മുംബൈ: മഹാരാഷ്ട്രയില്‍ പോളിയോ തുള്ളിമരുന്ന് നല്‍കുന്നതിന് പകരം സാനിറ്റൈസര്‍ നല്‍കിയതിന്റെ പേരില്‍ 12 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തു. മഹാരാഷ്ട്രയിലെ യവാത്മലില്‍ ഒരു പ്രാഥമിക ആരോഗ്യകേന്ദ്രത്തിലാണ് ഈ അനിഷ്ടസംഭവം നടന്നത്. ഗഡഞ്ജി കാപ്സി-കൊപാരി ഗ്രാമത്തിലാണ് സംഭവം.
സംഭവത്തിന് ഉത്തരവാദികളായ ഒരു ആരോഗ്യപ്രവര്‍ത്തക, ഡോക്ടര്‍, ആശ വര്‍ക്കര്‍ എന്നിവരെ സസ്പെന്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് യവാത്മല് ജില്ലാ കൗണ്‍സില്‍ സിഇഒ ശ്രീകൃഷ്ണ പഞ്ചാല്‍ പറഞ്ഞു. 2000 കുട്ടികളാണ് ഇവിടെ രാവിലെത്തന്നെ പോളിയോ തുള്ളിമരുന്ന് സ്വീകരിക്കാന്‍ എത്തിയത്. കുട്ടികളില്‍ ചിലര്‍ക്ക് ഛര്‍ദ്ദിയും പേശീവീക്കവും മനംപിരട്ടലും ഉണ്ടായത് ആരോഗ്യപ്രവര്‍ത്തകരിലും മാതാപിതാക്കളിലും ആശങ്ക പടര്‍ത്തി. ഉടനെ കുട്ടികളെ വസന്ത്റാവു നായിക സര്‍ക്കാര്‍ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. ഇതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് അബദ്ധം മനസ്സിലായത്. സാനിറ്റൈസറില്‍ 70 ശതമാനം ആല്‍ക്കഹോള്‍ ഉണ്ടായിരുന്നതാണ് കുട്ടികളില്‍ ശാരീരികാസ്വാസ്ഥ്യം സൃഷ്ടിച്ചത്.
സംഭവത്തിനുത്തരവാദികളായവരെ സസ്പെന്റ് ചെയ്യണമെന്നും ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്തണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: