ഫറ്റോര്‍ഡ: ഐഎസ്എല്‍ ഏഴാം പതിപ്പില്‍ തുടര്‍ച്ചയായ അഞ്ചു മത്സരങ്ങളില്‍ തോല്‍വി അറിയാതെ കുതിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നിര്‍ണായക മത്സരത്തില്‍ എടികെ മോഹന്‍ ബഗാനുമായി കൊമ്പുകോര്‍ക്കും. രാത്രി 7.30 ന് കളി തുടങ്ങും.
അടിമുടി മാറിയ ബ്ലാസ്റ്റേഴ്സ് , ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനില്‍ നിന്ന് ഏറ്റ പരാജയത്തിന് കണക്കുതീര്‍ക്കാനുള്ള പുറപ്പാടിലാണ്. പ്ലേ ഓഫ് പ്രതീക്ഷ കാക്കാന്‍ ഇനിയുള്ള മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സിന് വിജയം അനിവാര്യമാണ്. പതിനാല് മത്സരങ്ങളില്‍ പതിനഞ്ച് പോയിന്റുള്ള ബ്ലാസ്റ്റേഴസ്് ഒമ്പതാം സ്ഥാനത്താണ്. ഇന്ന് വിജയിച്ചാല്‍ ആറാം സ്ഥാനത്തേക്ക് ഉയരാം.
കഴിഞ്ഞ മത്സരത്തില്‍ ജെംഷഡ്പൂര്‍ എഫ്സിക്കെതിരെ തകര്‍ത്തുകളിച്ചെങ്കിലും വിജയം നേടാനായില്ല. ഗാരി ഹൂപ്പര്‍ ഗോള്‍ അടിച്ചെങ്കിലും റഫറി അത് കാണാതെ പോയതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്.
ഉദ്ഘാടന മത്സരത്തില്‍ ഒരു ഗോളിനാണ് ബ്ലാേസ്റ്റഴ്സ് എടികെയോട് തോറ്റത്. മത്സരത്തില്‍ ഏറെ സമയവും പന്ത് ഞങ്ങളുടെ കൈവശമായിരുന്നു. പക്ഷെ മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. പ്രതിരോധം വരുത്തിയ വീഴ്ച മുതലാക്കി റോയ് കൃഷ്ണ ഗോള്‍ നേടി എടികെയെ വിജയത്തിലെത്തിച്ചു. മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാതെ പോയതുകൊണ്ടാണ് ടീം അന്ന്് തോറ്റതെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന് കിബു വിക്കുന പറഞ്ഞു.
ഇപ്പോള്‍ സാഹചര്യം മാറി. എടികെ മോഹന്‍ ബഗാന് പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്താണ്. മികച്ച കളിക്കാര്‍ അണിനിരക്കുന്ന അവര്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്ന് വിക്കുന വെളിപ്പെടുത്തി. മധ്യനിരയിലെ കരുത്തനായ ഫക്കുണ്ടോ പെരേര പരിക്കിന്റെ പിടിയിലാണ്. ജെംഷഡ്പൂരിനെതിരായ മത്സരത്തില്‍ കളിച്ചില്ല. പെരേരയുടെ അഭാവം പ്രകടനത്തെ ബാധിച്ചേക്കും.
കഴിഞ്ഞ മത്സരത്തില്‍ നോര്‍ത്ത് ഈസ്്റ്റിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റ എടികെ മോഹന്‍ ബഗാനും വിജയം ലക്ഷ്യമിട്ടാണ് ഇന്ന് കളിക്കളത്തില്‍ ഇറങ്ങുക. പതിമൂന്ന്് മത്സരങ്ങളില്‍ ഇരുപത്തിനാലു പോയിന്റുമായി എടികെ മോഹന്‍ ബഗാന് രണ്ടാം സ്ഥാനത്ത് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: