുകളും അവര്‍ കൊണ്ടുവന്നു- ഇന്ത്യാടുഗെതര്‍, ഇന്ത്യ എഗെയിന്‍സ്റ്റ് പ്രൊപ്പഗന്‍ഡ എന്നിവയായിരുന്നു ഈ ടാഗുകള്‍. പിന്നീട് ഈ ടാഗുകള്‍ പിന്തുണച്ച് ബോളിവുഡ് താരങ്ങളായ അക്ഷയ്‌കുമാര്‍, കരണ്‍ജോഹര്‍, അജയ് ദേവ്ഗണ്‍, സുനില്‍ഷെട്ടി, കങ്കണറണാവത്ത് എന്നിവര്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ട്വീറ്റുകള്‍ ചെയ്തു. ഗ്രെറ്റ ട്യുന്‍ബര്‍ഗാകട്ടെ ഇന്ത്യയില്‍ മുകേഷ് അംബാനിയുടെയും അദാനിയുടെയും ഓഫീസുകള്‍ക്കുമുന്നിലും എംബസികള്‍ക്ക് മുന്‍പിലും ഇന്ത്യയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്‍പിലും സമരം ചെയ്യാനും ആഹ്വാനം ചെയ്തതോടെ ഇന്ത്യയിലെ പലരുടെയും ആത്മാഭിമാനം ഉണര്‍ന്നു. ഇതോടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി, അനില്‍ കുംബ്ലെ, യുവരാജ് സിംഗ്, പ്രഗ്യാന്‍ ഓജ തുടങ്ങി ഒട്ടേറെ താരങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രംഗത്തെത്തി. ഇതോടെ ഇന്ത്യടുഗെദര്‍ എന്ന ടാഗ് ട്വിറ്ററില്‍ കൂടുതല്‍ ജനപ്രിയമായി.
മണിക്കൂറുകൾക്കുള്ളിൽ 2 ലക്ഷം കവിഞ്ഞിരിക്കുകയാണ് ഈ ഹാഷ് ടാഗ്. സച്ചിനു പിന്നാലെ രണ്ട് ലക്ഷത്തിനാലായിരം പേരാണ് ഈ ഹാഷ് ടാഗ് അവരുടെ ട്വീറ്റുകളില്‍ പങ്കുവെച്ചത്. ഇതോടെ കര്‍ഷകസമരക്കാര്‍ മുന്നോട്ട് വെച്ച ഫാർമേഴ്സ് പ്രൊട്ടസ്റ്റ് എന്ന ഹാഷ് ടാഗിനെ പിന്തള്ളി ഇന്ത്യ ടുഗെതർ എന്ന ഹാഷ് ടാഗ് മുന്നോട്ട് വന്നിരിക്കുകയാണ്.
















