കണ്ണൂരില്‍ പാര്‍ട്ടി ഗ്രാമമായ കരിവള്ളൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിന് സിപിഎമ്മിന്റെ ഭീഷണിയെത്തുടര്‍ന്ന് സ്വര്‍ണപ്പണിക്കാരനെ കടയൊഴിപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണ്. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ടി.വി. പ്രമോദും ഭാര്യ ബിന്ദുവും ബിജെപി സ്ഥാനാര്‍ത്ഥികളായിരുന്നു. ഇതിന്റെ പ്രതികാരമായാണ് മുപ്പത് വര്‍ഷത്തിലേറെയായി സ്വര്‍ണപ്പണി നടത്തിക്കൊണ്ടിരുന്ന കടയില്‍നിന്ന് ഉടമസ്ഥനെ ഭീഷണിപ്പെടുത്തി പ്രമോദിനെ ഒഴിപ്പിച്ചത്. ഈ കടയില്‍ തന്നെയാണ് പ്രമോദിന്റെ ഭാര്യ തുന്നല്‍ ജോലി ചെയ്തുകൊണ്ടിരുന്നതും. ഫലത്തില്‍ ഒരു കുടുംബം വഴിയാധാരമായിരിക്കുകയാണ്. കണ്ണൂര്‍ ജില്ലയില്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കൂടാളി പഞ്ചായത്തില്‍ മത്സരിച്ച് ജയിച്ച കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി വോട്ടര്‍മാരോട് നന്ദി പറയാന്‍ എത്തിയപ്പോള്‍ സിപിഎമ്മുകാര്‍ സംഘടിതമായി ആക്രമിച്ചിരുന്നു. ആന്തൂരില്‍ സിപിഎമ്മിന്റെ ഭീഷണിയെ വകവയ്ക്കാതെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായ രണ്ട് ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ച് അവരെ കൊലപ്പെടുത്താനുള്ള ശ്രമം നടന്നു. സംസ്ഥാനത്ത് മറ്റിടങ്ങളിലും തെരഞ്ഞെടുപ്പില്‍ മത്സരിച്ച രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ സിപിഎമ്മുകാര്‍ അക്രമം അഴിച്ചുവിടുകയുണ്ടായി. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടും സമ്മതത്തോടും സഹായത്തോടും കൂടിയാണ് ജനാധിപത്യബോധം തൊട്ടുതെറിക്കാത്ത വിധം ഇത്തരം അക്രമങ്ങള്‍ സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അധികാരമുള്ളതിനാല്‍ പോലീസിനെ സ്വാധീനിച്ച് അക്രമികളെ സംരക്ഷിക്കുകയും ചെയ്യുന്നു.
വര്‍ഷങ്ങളായി കടുത്ത വിമര്‍ശനങ്ങളുയര്‍ന്നിട്ടും കണ്ണില്‍ച്ചോരയില്ലാതെ പാവപ്പെട്ട മനുഷ്യരെ ദ്രോഹിക്കുന്നത് പാര്‍ട്ടി പരിപാടിപോലെ സിപിഎം കൊണ്ടുനടക്കുകയാണ്. കണ്ണൂരില്‍ തന്നെ ചിത്രലേഖയെന്ന ദളിത് യുവതിക്ക് ഓട്ടോറിക്ഷ ഓടിക്കാന്‍ അനുവദിക്കാതെ ഊരുവിലക്ക് കല്‍പ്പിക്കുകയുണ്ടായി. ഇവര്‍ക്ക് നേരത്തെ അനുവദിക്കപ്പെട്ട വീടുപോലും സിപിഎം അധികാരത്തില്‍ വന്നപ്പോള്‍ നിഷേധിച്ചു. വടകരയില്‍ പാര്‍ട്ടി ശാസന ധിക്കരിച്ചതിന് വിനീത കോട്ടായി എന്ന വനിതയെ സ്വന്തം വീട്ടിലെ അടയ്ക്കപോലും എടുക്കാന്‍ അനുവദിക്കാതെ വര്‍ഷങ്ങളോളമാണ് സിപിഎം പീഡിപ്പിച്ചത്. രാജ്യവ്യാപകമായിപ്പോലും ഈ സംഭവം ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും സിപിഎം എന്ന പാര്‍ട്ടി മനുഷ്യത്വവിരുദ്ധമായ ഒരു സംവിധാനമായാണ് പ്രവര്‍ത്തിക്കുക. തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരും അല്ലാത്തവരുമെന്ന രീതിയില്‍ പാര്‍ട്ടി ജനങ്ങളെ വിഭജിക്കും. തങ്ങള്‍ക്കെതിരായവരെയും ഒപ്പമില്ലാത്തവരെയും അവഗണിക്കുകയും ആക്രമിക്കുകയും ഊരുവിലക്കുകയും ചെയ്യും. ഗത്യന്തരമില്ലാതെ കീഴടങ്ങി നിശ്ശബ്ദരാകുന്നവര്ക്കും, പാര്‍ട്ടിയോട് കൂറു പ്രഖ്യാപിക്കുന്നവര്‍ക്കും നാട്ടില്‍ ജീവിക്കാം. അല്ലാത്തവര്‍ അനുഭവിക്കേണ്ടിവരും. സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഇത്തരം അതിക്രമങ്ങളെ അനുകൂലിക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ ആണ് ഭൂരിപക്ഷം സാംസ്കാരിക നായകന്മാരും ചെയ്യുക. ഇവര്‍ക്ക് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും വക പട്ടും വളയും കിട്ടിക്കൊണ്ടിരിക്കും. എതിര്‍ക്കുന്നവരെ എല്ലാവിധത്തിലും ഒറ്റപ്പെടുത്തും.
ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു പാര്‍ട്ടിയല്ല സിപിഎം. ജനാധിപത്യം അവരുടെ പ്രത്യയശാസ്ത്രത്തിന് കടകവിരുദ്ധമാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് അധികാരം പിടിക്കാന്‍ മാത്രമാണ്. ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്തതുകൊണ്ട് തെരഞ്ഞെടുപ്പിനെ പ്രഹസനമാക്കി മാറ്റാന്‍ സിപിഎമ്മിന് മടിയില്ല. ജനാധിപത്യത്തെ ഉള്ളില്‍നിന്ന് തകര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നത്. കള്ളവോട്ടു തടയാന്‍ ശ്രമിച്ച പ്രിസൈഡിങ് ഓഫീസറുടെ കാലുവെട്ടുമെന്ന് പാര്‍ട്ടി എംഎല്‍എ തന്നെ ഭീഷണിപ്പെടുത്തുന്നത് ഇതുകൊണ്ടാണ്. ഇതു ചെയ്ത എംഎല്‍എയെ കുറ്റവിമുക്തനാക്കുന്നവിധത്തില് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പ്രസ്താവന നടത്തിയത് പോലീസിനുള്ള നിര്‍ദ്ദേശമാണ്-ശിക്ഷിക്കപ്പെടരുത്. സംസ്ഥാനത്തിന്റെ ഭരണാധിപനാണെങ്കിലും സിപിഎം നേതാവായ പിണറായി ഇങ്ങനെ പറയാന്‍ ബാധ്യസ്ഥനാണ്. പിണറായിയുടെ ട്രാക്ക് റെക്കോര്‍ഡ് പരിശോധിക്കുന്നവര്‍ക്ക് ഇതില്‍ അദ്ഭുതം തോന്നില്ല. യഥാര്‍ത്ഥ ജനാധിപത്യം വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ്. എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെ ഇല്ലാതാക്കുകയും, അവരുടെ ജീവിതം തുലയ്ക്കുകയും ചെയ്യുന്നവര്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമുണ്ടാവാന്‍ പാടില്ല. ജനാധിപത്യത്തിന്റെ ആനുകൂല്യങ്ങള്‍ അനുഭവിക്കാന്‍ ഇവരെ അനുവദിക്കരുത്. അതിനുള്ള അവസരം തെരഞ്ഞെടുപ്പുകള്‍ തന്നെയാണ്. ജനാധിപത്യത്തിന്റെ വര്‍ഗശത്രുക്കളായ സിപിഎമ്മിനെ ജനാധിപത്യപരമായിത്തന്നെ ഇല്ലാതാക്കണം. ജനാധിപത്യ കേരളത്തിന്റെ നിലനില്‍പ്പിന് ഇത് ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: