തിരുവനന്തപുരം: പോലീസ് ക്യാന്റീനിലെ അഴിമതി തുറന്നുകാട്ടിയ കെപിഎ മൂന്നാം ബറ്റാലിയന് കമാന്‍ഡന്റ് ജയനാഥ്. ജെക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ആംഡ് ബറ്റാലിയന് ഡിഐജി പി. പ്രകാശിന്റെ ക്രമവിരുദ്ധ ഇടപെടലുകളും സേനയിലെ അനാശാസ്യപ്രവണതകളും തുറന്ന് കാട്ടിയ മറുപടി പുറത്ത്. വെട്ടിമുറിച്ചാലും വേറിട്ട വഴി തേടാത്ത ഭഗത് സിങ്ങിനെ പോലുള്ളവരുടെ കഥ പഠിച്ച് വളര്‍ന്നതിനാല്‍ ഭരണഘടനാ സ്വാതന്ത്ര്യം ഇനിയും ഉപയോഗിക്കുമെന്നും മറുപടി.
ക്യാന്റീനിലെ അഴിമിതികളെക്കുറിച്ച് ജയനാഥ് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അന്നു മുതല്‍ ഡിഐജി മാനസികമായി പീഡിപ്പിക്കുകയും നിരന്തരം മെമ്മോ നല്‍കുന്നുവെന്നും ഡിഐജിക്ക് തന്നെ നല്കിയ മറുപടിയില്‍ പറയുന്നു. ഡിജിപിയുടെ 2014 മെയ് 23ലെ ഉത്തരവ് ലംഘിക്കാന്‍ ഡിഐജി പ്രകാശന് 2021 ജനുവരി ഒന്നിന് കത്ത് നല്കി. അനുസരിക്കാനാകില്ലെന്ന വിവരം ഡിജിപിയെ നേരിട്ട് അറിയിച്ചു. 2020 ഡിസംബറിന് ജയനാഥിന്റെ നിലപാട് ഡിജിപിയും ശരിവച്ചു. 2021 ജനുവരി ആറിന് വീണ്ടും ഡിജിപിയുടെ ഉത്തരവ് ലംഘിക്കാന്‍ നേരിട്ട് മെമ്മോ നല്കി. ഇങ്ങനെ മാനസികമായി പീഡിപ്പിക്കുന്ന വിവരം ഡിജിപിയെ രേഖാമൂലം അറിയിച്ചതുമാണ്. അതിനു ശേഷമാണ് അംഗങ്ങളുടെ യാത്രബത്താ ബില്ലുകള്‍ തല്കാന് രണ്ട് ദിവസം താമസിച്ചുവെന്ന് ആരോപിച്ച് വീണ്ടും മെമ്മോ നല്‍കിയത്.
യാത്രാ ബില്ലുകള്‍ രണ്ട് ദിവസം താമസിക്കാന്‍ കാരണം ബിഐഎംഎസ് സോഫ്റ്റ്വെയറിലെ തകരാറ് മൂലമാണ്. വേറൊരു ബറ്റാലിയനിലും ഇത് കൃത്യമായി നല്‍കിയിട്ടുമില്ല. 2019ല്‍ ഡിഐജി കൂടി നേതൃത്വം വഹിച്ച ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ട്രോങ് റൂം ഡ്യൂട്ടിക്കാരുടെ ഒരുമാസത്തെ ഫീഡിങ് ചാര്‍ജ്ജ് ഇതുവരെയും നല്‍കിയിട്ടില്ല. തിരുവനന്തപുരത്ത് നിന്നു സ്ഥലംമാറിപ്പോയപ്പോള്‍ നല്‍കേണ്ട ട്രാന്‍സ്ഫര്‍ ഗ്രാന്റ് ബില്ല് ഡിഐജി അനുവദിച്ചത് രണ്ട് മാസം കഴിഞ്ഞാണ്.
പോലീസിലെ മൊത്തം നിലവാരം വച്ച് നോക്കിയാല്‍ യാത്രബത്ത ലഭിക്കാന്‍ രണ്ട് ദിവസം മാത്രമേ വൈകിയുള്ളൂവെന്നത് ശ്ലാഘനീയമായ നേട്ടമാണെന്നും മറുപടിയില്‍ പറയുന്നു. ജനങ്ങളുടെ നികുതിപണം കൊള്ളയടിക്കാതെ സഹപ്രവര്‍ത്തകരെ അടിമകളായി കാണാതെയാണ് ജീവിക്കുന്നത്. തോല്ക്കില്ലെന്നുറച്ചവനെ ജയിക്കാനാകില്ലെന്നും പറഞ്ഞാണ് ഏഴ് പേജുള്ള മറുപടി അവസാനിപ്പിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: