ന്യൂദല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനും അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് രവീണ് തുക്രലിനുമെതിരെ നിയമനടപടി എടുക്കുമെന്ന മുന്നറിയിപ്പുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. താന്‍ കേന്ദ്ര കൃഷിനിയമങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് കാണിക്കുന്ന ‘വ്യാജ വീഡിയോ’ പങ്കുവച്ചുവെന്ന് ആരോപിച്ചാണ് കെജ്രിവാള് രംഗത്തെത്തിയത്.
ഉടന്‍ വീഡിയോ പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കെജ്രിവാള്ട്വിറ്ററില് കുറിച്ചു. രാഷ്ട്രീയ നേട്ടത്തിനായി ‘വ്യാജ വീഡിയോ’ പങ്കുവയ്ക്കുന്നത് അമരീന്ദര്‍ സിംഗിന്റെ നിരുത്തരവാദിത്വമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഞ്ചാബ് മുഖ്യമന്ത്രിയുടെ വൃത്തികെട്ട രാഷ്ട്രീയ പ്രചാരണവും തെറ്റായ വീഡിയോയും നിയമത്തിന്റെ ഉരുക്കുമുഷ്ടികൊണ്ട് നേരിടുമെന്ന് കെജ്രിവാള് വ്യക്തമാക്കി.
കാണാതായ പഞ്ചാബിന്റെ കുട്ടികളുടെയും കൃഷി നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന ആയിരക്കണക്കിന് കര്‍ഷകരുടെയും കാര്യങ്ങള്‍ നോക്കുന്നതിന് പകരം അമരീന്ദര്‍ സിംഗ് രാഷ്ട്രീയം കളിക്കുന്ന തിരക്കിലാണെന്ന് ദല്‍ഹി മുഖ്യമന്ത്രി വിമര്‍ശിച്ചു. ബിജെപി മുഖ്യമന്ത്രിയെ പോലെയാണ് പെരുമാറുന്നതെന്നും ആരോപിച്ചു. ‘അമരീന്ദര്‍ സിംഗ് ബിജെപിയുടെ വക്താവല്ലാതെ മറ്റൊന്നുമല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണെന്നു’ കെജ്രിവാള് പരിഹസിച്ചു.
കെജ്രിവാള് കൃഷിനിയമങ്ങളെ അനുകൂലിച്ച് സംസാരിക്കുന്ന വീഡിയോ നേരത്തേ ബിജെപി വക്താവ് സംപിത് പത്ര ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. 70 വര്‍ഷത്തിനിടെയിലെ കാര്‍ഷിക മേഖലയിലെ ഏറ്റവും നല്ല പരിഷ്കാരമാണിതെന്നും നിയമങ്ങള്‍ പ്രകാരം വിളകള്‍ എവിടെ വേണമെങ്കിലും വില്ക്കാന് കഴിയുമെന്നതിനാല്‍ ഇത് കര്‍ഷകര്‍ക്ക് മികച്ച വില ലഭ്യമാക്കുമെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: