Categories: Kollam

അഞ്ചുവര്‍ഷമായിട്ടും കപ്പലടുക്കാതെ കൊല്ലം പോര്‍ട്ട്

Published by

കൊല്ലം: കോടികള്‍ മുടക്കി പണി തീര്‍ത്ത കൊല്ലം തുറമുഖം നോക്കുകുത്തിയാകുന്നു. സൗകര്യങ്ങളെല്ലാം ഉണ്ടായിട്ടും അഞ്ചുവര്‍ഷമായി ചരക്കുകപ്പലുകള്‍ കൊല്ലം തീരത്തു വരുന്നില്ല. തുറമുഖത്തിന്റെ പേരില്‍ മേനി പറയുന്ന മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ കുറ്റമെല്ലാം കേന്ദ്രസര്‍ക്കാരില്‍ ചാരി രക്ഷപ്പെടാനുള്ള പരിശ്രമമാണ് നടത്തുന്നതെന്നാണ് ആക്ഷേപം.  

യാത്രാകപ്പല്‍ എന്ന എക്കാലത്തെയും ലക്ഷ്യം എങ്ങുമെത്താതെ നില്‍ക്കുമ്പോള്‍ സര്‍വീസ് ഉടന്‍ എന്ന പ്രഖ്യാപനം മാത്രം ഇടയ്‌ക്കിടെ ഉയര്‍ത്തുകയാണ് എംഎല്‍എയും മന്ത്രിയും ഇടതുഭരണകൂടവും ചെയ്യുന്നത്. തുറമുഖത്ത് കാര്‍ഗോ കപ്പല്‍ എത്താനുള്ള എല്ലാ സൗകര്യവുമുണ്ട്. ഇത്രയേറെ സൗകര്യം ഇല്ലാതിരുന്ന കാലത്തു പോലും പല തവണയായി മൂന്നു വന്‍കപ്പലുകളാണ് കൊല്ലം തീരത്ത് എത്തിയത്.

ചരക്കു കപ്പല്‍ സ്ഥിരമായി വന്നെങ്കില്‍ മാത്രമേ തുറമുഖത്തിന്റെ വികസനം സാധ്യമാകു എന്നാണ് ഷിപ്പിങ് മേഖലയിലുള്ളവരുടെ വാദം. ഇന്ത്യയിലെ ഇതര തുറമുഖങ്ങളുമായി ബന്ധപ്പെടുത്തി കാര്‍ഗോ സര്‍വീസ് ആരംഭിച്ചാല്‍ സ്ഥിരമായി കപ്പല്‍ എത്തും. ഗ്രേറ്റ് വേമ്പനാട്, കരുതല്‍, ചൗഗ്ലൗവ് എന്നീ കപ്പലുകള്‍ 2015വരെ പലതവണ ചരക്കുമായി എത്തിയിട്ടുണ്ട്. ഒരു തവണ തോട്ടണ്ടിയും എത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ മറ്റു തുറമുഖങ്ങളില്‍ നിന്നു ചരക്കുകപ്പലുകള്‍ പതിവായി എത്തിയാല്‍ തുറമുഖത്തിന്റെ മാത്രമല്ല, ജില്ലയുടെ തന്നെ മുഖഛായ മാറും. നേരിട്ടു ലഭിക്കുന്നതിനെക്കാള്‍ പലമടങ്ങാണ് പരോക്ഷമായ തൊഴില്‍ അവസരങ്ങള്‍.  

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് അദാനി ഗ്രൂപ്പിനുള്ള സാമഗ്രികളുമായി എത്തിയ ചരക്കുകപ്പലും ഐഎസ്ആര്‍ഒയ്‌ക്കുള്ള സാമഗ്രികളുമായി രണ്ടു തവണ എത്തിയ കാര്‍ഗോ കപ്പലുമാണ് 5 വര്‍ഷത്തിനിടയില്‍ ഇവിടെ നങ്കൂരമിട്ടത്. ചരക്കുകപ്പലുകളും യാത്രാക്കപ്പലുകളും കൊല്ലത്ത് ഒന്നൊന്നായി വരുമെന്ന പ്രഖ്യാപനം മന്ത്രി മെഴ്‌സിക്കുട്ടിയമ്മയുടെ പാഴ്‌വേലയാണെന്ന് ആക്ഷേപം ശക്തമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by