കണ്ണൂര്‍: മൂന്നര പതിറ്റാണ്ടിലേറെയായി കെ.സി. ജോസഫ് പ്രതിനിധീകരിക്കുന്ന ഇരിക്കൂറില്‍ ഇത്തവണ മത്സരത്തിനില്ലെന്ന് ജോസഫ് പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസില്‍ സീറ്റു മോഹവുമായി നേതാക്കളുടെ പട. സീറ്റ് നേടിയെടുക്കുന്നതിനായി നേതാക്കള്‍ രഹസ്യ നീക്കങ്ങള്‍ സജീവമാക്കി. ഏറ്റവും ഒടുവില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മനും മണ്ഡലത്തില്‍ മത്സരിക്കാന്‍ കണ്ണുവെച്ചിട്ടുളളതായ വാര്‍ത്തകള്‍ പുറത്തുവന്നതോടെ സ്ഥാനാര്‍ത്ഥി മോഹികളായ കണ്ണൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അങ്കലാപ്പ് ഉയര്‍ന്നിരിക്കുകയാണ്. എ ഗ്രൂപ്പിന്റെ പ്രതിനിധിയായി ചാണ്ടി ഉമ്മന്‍ മത്സരിക്കുമെന്ന സൂചന വന്നതോടെ ഐ ഗ്രൂപ്പ് നേതാക്കള്‍ ഉള്‍പ്പെടെ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. വര്‍ഷങ്ങളായി ഇരിക്കൂറില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ ആഗ്രഹിച്ച ഒട്ടേറെ നേതാക്കള്‍ കണ്ണൂരിലുണ്ട്. ഇവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് മൂന്ന് തെരഞ്ഞെടുപ്പുകളില്‍ കെ.സി. ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കലാപ കൊടികളുമായി ഒരു വിഭാഗം രംഗത്തെത്താറുണ്ട്. ഇതിനെയൊക്കെ അതിജീവിച്ച് കോട്ടയത്തു നിന്നെത്തിയ കെ.സി. ജോസഫ് തുടര്‍ച്ചയായി എട്ടുതവണ ഇരിക്കൂറില്‍ നിന്നും വിജയിക്കുകയും കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ സാംസ്ക്കാരിക വകുപ്പ് മന്ത്രിയായി.
കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. സജീവ് ജോസഫ്, സോണി സെബാസ്റ്റ്യന്‍, യുഡിഎഫ് ചെയര്മാന് പി.ടി.മാത്യു തുടങ്ങി അരഡസനോളം പേരാണ് സീറ്റിനായി രംഗത്ത് വന്നിരിക്കുന്നത്. തുടര്‍ച്ചയായി എട്ട് തവണ മത്സരിച്ച് വിജയിച്ച കെ.സി. ജോസഫ് ഇക്കുറി ഇരിക്കൂറില്‍ മത്സരത്തിനില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കോട്ടയത്ത് നിന്ന് ജില്ലയിലെത്തിയ ജോസഫ് ഇനിയൊരു തവണകൂടി മത്സരത്തിനിറങ്ങിയാല്‍ കോണ്‍ഗ്രസുകാര്‍ തന്നെ ഇക്കുറി പരാജയപ്പെടുത്തുമെന്ന തിരിച്ചറിവാണ് ഇരിക്കൂര്‍ ഉപേക്ഷിക്കാനുളള കെസിയുടെ തീരുമാനത്തിന് പിന്നിലെന്ന് വ്യക്തമാണ്. മാത്രമല്ല മാണി കോണ്‍ഗ്രസിന് സ്വാധീനമുളള മലയോര കുടിയേറ്റ മേഖലയായ മണ്ഡലത്തില്‍ ജോസ് വിഭാഗം എല്‍ഡിഎഫിനോടൊപ്പം പോയതും തനിക്ക് തിരിച്ചടിയാവുമെന്ന് മുന്‍കൂട്ടി കണ്ടാണ് കെ.സി. ജോസഫിന്റെ പിന്മാറ്റമെന്നാണ് സൂചന.
സുരക്ഷിത മണ്ഡലത്തില്‍ തന്നെðമത്സരിക്കണമെന്ന ഒരു വിഭാഗം നേതാക്കളുടെ തീരുമാനത്തിന്റെ ഭാഗമായാണ് ചാണ്ടി ഉമ്മനെ ഇരിക്കൂറില്‍ മത്സരിപ്പിക്കാന്‍ നീക്കം നടത്തുന്നത്. ചാണ്ടി ഉമ്മനെ ചങ്ങനാശ്ശേരിയോ ഇരിക്കൂറോ മത്സരിപ്പിക്കാന്‍ കെപിസിസിയിലെ ഒരു വിഭാഗം നേതാക്കള്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. ഇരിക്കൂറില്‍ ചാണ്ടി ഉമ്മന്‍ മത്സരിച്ചാല്‍ ചങ്ങനാശ്ശേരിയില്‍ കെ.സി. ജോസഫ് മത്സരിക്കാന്‍ ധാരണയുണ്ടാക്കിയതായും പറയപ്പെടുന്നു. ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് കെ.സി. ജോസഫ് ആഴ്ചകള്‍ക്ക് മുന്നേ ഒരുമുഴം മുന്നേ എന്ന പോലെ താന്‍ ഇരിക്കൂറില്‍ ഇക്കുറി മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതെന്നും കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. എ ഗ്രൂപ്പിന്റെ പ്രമുഖ നേതാവും ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനുമായ കെ.സിയെ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ നിന്നും മത്സരിപ്പിക്കാന്‍ എ ഗ്രൂപ്പിനുളളില്‍ തത്വത്തില്‍ തീരുമാനമായിട്ടുണ്ട്.
ഇന്നുമുതല്‍ ഇരിക്കൂറില്‍ ചാണ്ടി ഉമ്മന്റെ നേതൃത്വത്തില്‍ വോട്ട് ചേര്‍ക്കല്‍ ക്യാമ്പയിന് നടക്കുന്നുണ്ട്. മണ്ഡലത്തിലെ ചില പാര്‍ട്ടി പരിപാടികളിലും ചാണ്ടി ഉമ്മന്‍ പങ്കെടുക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥിത്വത്തിന്റെ മുന്നോടിയാണ് പരിപാടികളെന്നറിയുന്നു. ഇത്തവണ കോണ്‍ഗ്രസ് 70 ശതമാനം സീറ്റുകള്‍ യുവാക്കള്‍ക്കായി നല്‍കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഇരിക്കൂറില്‍ മത്സരിക്കുമെന്നുമാണ് ചാണ്ടി ഉമ്മന്‍ പറയുന്നത്. യുവാക്കളില്‍ ഏറെ പ്രതിഷേധമുണ്ടാവില്ലെങ്കിലും സ്ഥാനമോഹികളായ പല കോണ്‍ഗ്രസ് നേതാക്കളും കടുത്ത അതൃപ്തിയിലാണ്. അതേ സമയം ജില്ലയിലെ യുഡിഎഫ് നേതൃത്വത്തിലും ഇത് അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഇരിക്കൂറില്‍ ശക്തനായ യുവനേതാക്കളെ ഗോദയിലിറക്കി കടുത്ത മത്സരത്തിനൊരുങ്ങുകയാണ് എന്‍ഡിഎയും എല്‍ഡിഎഫും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: