കണ്ണൂര്‍: ദേശീയ തലത്തില്‍ കോവിഡ് നിരക്ക് 1.82 ശതമാനമെങ്കില്‍ കേരളത്തില്‍ അത് 11.2 ശതമാനമാണ്. എന്നിട്ടും കേരളത്തില്‍ അധികാരം പിടിക്കാന്‍ മന്ത്രിമാരെ വിട്ട് അദാലത്തുകള്‍ സംഘടിപ്പിക്കുന്നതിന് പിണറായി സര്‍ക്കാരിന് മടിയില്ല. കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി വ്യാഴാഴ്ച കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ നടന്ന അദാലത്തുകളിലൊന്നില് പങ്കെടുത്തത് നാഴികക്ക് നാല്പത് വട്ടം കോവിഡ് പ്രോട്ടോക്കോളിനെപ്പറ്റി പ്രസംഗിക്കുന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജയും.
തളിപ്പറമ്പില്‍ നടന്ന അദാലത്തില്‍ ഗുരുതരമായ പ്രോട്ടോക്കോള്‍ ലംഘനം നടന്നതായി പറയപ്പെടുന്നു. ഇവിടെ തിക്കിത്തിരക്കിയ ജനക്കൂട്ടം സാമൂഹ്യഅകലം പാലിച്ചില്ലെന്ന് മാത്രമല്ല, പലരും മുഖംമൂടി പോലും ധരിക്കാതെയാണ് ജീവല്‍പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എത്തിയത്. മന്ത്രിമാരായ കെ.കെ. ശൈലജ, ഇ.പി. ജയരാജന്, കടന്നപ്പള്ളി രാമചന്ദ്രന് എന്നിവരാണ് അദാലത്തില്‍ പങ്കെടുത്തത്.
കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടന്ന ഐശ്വര്യകേരളയാത്രയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഇതേ തളിപ്പറമ്പ് പൊലീസ് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാപ്രസിഡന്റ് സതീശന് പാച്ചേനി ഉള്‍പ്പെടെ 400 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ ഇടതുമന്ത്രിമാരുടെ അദാലത്തില്‍ പൊലീസ് അനുസരണയുള്ള ആട്ടിന്കുട്ടികളെപ്പോലെ പങ്കെടുത്തതായും വിമര്‍ശനമുയരുന്നു.
പങ്കെടുക്കാനെത്തിയവര്‍ക്ക് കസേര നല്‍കിയിരുന്നെങ്കിലും പുറത്ത് ആള്‍ക്കുട്ടം തിങ്ങിഞെരുങ്ങി നില്‍ക്കുകയായിരുന്നുവെന്ന് പറയുന്നു. മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടിയായതിനാല്‍ പൊലീസ് നോക്കുകുത്തികളായിരുന്നത്രെ.
കഴിഞ്ഞ ദിവസം ഇത്തരമൊരു അദാലത്തില്‍ പങ്കെടുത്ത മന്ത്രി കടകംപള്ളി സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മന്ത്രിയുമായി ഇവിടെ നേരിട്ട് ഇടപെടേണ്ടിവന്ന ആയിരക്കണക്കിന് പേര് ആശങ്കയുടെ നിഴലിലാണ് ഇപ്പോള്‍. ഇത്രയൊക്കെയായിട്ടും കോവിഡ് പ്രോട്ടോക്കോള്‍ കാറ്റില്പറത്തിക്കൊണ്ടുള്ള അദാലത്തുകളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാര്‍ നീക്കമെന്നറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: