കോഴിക്കോട്: കത്വ, ഉന്നാവ് സംഭവവുമായി ബന്ധപ്പെട്ട് പിരിവ് നടത്തി പണം തട്ടിയെന്ന ആരോപണത്തില്‍ പി.കെ. ഫിറോസും, സി.കെ. സുബൈറും സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് മന്ത്രി കെ.ടി. ജലീല്‍. പണപ്പിരിവ് നടത്തി സ്വകാര്യ ആവശ്യങ്ങള്‍ക്കായി ചലവഴിച്ചെന്ന പരാതിയില്‍ കഴമ്പില്ലെങ്കില്‍ ഇരുവരും സ്വയം തെളിയിക്കണം.
യൂത്ത് ലീഗ് നേതാക്കളുടെ അവിഹിത സമ്പാദ്യം, വീടുകള്‍, വിദേശയാത്രകള്‍ എന്നിവ സംബന്ധിച്ചെല്ലാം അന്വേഷണം നടത്തേണ്ടതുണ്ട്. കേസ് തേച്ചുമാച്ച് കളയാമെന്ന് മുസ്ലിം ലീഗോ, യൂത്ത് ലീഗോ വിചാരിക്കേണ്ട. കത്വ ഫണ്ട് എങ്ങിനെ ചെലവഴിച്ചുവെന്നത് മുസ്ലിം ലീഗ് വ്യക്തമാക്കണം.
ധനസമാഹരണത്തിനായി മലപ്പുറം ജില്ലയില്‍ പിരിവ് നടന്നിട്ടില്ലെന്നാണ് പാര്‍ട്ടി മുഖപത്രത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ താന്‍ പങ്കെടുത്ത പള്ളിയില്‍ പണപ്പിരിവ് നടന്നിട്ടുണ്ട്. ഗുജറാത്ത് ഫണ്ട് പോലെയാകരുത്. കത്വ, ഉന്നാവ് സംഭവത്തില്‍ കണക്ക് വേണമെന്നും താനാവശ്യപ്പെട്ടതാണെന്നും ജലീല്‍ അറിയിച്ചു.
ഫണ്ട് തട്ടിപ്പ് ലീഗ് നേതൃത്വം പതിവാക്കുകയാണ്. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചു വരവ് അഴിമതിക്ക് നേരെ കണ്ണടയ്ക്കാനുള്ള തന്ത്രമാണ്. യൂത്ത് ലീഗിന്റെയും എംഎസ്എഫിന്റെയും പണപ്പിരിവിന്റെ കണക്ക് ചോദിക്കാത്തതിന് പകരമായാണ് കുഞ്ഞാലികുട്ടിയുടെ മടങ്ങി വരവിനെ സ്വാഗതം ചെയ്യുന്നത്. എല്ലാത്തിനും മാധ്യമങ്ങളെ കാണുന്ന പി.കെ. ഫിറോസ് ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്.
ഇത്തരം ആവശ്യങ്ങള്‍ക്കായി ജനങ്ങളില്‍ നിന്നും ഇനിയെങ്കിലും ഒരു രൂപപോലും പിരിക്കരുതെന്നാണ് മുസ്ലിം ലീഗിനോടും യൂത്ത് ലീഗിനോടും തനിക്ക് പറയാനുള്ളത്. മുമ്പ് സുനാമി ഫണ്ടും ഗുജറാത്ത് ഫണ്ടും ലീഗാണ് പിരിച്ചത്. അന്ന് കുറ്റകരമായ അനാസ്ഥയാണ് അവര്‍ കാണിച്ചത്. അതിനെതിരേയാണ് താന്‍ ശക്തമായി ശബ്ദം ഉയര്‍ത്തിയത്. തെറ്റ് ചൂണ്ടിക്കാണിച്ചതിന്റെ പേരിലാണ് തന്നെ പുറത്താക്കപ്പെട്ടതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: