ചാത്തന്നൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിലും ചാത്തന്നൂര്‍ മണ്ഡലത്തില്‍ സിപിഐയില്‍ ആഭ്യന്തരകലഹം രൂക്ഷമായി. പാര്‍ട്ടിയുടെയും അനുബന്ധ സംഘടനകളുടെയും പരിപാടികളില്‍നിന്നും ജി. എസ്. ജയലാല്‍ എംഎല്‍എയെ ഒഴിവാക്കുന്നതായി ആരോപണം.
സിപിഐ മണ്ഡലം കമ്മിറ്റി ഓഫിസില്‍ തന്നെ പ്രവര്‍ത്തിക്കുന്ന പി. രവീന്ദ്രന് സ്മരാക ലൈബ്രറിയുടെ നേതൃത്വത്തില്‍ 31ന് നടക്കുന്ന സെമിനാറില്‍നിന്നും ജി.എസ്. ജയലാലിനെ ഒഴിവാക്കിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ലൈബ്രറിയുടെ രൂപീകരണ നാള് മുതല്‍ ഇതുവരെയും ഒരു പരിപാടിയില്‍ നിന്നും ജയലാല്‍ മാറി നിന്നിട്ടില്ല. മാത്രമല്ല പ്രധാന സംഘാടകനും ജയലാല്‍ തന്നെയായിരുന്നു. ‘അറിയപ്പെടുന്ന പി. രവീന്ദ്രനും അറിയപ്പെടാത്ത പി. രവീന്ദ്രനും’ എന്ന വിഷയത്തിലാണ് സെമിനാര്‍. ഇതുമായി ബന്ധപ്പെട്ട സ്വാഗതസംഘത്തിലും ജയലാലിനെ ഉള്‍പെടുത്തിയിട്ടില്ല. ഡെപ്യൂട്ടി സ്പീക്കര്‍ പി. ശശിയാണ് ഉദ്ഘാടനം. മുഖ്യപ്രഭാഷകന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരനും. സിപിഎം ജില്ലാ സെക്രട്ടറി കൊല്ലായില്‍ സുദേവനും മുന്‍ എംഎല്‍എ എന്‍. അനിരുദ്ധനും പങ്കെടുക്കുന്നുണ്ട്. സെമിനാറില്‍ പരവൂര്‍ എല്‍സി സെക്രട്ടറിയും പ്രവാസി നേതാവുമായ കെ.ആര്. അജിതാണ് അധ്യക്ഷന്‍.
ലൈബ്രറി ഭരണസമിതിയിലുണ്ടായിട്ടും ജയലാലിനെ മാറ്റിനിര്‍ത്തിയത് പാര്‍ട്ടിയില്‍ ചര്‍ച്ചയായിട്ടുണ്ട്. ആശുപത്രി കുംഭകോണകേസിനെ തുടര്‍ന്ന് പാര്‍ട്ടി നടപടിയുണ്ടായ ശേഷം മണ്ഡലത്തിലെ പരിപാടികളില്‍ നിന്നെല്ലാം ജയലാലിനെ ഒഴിവാക്കുകയാണ്.
തദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പോലും പാര്‍ട്ടി നേതൃത്വം ജയലാലിന്റ അഭിപ്രായം ആരാഞ്ഞിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും പലഘട്ടത്തിലും ജയലാലിനെ ഒഴിവാക്കിയതും ചര്‍ച്ചയായി. പാര്‍ട്ടിയുടെ യോഗങ്ങളില്‍ നിന്നും ജയലാല്‍ മാറിനിന്നെങ്കിലും സിപിഎം വിളിച്ച യോഗങ്ങളില്‍ കൃത്യമായി പങ്കെടുക്കുകയും ചെയ്തിരുന്നു. ഇത് പലപ്പോഴും സിപിഐ-സിപിഎം നേതാക്കള്‍ തമ്മിലുള്ള പിണക്കത്തിന് കാരണമായിരുന്നു. അതിന് പിന്നാലെ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ സിപിഐയ്ക്ക് ഏറ്റ കനത്ത തിരിച്ചടി ജയലാലിനെ ഒഴിവാക്കിയത് കൊണ്ടാണെന്ന് ഒരുവിഭാഗം ആരോപിക്കുന്നു. അതേസമയം ജയലാലിന്റെ സ്വന്തം വാര്‍ഡില്‍ പോലും ജയിച്ചില്ലെന്ന വാദമാണ് മറുവിഭാഗം ഉന്നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: