ന്യൂദല്‍ഹി: ട്രാക്ടര്‍ റാലിക്കിടെയുണ്ടായ അപകട മരണം സംബന്ധിച്ച വിവാദ ട്വീറ്റ് മാത്രമല്ല, രാഷ്ട്രപതി ഭവന്റെ അതൃപ്തിയും മുതിര്‍ന്ന മാധ്യമപ്രവര്ത്തന് രാജ്ദീപ് സര്‍ദേശായിക്കെതിരായ ഇന്ത്യു ടുഡേ ഗ്രൂപ്പിന്റെ അച്ചടക്ക നടപടിക്ക് കാരണമായി. റാലിക്കിടെ ട്രാക്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞല്ല, പൊലീസ് വെടിവയ്പിലാണ് ഇടനിലക്കാരന് മരിച്ചതെന്ന തെറ്റായ ട്വീറ്റിന് ശേഷമാണ് ഇന്ത്യാ ടുഡെ അദ്ദേഹത്ത രണ്ടാഴ്ച മാറ്റിനിര്‍ത്തുകയും ഒരുമാസത്തെ ശമ്പളം കുറയ്ക്കുകയും ചെയ്തത്. പിന്നാലെയാണ് രാഷ്ട്രപതി ഭവന് ഇന്ത്യ ടുഡേ ഗ്രൂപ്പിന് അയച്ച കത്തും പുറത്തുവന്നത്.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് രാഷ്ട്രപതി അനാച്ഛാദനം ചെയ്ത ഛായാചിത്രം സിനിമാ നടന്റേതെന്ന് ഇന്ത്യ ടുഡേയില്‍ ജോലി ചെയ്യുന്ന ഒരുകൂട്ടം മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നതായി രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി അജയ് കുമാര്‍ സിംഗ് മാധ്യമസ്ഥാപനത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫും ചെയര്‍മാനുമായ അരുണ്‍ പുരിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇക്കാര്യത്തിലും ട്വീറ്റിലൂടെയായിരുന്നു രാജ്ദീപ് സര്‍ദേശായി ആരോപണമുന്നയിച്ചത്. എന്നാല്‍ പ്രതിഷേധമുയര്‍ന്നതോടെ ഖേദം പോലും പ്രകടിപ്പിക്കാതെയാണ് വിവാദമായ രണ്ടു ട്വീറ്റുകളും രാജ്ദീപ് സര്‍ദേശായി പിന്‍വലിച്ചത്. ആരോപണമുന്നയിക്കും മുന്‍പ് വസ്തുതള്‍ പരിശോധിക്കണമായിരുന്നുവെന്ന് രാഷ്ട്രപതിഭവന്റെ കത്തിലുണ്ട്. ഇതുമായി ബന്ധപ്പെട്ട ആരുമായും ചര്‍ച്ചകള്‍ നടത്താതെ ഉന്നയിച്ച ആരോപണം ബാലിശമായിപ്പോയിയെന്നും കത്ത് കുറ്റപ്പെടുത്തി.
രാഷ്ട്രപതിയുടെ ഓഫിസിനും വിശ്വാസ്യതയ്ക്കും കളങ്കമുണ്ടായി. രാഷ്ട്രീയ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള വിലകുറഞ്ഞ ആരോപണങ്ങള്‍ അംഗീകരിക്കാനാകില്ല. അതിനാല്‍ ഇന്ത്യാ ടുഡേയുമായുള്ള സഹകരണം പുനഃപരിശോധിക്കാന്‍ നിര്‍ബന്ധിതരാകുകയാണെന്നും രാഷ്ട്രപതിഭവന് കത്തില്‍ വ്യക്തമാക്കിയിരുന്നു. തെറ്റായ ഈ രണ്ടു ട്വീറ്റുകള്‍ക്ക് പിന്നാലെയാണ് രാജ്ദീപ് സര്‍ദേശായിയെ ഇന്ത്യ ടുഡേ മാറ്റിനിര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: