കൊല്ലം: തൊഴിലാളികള്‍ക്ക് ശുഭപ്രതീക്ഷ നല്കി കേന്ദ്രസര്‍ക്കാര്‍ സഹായത്താല്‍ ചാത്തന്നൂര്‍ സഹകരണ സ്പിന്നിംഗ് മില്ലിന്റെ പ്രവര്‍ത്തനം വീണ്ടും ആരംഭിച്ചു. ഓണ്‍ലൈന്‍ വഴി മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. വ്യവസായമന്ത്രി ഇ.പി. ജയരാജന് അധ്യക്ഷനായി.
രണ്ടര വര്‍ഷമായി ലേ ഓഫിലായ സ്പിന്നിംഗ് മില്ലിലെ തൊഴിലാളികള്‍ പട്ടിണിയിലായിരുന്നു. മുഴുപട്ടിണിയിലേക്ക് നീങ്ങുമ്പോഴാണ് തൊഴിലാളികള്‍ക്ക് നേരിയ പ്രതീക്ഷയുണര്‍ത്തി പുതിയ മിഷനറികള് സ്ഥാപിച്ചു കൊണ്ട് പ്രവര്‍ത്തനത്തിന് തുടക്കമിടുന്നത്. ഉദ്ഘാടനം നടന്നുവെങ്കിലും ജോലി ആരംഭിച്ചിട്ടില്ല. ഇപ്പോള്‍ ട്രയല്‍ റണ്‍ ആണ് നടക്കുന്നത്. തൊഴിലാളികള്‍ക്ക് പുതിയ മെഷീനില്‍ ട്രെയിനിങ് ആരംഭിച്ചിട്ടില്ല.
ഇതിനിടയില്‍ പഴയ മെഷിനറികളും സ്ഥാനം പിടിച്ചത് ഉദ്ഘാടനത്തിന്റെ ശോഭ കെടുത്തി. വൈന്റിങ് സെക്ഷനിലാണ് ഇവിടെ നിന്ന് തന്നെ പൊളിച്ചു മാറ്റിയ മെഷിനറികള്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഇത് പുതിയ മിഷനറികള് വരുന്ന മുറയ്ക്ക് മാറ്റുമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞു. ജി.എസ്. ജയലാല്‍. എം എല്‍ എ, മില്‍ ചെയര്മാന് ജോര്‍ജ്മാത്യു, എന്‍. അനിരുദ്ധന്, ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. ദിജു, മുഹമ്മദ് ഹനീഷ്, മാനേജിങ് ഡയറക്ടര്‍ ഉമേഷ് കൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
തികഞ്ഞ അല്‍പ്പത്തം: യുവമോര്‍ച്ച
ചാത്തന്നൂര്‍ സ്പിന്നിംഗ് മില്ലിന്റെ നവീകരണത്തിന് വേണ്ടി നാഷണല്‍ കോ-ഒപ്പറേറ്റീവ് ഡെവലപ്പ്മെന്റ് കോര്പറേഷന് 45 കോടി രൂപ സഹായം നല്‍കിയത് മറച്ചുവച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടി തികഞ്ഞ അല്‍പ്പത്തമാണ്. മുഖ്യമന്ത്രിയും, വ്യവസായമന്ത്രിയും, ചാത്തന്നൂര്‍ എംഎല്‍എയും ഈ അല്പത്തരത്തിന്റെ അപ്പോസ്തലന്മാരാണ്. കഴിഞ്ഞ അഞ്ച് വര്‍ഷവും സ്പിന്നിംഗ് മില്ലിന് വേണ്ടി ചെറുവിരല്‍ അനക്കാത്ത സ്ഥലം എംഎല്‍എയുടെ ഈ ഇലക്ഷന് സ്റ്റണ്ട് ജനങ്ങള്‍ തിരിച്ചറിയുമെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: