‘ഇതുപോലൊരാള്‍ മാംസരക്തങ്ങളോടെ ഭൂമിയില്‍ ജീവിച്ചിരുന്നുവെന്നത് വരുംതലമുറകള്‍ വിശ്വസിക്കാന്‍ പ്രയാസപ്പെടും.’ ഡോ. ആല്‍ബെര്‍ട്ട് ഐന്സ്റ്റൈന് എന്ന മഹാശാസ്ത്രജ്ഞന്റെ മഹാത്മജിയെകുറിച്ചുള്ള ചരിത്രപരമായ നിരീക്ഷണമായിരുന്നു ഇത്. സനാതന ധര്‍മ്മത്തില്‍ അടിയുറച്ച് നിന്നുകൊണ്ട് രാഷ്ട്രത്തിന്റെ ഭാഗധേയം നിര്‍ണ്ണയിച്ച മഹാത്മജിയുടെ ജീവിതം ലോകത്തിന് മാര്‍ഗ്ഗദര്‍ശകമാണ്. ഗാന്ധിജിയുടെ ഒരു ഉദ്ധരണി അദ്ദേഹത്തിനു സനാതനധര്‍മത്തിലുള്ള ഉറച്ച വിശ്വാസം പ്രകടിപ്പിക്കുന്നതാണ്. ‘എന്റെ വീടിന്റെ ചുറ്റും മതിലുയര്‍ത്താനും ജനലുകള്‍ അടച്ചുപൂട്ടാനും ഞാനാഗ്രഹിക്കുന്നില്ല. എല്ലാ ദേശങ്ങളും സംസ്കാരങ്ങളും ആവുന്നത്ര സ്വഛ്ചന്ദമായി എന്റെ വീട്ടിലേക്കു വീശട്ടെ. പക്ഷെ, അതൊന്നും എന്റെ കാല്‍ച്ചുവടു തെറിപ്പിക്കാന്‍ ഞാന്‍ സമ്മതിക്കില്ല (യംഗ് ഇന്ത്യ 1.6.1921). ഓരോ രാഷ്ട്രവും തനതു സ്വത്വമോ ആത്മാവോ നഷ്ടപ്പെടുത്താതെ മറ്റുള്ളവയുടെ നല്ലവശങ്ങളെ സ്വാംശീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വതന്ത്രഭാരതം രാമരാജ്യമാകണമെന്നുള്ള ഗാന്ധിജിയുടെ വീക്ഷണവും ഇതിനോടു ചേര്‍ത്തു വായിക്കാം. ഭാരതത്തിലെ ദേശീയവാദികള്‍ക്ക് തിലകനും ഗാന്ധിജിയും നേതാജിയും മാതൃകാപുരുഷന്മാരാകുന്നത് ഈ പശ്ചാത്തലത്തിലാണ്. രാഷ്ട്രീയ സ്വയംസേവക സംഘം അതിന്റെ പ്രാത:സ്മരണയില്‍ മഹാത്മാഗാന്ധിജിയെ സ്മരിക്കുന്നു.
എന്നാല്‍ ഗാന്ധിശിഷ്യന്മാരെന്നു സ്വയം വിശേഷിപ്പിക്കുന്ന പലരും വിശ്വപൗരന്മാരാണ്. അവര്‍ക്കു ഭാരതം വെറും സ്റ്റേറ്റ് മാത്രമാണ്. നാസ്തികരെന്നു സ്വയം പ്രഖ്യാപിക്കും. ഇത്തരം നാസ്തികരെ ”ആത്മവിശ്വാസമില്ലാത്തവര്‍’ എന്നാണ് നേതാജി വിശേഷിപ്പിച്ചത്. ഇന്ത്യാ വിഭജന കാലത്തും പാക്കിസ്ഥാനുമായുള്ള ആദ്യ യുദ്ധത്തിലും ഇന്ത്യ-ചൈന യുദ്ധത്തിലും നാം ഇത് അനുഭവിച്ചറിഞ്ഞു. കാല് ചുവട്ടിലെ മണ്ണ് ഒഴുകിപോയാലും അവരടുത്ത വീട്ടിലേക്കു കൈ നീട്ടും. ആത്മവിശ്വാസം നഷ്ടപ്പെടുന്നവര്‍ ഭരണതലത്തിലെത്തിയാല്‍ വംശാധിപത്യം സ്ഥാപിക്കുമെന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. നമ്മുടെ രാഷ്ട്രീയ നേതാക്കളില്‍ പലരും മക്കള്‍ രാഷ്ട്രീയത്തിന്റെ വക്താക്കളാവുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. അവര്‍ക്കു നാട്ടിലെ ജനങ്ങളില്‍ വിശ്വാസമില്ല. പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയില്‍ വിശ്വാസമില്ല. ജനാധിപത്യത്തില്‍ പോലും വിശ്വാസമില്ല. നാട്യപ്രധാനമായ ജനാധിപത്യത്തിലാണ് ഇവരുടെ നിലനില്‍പ്പ് തന്നെ. എതിര്‍ശബ്ദങ്ങളോട് ഇവര്‍ക്കുള്ള വെറുപ്പ് പറഞ്ഞറിയിക്കാന്‍ പ്രയാസം. മഹാത്മജിയുടെ ബലിദാനദിവസം ഇത്തരമൊരു ചിന്തയ്ക്ക് ഏറെ പ്രസക്തിയുണ്ട്.
മഹാത്മജിയോടുള്ള നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന്റെ പക ബോധ്യപ്പെടണമെങ്കില്‍ ചരിത്രത്തിന്റെ നേര്‍വഴിയില്‍ നിര്‍ഭയമായി ചിന്തിക്കണം. ഗാന്ധിജിയ്ക്കു മാത്രമല്ല അദ്ദേഹത്തെ ‘രാഷ്ട്രപിതാവ്’ എന്നു വിളിച്ച നേതാജി സുഭാഷ് ചന്ദ്രബോസിനോടും നമ്മുടെ ഭരണകൂടം സ്വീകരിച്ച നിഷേധാത്മക നിലപാട് ബ്രിട്ടനോടോ ചൈനയോടോ സ്വീകരിച്ചിട്ടില്ല. സുഭാഷ്ചന്ദ്രബോസിന്റെ അന്ത്യമോ തിരോധാനമോ അന്നത്തെ ഇന്ത്യാ സര്‍ക്കാരിനു വിഷയമായില്ലെന്നു മാത്രമല്ല അദ്ദേഹം ടോക്കിയോ വിമാനാപകടത്തില്‍ മരണപ്പെട്ടു എന്നു പ്രചരിപ്പിക്കാനും മറന്നില്ല. അതില്‍ വേദനിച്ച് ‘ഇനി സുഭാഷിന്റെ ശബ്ദം നാം കേള്‍ക്കില്ല’ എന്നു മഹാത്മജി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കത്തെഴുതി.
മഹാത്മാഗാന്ധിജിയെ വധിച്ച കേസിലെ പ്രതികളെ തിരിച്ചറിഞ്ഞത് പോലിസ് ആയിരുന്നില്ല; മറിച്ച് അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ആയിരുന്നു. ആര്‍എസ്എസിനെ പ്രതിയാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമവും അതിനുള്ള ഉപപ്രധാനമന്ത്രി സര്‍ദാര്‍ പട്ടേലിന്റെ മറുപടിയും ഇങ്ങനെ:-
നെഹ്റു പട്ടേലിനെഴുതുന്നു- ‘ബാപ്പുവിന്റെ കൊലപാതകം ആര്‍എസ്എസ്. നടത്തിയ വിഷലിപ്തമായ പ്രചരണങ്ങളെ തുടര്‍ന്നുണ്ടായതാണ്. അല്ലാതെ ഒറ്റപ്പെട്ട സംഭവമല്ല എന്നു ഞാന്‍ ആവര്‍ത്തിച്ചുറപ്പിക്കുന്നു.’അതിനുള്ള പട്ടേലിന്റെ മറുപടി കേസിന്റെ സാക്ഷ്യപത്രമാണ്: ‘ഞാന്‍ ദിവസേനയെന്നോണം അന്വേഷണ പുരോഗതി വിലയിരുത്തുന്നുണ്ട്. എല്ലാ പ്രതികളും വിശദമായ മൊഴികള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം മനസിലാകുന്നത് ആര്‍എസ്എസിന് ബാപ്പുജിയുടെ ഹത്യയില്‍ ഒരു പങ്കുമില്ല എന്നാണ്.
”ഗാന്ധിജിയെ വധിച്ചതിനു ഗോഡ്സെ ഒരു നിമിത്തം മാത്രമായിരുന്നുവെന്നും അതിനു പിന്നില്‍ പലതുമുണ്ടായിരുന്നു എന്നുമുള്ള സംശയങ്ങള്‍ ആ ദുരന്തം നടന്ന അന്നുമുതല്‍ ഉയര്‍ന്നു കേള്‍ക്കുന്നതാണ്. കാലം കഴിയുന്തോറും കൂടുതല്‍ സംശയങ്ങള്‍ മുളയെടുക്കുകയും ചെയ്യുന്നു” എന്നാണ് പ്രശസ്ത പത്രപ്രവര്‍ത്തകനായ കെ.എം. റോയ് ‘ഗാന്ധി, അബ്ദുള്ള ഗാന്ധി, ഗോഡ്സെ’ എന്ന പുസ്തകത്തില്‍ പറയുന്നത്. ഗാന്ധിജിയും നേതാജിയും ശ്യാമപ്രസാദ് മുഖര്‍ജിയും ആരുടെയെങ്കിലും മുന്നോട്ടുള്ള പ്രയാണത്തിനു തടസ്സമായിരുന്നോ, അവര്‍ തന്നെയാണ് ഈ മഹാത്മാക്കളുടെ തിരോധാനത്തിന്റെ പ്രയോക്താക്കള്‍ എന്നുള്ളത് ഏതു ചരിത്ര വിദ്യാര്‍ത്ഥിയ്ക്കും എളുപ്പത്തില്‍ വായിച്ചെടുക്കാനാകും. തടസ്സങ്ങള്‍ ഏതു വിധേനയും നീക്കംചെയ്യുക എന്നത് വംശാധിപത്യ അജണ്ടയിലെ ആദ്യ ഇനമായിരുന്നു എന്നനുമാനിക്കാം. അതിനു ചിലര്‍ നിമിത്തമാകാം. ചിലര്‍ കരുക്കളാകാം.
മറ്റുചിലര്‍ നിനച്ചിരിക്കാതെ ഇരകളാകാം. എ.ജി. നൂറാനി തുടങ്ങിയ ഇടതുപക്ഷ അനുഭാവമുള്ള ചരിത്രകാരന്മരുടെ സംഭാവനയും ഇക്കാര്യത്തില്‍ ചെറുതല്ല. ദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ മഹാത്മാഗാന്ധി ഒരു പഠനവിഷയമല്ല എന്നു മാത്രമല്ല ഗാന്ധിവിരുദ്ധവിഷയങ്ങളുടെ അംഗീകൃത കളരി കൂടിയായി അതു മാറിയതും ഉദ്ദിഷ്ടകാര്യത്തിന്റെ ഉപകാരസ്മരണയായി മാത്രം കണക്കിലെടുക്കേണ്ടി വരും.
ഗാന്ധിജിയെ വധിച്ച നാഥുറാം വിനായക് ഗോഡ്സെയും കൂട്ടുകാരും ഹിന്ദുമഹാസഭയുടെ നേതാക്കളോ അംഗങ്ങളോ ആയിരുന്നു. പക്ഷെ ഗാന്ധിവധത്തിന് ശേഷം ഹിന്ദു മഹാസഭയെ നിരോധിച്ചില്ല. അതിന്റെ അഖിലേന്ത്യാ അധ്യക്ഷന്‍ നിര്‍മല്‍ചന്ദ്ര ചാറ്റര്‍ജിയെ പ്രതിയോ, മാപ്പുസാക്ഷിയെങ്കിലും ആക്കുന്നതിനു പകരം കല്‍ക്കത്ത ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിക്കുകയും ചെയ്തു. പകരം ആര്‍എസ്എസിനെ നിരോധിച്ചു. സര്‍സംഘചാലക് മാധവ സദാശിവ ഗോള്‍വള്‍ക്കറെ അറസ്റ്റുചെയ്തു ജയിലിലാക്കി.
18 മാസം കഴിഞ്ഞ് ചാറ്റര്‍ജിയെ ഹുബ്ലി നിയോജകമണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി പാര്‍ലമെന്റില്‍ എത്തിക്കുകയും ചെയ്തു. കമ്മ്യൂണിസ്റ്റ്. കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് നല്ല സ്വാധീനമുള്ള മണ്ഡലത്തില്‍ നിന്നാണ് ഈ സ്വതന്ത്രന് ജയിച്ചു കയറിയത് എന്നത് വെറും യാദൃച്ഛികമായി ആര്‍ക്കെങ്കിലും കാണാന്‍ കഴിയുമോ? കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സഖ്യത്തിന്റെ തുടക്കം ഹുബ്ലിയില്‍ നിന്നായിരുന്നു എന്നതല്ലേ സത്യം. 2009 ല്‍ സിപിഎം കല്‍പ്പന ധിക്കരിച്ച് ലോകസഭാ സ്പീക്കര്‍ പദവിയില്‍ യുപിഎ സര്‍ക്കാരിന്റെ രക്ഷകനായി അവതരിച്ച സോമനാഥ ചാറ്റര്‍ജിയുടെ പിതാവായിരുന്നു നിര്‍മല്‍ ചന്ദ്ര ചാറ്റര്‍ജി എന്നതും സ്മരണീയമാണ്.
ചാറ്റര്‍ജിയോടുള്ള വാത്സല്യം പട്ടേലിനോടു മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തോടും എങ്ങിനെയാണ് പ്രവര്‍ത്തിച്ചതെന്ന് മലയാളികള്‍ക്ക് പ്രിയങ്കരനായ എം.കെ.കെ. നായര്‍ ”ആരോടും പരിഭവമില്ലാതെ” എന്ന പുസ്തകത്തില്‍ പറയുന്നു:- ”പട്ടേലിന്റെ മരണവാര്‍ത്ത എത്തിയതിനു പിന്നാലെ നെഹ്റു രണ്ടു ഉത്തരവുകള്‍ പുറപ്പെടുവിച്ചു. രണ്ടും പട്ടേലിന്റെ സെക്രട്ടറിയായിരുന്ന വി.പി. മേനോന്റെ കയ്യിലെത്തി. ഒന്ന് പട്ടേല്‍ ഉപയോഗിച്ചിരുന്ന ഓദ്യോഗിക വാഹനം ഉടന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എത്തിക്കുക. രണ്ടാമത്തേത് ഉപപ്രധാനമന്ത്രിയുടെ ശവസംസ്കാരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് സ്വന്തം ചെലവില്‍ പോകണം എന്നുമായിരുന്നു.” കേട്ടുകേള്‍വിയില്ലാത്ത ഉത്തരവുകള്‍ ചില സംഭവവികാസങ്ങളുടെ തുടര്‍ച്ചയായി വരുമ്പോള്‍ സംശയിക്കുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയുമോ?
ഗാന്ധിജിക്കൊരിക്കലും കുടുംബാധിപത്യത്തെ പിന്തുണക്കാന്‍ കഴിയുമായിരുന്നില്ല. ”ക്ഷേത്രങ്ങളല്ല വേണ്ടത് അണക്കെട്ടുകളാണ്” തുടങ്ങിയ കയ്യടിക്കുവേണ്ടിയുള്ള പ്രയോഗങ്ങള്‍ ഗാന്ധിജിക്കു വശമായിരുന്നില്ല. കോണ്‍ഗ്രസ് പിരിച്ചുവിടാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചതും വഴിവിട്ട പോക്കിനെ തിരിച്ചറിഞ്ഞതുകൊണ്ടു കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: