ചെന്നൈ: അണ്ണാ ഡിഎംകെയുടെ കൊടിവച്ച കാറില്‍ വി കെ ശശികല സഞ്ചരിച്ചതില്‍ പാര്‍ട്ടി എതിര്‍പ്പ് അറിയിച്ചതിന് പിന്നാലെ പ്രതികരണവുമായി ടി ടി വി ദിനകരന്. അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല തന്നെ. പാര്‍ട്ടി കൊടി ഉപയോഗിക്കാനും അണ്ണാ ഡിഎംകെ യോഗം വിളിക്കാനുമുള്ള അധികാരം ശശികലയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശശികലയുടെ രാഷ്ട്രീയ നയം എന്തായിരിക്കുമെന്ന സൂചന കൂടിയായി ദിനകരന്റെ വാക്കുകള്‍. ബംഗളൂരുവിലെ റിസോര്‍ട്ടിലാണ് ഇപ്പോള്‍ ശശികലയുള്ളത്. ഇത് വിശ്രമ കേന്ദ്രമല്ലെന്നും രാഷ്ട്രീയ നീക്കങ്ങളുടെ തുടക്കത്തിന്റെ ഇടമാകുമെന്നും ദിനകരന് തുറന്നടിച്ചു.
ചെന്നൈയിലേക്ക് മടങ്ങിയെത്തിയാലുടന്‍ അണ്ണാ ഡിഎംകെയുടെ ഉന്നതാധികാര യോഗം ശശികല വിളിച്ചു ചേര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസംതൃംപ്തരായ കൂടുതല്‍ നേതാക്കള്‍ അണ്ണാ ഡിഎംകെ വിടും. യഥാര്‍ഥ പാര്‍ട്ടി തങ്ങള്‍ക്കൊപ്പമാണെന്നും ദിനകരന് അവകാശപ്പെട്ടു. നേരത്തേ ശശികല ബംഗളൂരുവിലെ ആശുപത്രിയില്‍നിന്ന് താമസ സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു സ്വന്തം വാഹനത്തില്‍ അണ്ണാ ഡിഎംകെയുടെ കൊടി ഉപയോഗിച്ചത്.
ഇതിനെതിരെ അണ്ണാ ഡിഎംകെ രംഗത്തെത്തിയിരുന്നു. ശശികലയെ മുന്‍പുതന്നെ പാര്‍ട്ടിയിലെ സര്‍വ അധികാരങ്ങളില്‍നിന്നും പുറത്താക്കിയതാണ്. അതുകൊണ്ട് കൊടി ഉപയോഗിക്കാന്‍ അനുവാദമില്ലെന്നാണ് ഇടപ്പാടി പളനി സ്വാമി പക്ഷത്തിന്റെ വാദം. ബുധനാഴ്ചയോ, വെള്ളിയാഴ്ചയോ ശശികല ചെന്നൈയില്‍ എത്തുമെന്നാണ് വിവരം. ജയലളിതയുടെ സമാധി സ്ഥലത്തായിരിക്കും ആദ്യ സന്ദര്‍ശനം. ഇവിടെയെത്തി പ്രതിജ്ഞ എടുത്തശേഷമാണ് അനധികൃത സ്വത്ത് കേസില്‍ ശശികല ജയിലിലേക്ക് പോയത്. സമാനരീതിയിലുള്ള മടങ്ങിവരവിനാണ് അവര്‍ തയ്യാറെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: