ചാത്തന്നൂര്‍: യുഡിഎഫ് ചാത്തന്നൂര്‍ നിയോജകമണ്ഡലം ചെയര്‍മാനെ മാറ്റിയതോടെ കോണ്‍ഗ്രസില്‍ വീണ്ടും കലാപം. എ ഗ്രൂപ്പുകാരനായ ചെയര്മാന് പരവൂര്‍ രമണനെ മാറ്റി ഐ ഗ്രൂപ്പുകാരനായ നെടുങ്ങോലം രഘുവിനെ പ്രതിഷ്ഠിച്ചതാണ് പ്രകോപനത്തിന് കാരണമായത്. തീരുമാനത്തില്‍ പ്രതിഷേധിച്ച് എ ഗ്രൂപ്പ് ഐശ്വര്യ കേരളയാത്രയുടെ സ്വാഗതസംഘം രൂപീകരണയോഗം ബാഹീഷ്കരിച്ചു.
ചാത്തന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സുന്ദരേശന്പിള്ളയുടെയും ഡിസിസി ജനറല്‍ സെക്രട്ടറി അടക്കമുള്ള 26 ഭാരവാഹികള്‍ രാജി വച്ചതിന് പിന്നാലെയാണ് എ ഗ്രൂപ്പ് കലാപം ഉയര്‍ത്തി യോഗം ബഹിഷ്കരിച്ചത്. യുഡിഎഫ് ജില്ലാ ചെയര്മാന് കെ.സി. രാജന് കൊടുത്ത ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് 15 വര്‍ഷത്തോളം ചെയര്മനായിരുന്ന എ ഗ്രൂപ്പിന്റെ പരവൂര്‍ രമണനെ മാറ്റിയത്. എ ഗ്രൂപ്പിന്റെ നോമിനിയെ അംഗീകരികാതെയും ഗ്രൂപ്പ് തല ചര്‍ച്ച നടത്താതെയും ഏകപക്ഷീയമായാണ് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ മണ്ഡലം ചെയര്‍മാന്റെ നിയമനം നടത്തിയതെന്നാണ് എ വിഭാഗത്തിന്റെ ആരോപണം. പ്രശ്നപരിഹാരം ഉണ്ടാകുംവരെ രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയ്ക്കുള്ള സ്വീകരണ പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കാനാണ് എ വിഭാഗം യോഗം കൂടി തീരുമാനിച്ചിട്ടുള്ളത്.
നിലവില്‍ ചാത്തന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിക്ക് നാഥനില്ലാത്ത അവസ്ഥയിലാണ്. രാജിവച്ച ബ്ലോക്ക് പ്രസിഡന്റിനെ കെപിസിസി ഇടപെട്ട് തുടരാന്‍ അനുവദിച്ചെങ്കിലും പ്രവര്‍ത്തകര്‍ അംഗീകരിച്ചിരുന്നില്ല. ഇതുകാരണം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗം പോലും ചേരാനാകാത്ത അവസ്ഥയായിരുന്നു. ഇതിനിടെ ഐഎന്‍ടിയുസി നേതാവും ഇക്കഴിഞ്ഞ ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുമായ മുന്‍ ഗ്രാമപഞ്ചായത്തംഗം പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു. പിന്നാലെ കൂടുതല്‍ പേര് കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നുണ്ട്. ഇതിനിടയില്‍ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ വോട്ടര്‍മാരെ കാണാനിറങ്ങുന്നതാണ് നേതൃത്വത്തിന് മറ്റൊരു തലവേദന. സ്ഥാനാര്‍ഥിയാണെന്ന് പറഞ്ഞു കൊണ്ട് ബൂത്ത് പ്രസിഡന്റുമാരെ വിളിച്ചതിന്റെ ശബ്ദസന്ദേശങ്ങളുമായി ഒരുവിഭാഗം കെപിസിസി നേതൃത്വത്തിന് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: