പുതിയ സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റ് ‘അതിജീവനത്തിന്റെ ബജറ്റ് ‘ആണെന്ന് പൂര്‍ണമായും തെളിഞ്ഞു. 2014 മുതല്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡിജിറ്റല്‍ ഇന്ത്യയുടെഭാഗമായിട്ടുള്ളഡിജിറ്റല് ഇക്കോണമി ഫലപ്രദമായി നടപ്പാക്കിയതിന്റെ പൂര്‍ണ രൂപമാണ് ഈ ഡിജിറ്റല്‍ ബജറ്റ്.
കേരളത്തെ സംബന്ധിച്ച് ചരിത്രത്തില്‍ ഇത്രയധികം ബജറ്റ് വിഹിതം നാളിതുവരെ ലഭിച്ചിട്ടില്ല. 65000 കോടിയുടെ നാഷണല്‍ ഹൈവേ.66 ഉം 10000 കോടിയുടെ കൊല്ലം – ചെങ്കോട്ടനാഷണല് ഹൈവേയും മറ്റു റോഡുകളും 1967 കോടിയുടെ കൊച്ചിമെട്രോയുടെ രണ്ടാംഘട്ടവും കേരളത്തെ സംബ്ധിച്ച് സുപ്രധാനമാണ്. 1000 കോടിയുടെ കൊച്ചി മത്സ്യബന്ധന തുറമുഖം വികസിപ്പിച്ച് വിപണനകേന്ദ്രമാക്കിമാറ്റുന്നത് , 80000 കോടിരൂപയുടെഅടിസ്ഥാന മേഖലാ വികസനം വിക്രം സാരാഭായി സ്പേസ് സെന്ററിന് 10250 കോടി നീക്കിവെച്ചത് എന്നിവ വേറേയുമുണ്ട്. കേരളത്തിലെ കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക് 8012 കോടിയും കേരളത്തിലെ കേന്ദ്രപഠനഗവേഷണ സ്ഥാപനങ്ങളായ ശ്രീചിത്ര, രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്ബയോടെക്നോളജി, എയ്സര്‍, ഐ.ഐ.ടി, എന്‍.ഐ.ടി, ഐ.ഐ.എം എന്നിവയ്ക്കു 800 കോടിയും നീക്കിവെച്ചിട്ടുണ്ട്. സംസ്ഥാന ഗവണ്മെന്റിന് ലഭിക്കുന്ന നികുതി വരുമാനം 12812 കോടിയും ധനകാര്യകമ്മീഷന് അനുവദിച്ച കമ്മി നികത്തുന്നതിനുള്ള 19891 കോടിയുടെ ഗ്രാന്റും കൂടിചേര്‍ത്താല്‍ കേരളത്തിന്റെബജറ്റ് വിഹിതം 1.32 ലക്ഷം കൂടിയായി മാറും. ഇതുകൂടാതെ തൊഴിലുറപ്പ്, കുടുംബശ്രീ, ക്ഷേമപെന്‍ഷനുകള്‍, ലൈഫ്മിഷന്, സൗജന്യഗ്യാസ്പദ്ധതി, ജലജീവന്‍, വൈദ്യുതി തുടങ്ങിയ മേഖലകളിലുള്ള പ്രത്യേക സാമ്പത്തിക സഹായപാക്കേജുകളും കേരളത്തിന്റെ വികസന മുന്നേറ്റത്തിന് നിര്‍ണ്ണായക പങ്ക് വഹിക്കും. പൊതുവില്‍ ഈ ബജറ്റ് കേരളത്തിന്റെ വികസന കുതിപ്പിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വര്‍ധിച്ച പിന്തുണ നല്കുന്നു.
പാര്‍ലമെന്റില്‍ സമര്‍പ്പിച്ച ധനകാര്യ കമ്മീഷന് റിപ്പോര്‍ട്ടില്‍ സംസ്ഥാന ഗവണ്മെന്റുകളും ഏജന്‍സികളും സംസ്ഥാന ബജറ്റിന് പുറത്തു, കേന്ദ്രസര്‍ക്കാരിന്റെ അനുമതിഇല്ലാതെ വിദേശത്തുനിന്ന് പണംകടം എടുക്കുന്നത് ഇന്ത്യന്‍ഭരണഘടനയുടെ 293(3) അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഇതോടെ കിഫ്ബി മസാലബോണ്ട് ഇറക്കിവിദേശത്തു നിന്ന് പണം കടം എടുത്തത് സംബന്ധിച്ച് സി.എ.ജി. ഓഡിറ്റ് റിപ്പോര്‍ട്ടിന്റെയും ധനകാര്യ കമ്മീഷന് റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ കേരളസര്‍ക്കാരും കിഫബിയും വിശദീകരണം നല്‍കേണ്ടിവരും.
കൊറോണ രോഗവ്യാപനം മൂലം ആഗോള സമ്പദ്ഘടനക്കുണ്ടായ മാന്ദ്യം വളരെ പ്രകടമായ സമയത്താണ് ഈ ബജറ്റ് അവതരണമെന്ന് പ്രത്യേകം ശ്രദ്ധേയമാണ്. കൊറോണ വ്യാപനത്തിന് മുമ്പു തന്നെ സമ്പദ്ഘടന ആഗോളമാന്ദ്യത്തിനു കീഴ്പ്പെട്ടിരുന്നു. 2018 – 19 ല്‍ ജി.ഡി.പി.യുടെ 6.5 % വളര്‍ച്ച നിരക്ക് നേടിയ ഭാരതം 2019 – 20 ല്‍ 4% ആയികുറഞ്ഞു. 2020 മാര്‍ച്ച് 22 മുതല്‍ ജൂലൈ 30 വരെലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശ പ്രകാരം കൊറോണ വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ത്യയുടെ സമ്പദ്ഘടനക്കുണ്ടായ തകര്‍ച്ച 7.7% ആണ്. സാമ്പത്തിക തകര്‍ച്ചയെ അതിജീവിക്കാന്‍ പ്രധാനമന്ത്രിയും ധനമന്ത്രിയും പ്രഖ്യാപിച്ച 27.14 ലക്ഷം കോടിയുടെ ആത്മനിര് ഭര്ഭാരത്പാക്കേജുകള് ഫലപ്രദമായി നടപ്പാക്കിയതിന്റെ ഫലമായിട്ടാണ് സമ്പദ്ഘടനയുടെ ശക്തമായതിരിച്ചു വരവ് സാധ്യമാക്കിയത്. ഇതില്‍ 2.76 ലക്ഷംകോടി ‘ഗരീബ്കല്യാണ്‍’ എന്ന പേരില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി ചിലവഴിച്ചു.
വി ഗ്രാഫിലൂടെ ഇന്ത്യന്‍ സമ്പദ്ഘടന ശക്തമായി തിരിച്ചുവരുന്നതായി ഐ.എം.എഫ്.. പോലുള്ള അന്തര്‍ദേശീയ ഏജന്സികള്വിലയിരുത്തുന്നു. സാമ്പത്തിക സര്‍വേ സൂചിപ്പിച്ചതും ഇതു തന്നെ.2021 – 22 ല്‍ ഇന്ത്യന്‍ സമ്പദ്ഘടന 11% വളര്‍ച്ച നേടുമെന്നും 2022 – 23 ല്‍ അത് 15% ആയി ഉയരുമെന്നും സാമ്പത്തിക സര്‍വ്വേ അടിവരയിട്ടുപറയുന്നു.
2014 മുതല്‍ പ്രഖ്യാപിക്കപ്പെട്ട സാമ്പത്തിക പുരോഗതിക്കുവേണ്ടിയുള്ള അടിസ്ഥാനപദ്ധതികള് മൂലമാണ് ഇതു സാധിക്കുന്നത്. യുവാക്കള്‍ക്കു തൊഴില്‍ പരിശീലനം നല്‍കുന്നതിനുള്ള സ്കില്‍ ഇന്ത്യ, ഭരണക്രമം ലളിതവും സുതാര്യവും ചെലവ് കുറഞ്ഞതുമാക്കുന്ന ഡിജിറ്റല്‍ ഇന്ത്യ, കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കും ബാങ്കുകള്‍ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും ചെറുകിട വ്യാപാര – വ്യവസായ സ്ഥാപങ്ങള്‍ക്കും കൃഷിക്കുപോലും നടപ്പിലാക്കിയ ഡിജിറ്റല്‍ ഇക്കോണമി, വ്യവസായ വികസനത്തിന് മേക്ക്ഇന്‍ഇന്ത്യ, സ്വയം തൊഴില്കണ്ടെത്താനുള്ള മുദ്രപദ്ധതി എന്നിവ ഈ പദ്ധതികളില്‍ സുപ്രധാനമാണ്.
ഇന്ത്യന്‍ സമ്പദ്ഘടന തകര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്കു തിരിച്ചു വരുന്നതിന്റെ സൂചനകളാണ് കഴിഞ്ഞ 6 മാസമായി ഓഹരികമ്പോളത്തില്‍ കണ്ടുവരുന്നത്. ഓഹരി കമ്പോളത്തിന്റെ സൂചകം 30000 ല്‍ നിന്നും 50000 വരെയെത്തി 48000 ല്‍ നില്ക്കുന്നു. ഇതിന്റെ അര്ത്ഥംഈരംഗത്തു 50% വളര്‍ച്ചനേടാന്‍ കഴിഞ്ഞു എന്നുള്ളതാണ്. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരവും എഴുതിയ ലേഖനങ്ങളില്‍ ഈ വളര്‍ച്ചയെകുറിച്ച് എടുത്ത് പറയുന്നുണ്ട്.
2017 ല്‍ജി.എസ്.ടി. ആരംഭിച്ചതിനുശേഷം നാളിതുവരെ ലഭിച്ച ഏറ്റവും വലിയ പ്രതിമാസവരവാണ് 2021 ജനുവരിയില്‍ ലഭിച്ച 1.2 ലക്ഷംകോടി. വരും മാസങ്ങളില്‍ ഇത് വീണ്ടും വര്‍ദ്ധിക്കും എന്ന് കണക്കാക്കപ്പെടുന്നു. കാര്‍ഷിക മേഖലയില്‍ 2020 – 21 ല്‍നേടിയ 3.4% വളര്‍ച്ച ഇന്ത്യന്‍ സമ്പദ്ഘടനയുടെ തിരിച്ചുവരവിനു ശക്തി പകര്‍ന്നു.
കൊറോണ മഹാമാരി പ്രതിസന്ധി ഇല്ലായിരുന്നെങ്കില്‍ രാജ്യം 5 ലക്ഷം കോടി ഡോളറിന്റെ സമ്പദ്ഘടന എന്ന നിലയില്‍ 2022 മാര്ച്ചില്എത്തുമായിരുന്നു. ഇപ്പോഴത്തെ സ്ഥിതിയില്‍ 2025 മാര്‍ച്ചില്‍ ഭാരതത്തിനു ഈ നേട്ടം കൈവരിക്കാന്‍ കഴിയും. ഇപ്പോള്‍ തന്നെ ഇന്ത്യന്‍ സമ്പദ്ഘടന 225 – 275 ലക്ഷം കോടിയില്‍ എത്തിനില്‍ക്കുന്നു.
ആത്മനിര്‍ഭര്‍ ഭാരതത്തില്‍ കാര്‍ഷിക മേഖലക്ക് 3 ലക്ഷം കോടിചെലവഴിച്ച സര്‍ക്കാര്‍ ഈമേഖലക്ക്1.72 ലക്ഷം കോടി നീക്കിവച്ചത് സ്വാഗതാര്‍ഹമാണ്. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ വളര്‍ച്ച നേടാന്‍ പുതിയനിയമങ്ങള്‍ നടപ്പിലാക്കുക വഴികൃഷിക്കാരുടെ ഉത്പന്നങ്ങളില്‍ നിന്നും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചു മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ആത്മനിര്‍ഭര്‍ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി. നടപ്പുസാമ്പത്തിക വര്‍ഷം ഗോതമ്പ് സംഭരണത്തിനായി 75000 കോടിരൂപ താങ്ങുവില നല്കി. 16.5 ലക്ഷം കോടിയുടെ പുതിയ കാര്‍ഷിക വായ്പ പദ്ധതികള്‍ പ്രഖ്യാപിച്ചു. നിലവിലുള്ള എ.പി.എം.സി.വിപണികള്‍/മണ്ഡികള്‍ വിപുലീകരിക്കാനും പുതിയത് തുടങ്ങുന്നതിനും നടത്തിപ്പിനുമായി തുക വകയിരുത്തി. ഇതുവഴി കൃഷിക്കാരുടെ വരുമാനം ഇരട്ടിയാകുമെന്ന് ഉറപ്പുവരുത്തി. ഇനി സമരം എന്തിനെന്നു കൃഷിക്കാര്‍ ആലോചിക്കണം.
കൊറോണകാലത്ത് ഇന്ത്യന്‍ കമ്പനികള്‍ നേടിയ വളര്‍ച്ചയില്‍ മുന്‍നിരയില്‍ നില്ക്കുന്ന മരുന്ന് നിര്മാണകമ്പനികളും അനുബന്ധമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുമാണ്. മരുന്ന് നിര്‍മാണ കമ്പനികളെ കൂടാതെ മാസ്ക്, വെന്റിലേറ്റര്‍, സാനിറ്റൈസര്‍, മറ്റു ബയോമെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന കമ്പനികള്‍ വന്‍ വളര്‍ച്ച നേടി. കൊറോണക്കെതിരേ ലോകത്ത് വികസിപ്പിച്ചെടുത്ത വാക്സിനുകളില്‍ 3 എണ്ണം വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞ ഭാരതം ലോകത്തിന്റെ സ്വത്താണ് എന്ന് യു.എന്‍. സംഘടനയുടെ സെക്രട്ടറി ജനറല്‍ പ്രസ്താവിച്ചു. ഈ രംഗത്തുഭാരതം കൈവരിച്ച അതുല്യമായ നേട്ടത്തെ ഉദ്ഘോഷിക്കുന്നതാണ് ഈ പ്രസ്താവന. ഓരോ ഇന്ത്യക്കാരനും ഇതില്‍ അഭിമാനിക്കാന്‍ വകയുണ്ട്.
ശാസ്ത്ര – സാങ്കേതികരംഗത്തു ഗവേഷണങ്ങള്‍ക്കായി 50000 കോടിനീക്കിവച്ച ബജറ്റിനെ ‘ഹൈടെക്ബജറ്റ്’ അഥവാ ‘ഹൈടെക് ഇന്ത്യയുടെബജറ്റ്’ എന്നും അല്ലെങ്കില്‍ ‘ശാസ്ത്രീയബജറ്റ്’ എന്നും വിളിക്കാം. കഴിഞ്ഞ 10 മാസമായി കൊറോണക്കാലത്തു നേട്ടങ്ങള്‍ കൈവരിച്ച കമ്പനികളില്ഐ.ടി. കമ്പനികള്‍ മുന്നിലാണ്. ഈ വമ്പിച്ച പുരോഗതിനേടിയതില്‍ ഓരോഭാരതീയനും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ഭാരതത്തിന്റെ സര്വ്വതോന്മുഖമായ പുരോഗതിക്കു വേണ്ടിയുള്ള ഈബജറ്റിനെ എല്ലാവരും സര്‍വാത്മനാ സ്വാഗതം ചെയ്യുകയാണ്.
പ്രൊഫ. ഡി. അരവിന്ദാക്ഷന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: