തെരഞ്ഞെടുപ്പ് കഴിഞ്ഞ് പാര്‍ലമെന്റ് ചേരാനിരിക്കെ അട്ടിമറിയിലൂടെ സൈന്യം അധികാരം പിടിക്കുകയും, ആങ് സാന്‍ സൂ ചി അടക്കമുള്ള നേതാക്കളെ തടവിലാക്കുകയും ചെയ്തിരിക്കുന്നത് ആ രാജ്യത്തെ ഒരിക്കല്‍ കൂടി രാഷ്ട്രീയ അസ്ഥിരതയിലേക്ക് തള്ളിയിടുമോ എന്ന ആശങ്ക പ്രബലമാക്കുകയാണ്. ഭരണകൂടത്തിന്റെ അധികാരം പിടിച്ചെടുത്ത സൈനിക മേധാവി മിന് ഓങ് ഹ്ലായിങ് ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. ഒരു വര്‍ഷത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മ്യാന്മറിന്റെ ചരിത്രം അറിയാവുന്നവര്‍ക്ക് ഇതൊരു വെറും വാക്കാണെന്ന് മനസ്സിലാവും. സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം നേടിയ ആങ് സാന്‍ സൂ ചിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി 2015 ല്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരുന്നതുവരെ, സ്വാതന്ത്ര്യലബ്ധിക്കുശേഷം ആറുപതിറ്റാണ്ടുകാലം മ്യാന്മര് സൈനിക ഭരണത്തിലായിരുന്നു. സൂ ചിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ലീഗ് ഫോര്‍ ഡമോക്രസി അഥവാ എന്‍എല്‍ഡിക്ക് ഭരിക്കാന്‍ അവസരം ലഭിച്ചെങ്കിലും അധികാരത്തിനുമേലുള്ള സൈന്യത്തിന്റെ പിടി പൂര്‍ണമായും അയഞ്ഞിരുന്നില്ല. പാര്‍ലമെന്റിന്റെ 25 ശതമാനം സീറ്റും സൈന്യത്തിന് സംവരണം ചെയ്തിരിക്കുകയാണ്. സര്‍ക്കാരില്‍ ആഭ്യന്തരം, അതിര്‍ത്തിപ്രശ്നം, പ്രതിരോധം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ സൈന്യം കയ്യില്‍ വച്ചു. ഒരു അട്ടിമറിക്കുള്ള സാധ്യത എപ്പോഴും ഉണ്ടായിരുന്നു എന്നു വ്യക്തം.
ഇക്കഴിഞ്ഞ നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് സൂ ചിയുടെ പാര്‍ട്ടിയായ എന്‍എല്‍ഡി നേടിയത്. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി ആരോപിച്ച് സൈന്യം അധികാരം പിടിച്ചിരിക്കുന്നത് ഒരു വിരോധാഭാസം തന്നെയാണ്. ഒരിക്കല്‍ക്കൂടി എന്‍എല്‍ഡിക്ക് ഭരിക്കാന്‍ അവസരം ലഭിച്ചാല്‍ സൂ ചി രാജ്യത്തിന്റെ പ്രസിഡന്റാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് മുന്‍കൂട്ടി കണ്ടാണ് സൈന്യം അധികാരം പിടിച്ചിരിക്കുന്നത്. വളരെ ചെറിയ രാജ്യമാണെങ്കിലും ഏറെ സങ്കീര്‍ണമാണ് മ്യാന്മറിലെ പ്രശ്നങ്ങള്‍. ബുദ്ധമതക്കാര്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യമാണെങ്കിലും സമാധാനപരമായ അന്തരീക്ഷമല്ല നിലനില്‍ക്കുന്നത്. ഇസ്ലാമിലെ ഒരു വിഭാഗമായ റോഹിങ്ക്യകള്‍ രാജ്യസുരക്ഷയ്ക്ക് ശക്തമായ ഭീഷണിയാണ്. ഇവരെ അടിച്ചമര്‍ത്തുന്നതില്‍ സൈനിക ഭരണകൂടത്തെപ്പോലെ സൂ ചിയുടെ സര്‍ക്കാരും പിന്നോട്ടുപോയില്ല. റോഹിങ്ക്യന്‍ അഭയാര്‍ത്ഥി പ്രശ്നം സൂ ചിക്കെതിരെ ആഗോളതലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. അവരുടെ നൊബേല്‍ പുരസ്കാരം തിരിച്ചെടുക്കണമെന്ന ആവശ്യംപോലും ഉയരുകയുണ്ടായി. ഇതൊന്നും പക്ഷേ സൂ ചിയെ നയംമാറ്റത്തിന് പ്രേരിപ്പിച്ചില്ല. അവരുടെ പാര്‍ട്ടിക്ക് ഇപ്പോഴും വലിയ ജനപിന്തുണയുള്ളതായാണ് ഏറ്റവും ഒടുവിലത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ തെളിഞ്ഞത്.
മ്യാന്മറില് ആരുടെ ഭരണകൂടമായിരുന്നാലും ആ രാജ്യവുമായി അടുത്ത ബന്ധമാണ് ഭാരതം സൂക്ഷിച്ചുപോന്നത്. ജനാധിപത്യരീതിയില്‍ സൂ ചി അധികാരത്തില്‍ വന്നതോടെ ഈ ബന്ധം ഊഷ്മളമാവുകയുണ്ടായി. ഭാരതത്തോട് ശത്രുത പുലര്‍ത്താത്ത അയല്‍രാജ്യങ്ങളിലൊന്നാണ് മ്യാന്മര്. ഭാരതവുമായി ചരിത്രപരവും സാംസ്കാരികവുമായ ബന്ധം നിലനില്‍ക്കുന്നതിനു പുറമെ നമുക്ക് ആ രാജ്യത്ത് സുരക്ഷാപരവും വികസനപരവുമായ താല്‍പ്പര്യങ്ങളുമുണ്ട്. ചില രാജ്യങ്ങള്‍ മ്യാന്മറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ ഭാരതം അനുകൂലിച്ചിരുന്നില്ല. ഇതിനാല്‍ വളരെ കരുതലോടെയാണ് പുതിയ സംഭവവികാസങ്ങളോട് നമ്മുടെ സര്‍ക്കാര്‍ പ്രതികരിച്ചിട്ടുള്ളത്. ഇപ്പോഴത്തെ സൈനിക അട്ടിമറിയില്‍ ആശങ്ക രേഖപ്പെടുത്തിയ ഭാരതം ജനാധിപത്യ പ്രക്രിയയും നിയമവാഴ്ചയും നിലനില്ക്കണമെന്ന നിലപാടാണ് എടുത്തിട്ടുള്ളത്. മ്യാന്മര് രാഷ്ട്രീയ അസ്ഥിരതയുടെ പിടിയിലമര്ന്നാല് അത് ഭാരതത്തോട് പരമ്പരാഗതമായി ശത്രുത പുലര്‍ത്തുന്ന ശക്തികള്‍ മുതലെടുക്കും. ശ്രീലങ്കയുടെ അനുഭവം നമ്മുടെ മുന്നിലുണ്ട്. ജനാധിപത്യത്തിന് ചില കുറവുകളുണ്ടാവാം. ഏകാധിപത്യത്തിന് ചില മേന്മകളും. പക്ഷേ ബഹുഭൂരിപക്ഷത്തിനും അഭികാമ്യമായ ഭരണവ്യവസ്ഥ ജനാധിപത്യം തന്നെയാണ്. മ്യാന്മറിന്റെ കാര്യത്തിലും ജനാധിപത്യം പുലര്‍ന്നു കാണാനാണ് ലോകം ആഗ്രഹിക്കുന്നത്. ഇക്കാര്യത്തില്‍ ഭാരതത്തിന്റെ നിലപാടുകളും ഇടപെടലുകളും നിര്‍ണായകമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: