റിയാദ്: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണങ്ങളുമായി സൗദി അറേബ്യ. അടുത്ത പത്ത് ദിവസത്തേയ്‌ക്ക് രാജ്യത്ത് എല്ലാത്തരം വിനോദ പരിപാടികളും നിർത്തിവയ്‌ക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹോട്ടലുകളിലും വിവാഹ ഹാളുകളിലും നടക്കുന്ന എല്ലാവിധ ചടങ്ങുകൾക്കും വിലക്ക് ഏർപ്പെടുത്തി.
സിനിമ, ഇൻഡോർ വിനോദ സ്ഥാപനങ്ങൾ എന്നിവ അടച്ചിടും. ഷോപ്പിങ് മാളുകളിലും മറ്റും പ്രവർത്തിക്കുന്ന ജിംനേഷ്യം, കായിക കേന്ദ്രങ്ങൾ എന്നിവയും തുറന്ന് പ്രവർത്തിക്കരുത്. റസ്റ്ററന്റുകളിൽ ഡൈനിങ് അനുവദിക്കില്ല. അതേസമയം പാർസൽ സർവീസ് തുടരാം. വിലക്ക് ലംഘിച്ചാൽ സ്ഥാപനം ഒരു മാസം വരെ അടപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ വിലക്ക് നീട്ടിയേക്കാം. സാമൂഹിക ചടങ്ങുകളിൽ അടുത്ത പത്ത് ദിവസത്തേയ്‌ക്ക് 20 പേരെ മാത്രമേ പങ്കെടുപ്പിക്കാൻ അനുവാദമുള്ളൂ. നിയന്ത്രണങ്ങൾ ഇന്ന് രാത്രി പത്ത് മണിമുതൽ പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച രാത്രി മുതൽ ഇന്ത്യ, യുഎഇ ഉൾപ്പടെ 20 രാജ്യങ്ങളിൽ നിന്നുള്ള പ്രവേശനം സൗദി വിലക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: