തിരുവനന്തപുരം:വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തെക്കുറിച്ച് മിമിക്രി കലാകാരനായ കലാഭവന്‍ സോബി നല്കിയതെല്ലാം തെറ്റായ വിവരങ്ങളെന്ന് വ്യക്തമാക്കി സിബിഐ. ചിലരോടുള്ള വ്യക്തിവിരോധവും മാദ്ധ്യമശ്രദ്ധയും ലക്ഷ്യമിട്ടാണ് സോബി കളളത്തരങ്ങള്‍ പ്രചരിപ്പിച്ചതെന്നുമാണ് സി ബി ഐയുടെ കണ്ടെത്തല്‍. തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് സോബിക്കെതിരെ കേസെടുക്കുകയും ചെയ്തു.
മനുഷ്യക്കടത്ത് ഉള്‍പ്പടെ 20ഓളം വഞ്ചനാക്കേസുകള്‍ സോബിക്കെതിരെയുണ്ട്. ആളുകളില്‍ നിന്ന് പണം വാങ്ങി വിദേശത്തേയ്ക്കു കൊണ്ടുപോകാമെന്നു പറഞ്ഞു പറ്റിച്ചെന്നാണ് പരാതികള്‍. കലാഭവന്‍ സ്ഥാപകനായ ആബേലച്ചന്റെ മരണത്തില്‍ സോബിക്ക് പങ്കുണ്ടെന്ന ആരോപണവുമായി സഹോദരന് ജോണ്‍ പി. മാത്യു രംഗത്തെത്തിയിരുന്നു. സയനൈഡ് നല്കി കൊലപ്പെടുത്തിയെന്നു തനിക്ക് വിവരം ലഭിച്ചെന്നായിരുന്നു വെളിപ്പെടുത്തല്‍.
താന്‍ അപകടം കണ്ടു എന്നാണ് സോബി പറഞ്ഞത്. എന്നാല്‍ ഈ മൊഴി കള്ളമെന്ന് ആദ്യം തന്നെ സിബിഐ കണ്ടെത്തി. അപകടം നടന്ന് ഏറെ സമയം കഴിഞ്ഞാണ് സോബി അതുവഴി പോയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ബാലഭാസ്കറിന്റെ കാര്‍ ആക്രമിക്കുന്നത് കണ്ടുവെന്ന് പറഞ്ഞതും കളവാണെന്ന് സി ബിഐ കണ്ടെത്തി. സ്വര്‍ണക്കടത്തുകേസിലെ ഒരു പ്രതിയെ സ്ഥലത്ത് കണ്ടെന്ന മൊഴിയും തെറ്റാണെന്ന് ശാസ്ത്രീയ പരിശോധനയിലൂടെയും നുണപരിശോധനയിലൂടെയും കണ്ടെത്തി.
സോബിയുടെ മുന്‍ പങ്കാളിയായിരുന്ന യുവതിയുമായുളള വ്യക്തിവിരോധം തീര്‍ക്കാന്‍ അവരെയും ഈ സംഭവത്തിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു എന്ന് അന്വേഷണത്തില്‍ വ്യക്തമായി. കോതമംഗലം സ്വദേശിയായ യുവതി ഇപ്പോള്‍ ഇസ്രയേലിലാണ്. കേസ് ഒതുക്കാനായി ചിലര്‍ 100 കിലോ സ്വര്‍ണം വാഗ്ദാനം ചെയ്തുവെന്ന് സോബി പറഞ്ഞിരുന്നു. ഇതിനൊപ്പം കോതമംഗലം സ്വദേശിനി അയച്ചിട്ട് ഒരു സംഘം ആളുകള്‍ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തിയെന്നും ഇതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും സോബി പറഞ്ഞിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഇതൊന്നും ഹാജരാക്കാന്‍ സോബിക്ക് കഴിഞ്ഞിരുന്നില്ല.
ബാലഭാസ്കറിന്റെയും മകള്‍ തേജസ്വിനിയുടെയും മരണത്തിനിടയാക്കിയ കാറപകടം ആസൂത്രിതമല്ലെന്നും അമിതവേഗതയും അശ്രദ്ധയും കാരണമുണ്ടായതാണെന്നുമാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. കാറോടിച്ച ഡ്രൈവര്‍ അര്‍ജ്ജുനെതിരെ അപകടകരമായി വാഹനമോടിച്ചതിനും മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കും കേസെടുത്തു. ഇതുസംബന്ധിച്ച് ആയിരം പേജുള്ള കുറ്റപത്രം ഡിവൈ.എസ്.പി അനന്ദകൃഷ്ണന് ഇന്നലെ തിരുവനന്തപുരം സി.ജി.എം കോടതിയില്‍ സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് കണ്ടെത്തലിന് സമാനമാണ് സി. ബി. ഐയുടെ കണ്ടെത്തലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: