ധര്‍മ്മപുത്ര മഹാരാജാവിന്റെ രാജധാനിയില്‍ ഒരു ബ്രാഹ്മണന് രാജസേവാര്‍ത്ഥം ചെന്ന്, രാജാവിനെ പുകഴ്ത്തുന്നതാണ് സന്ദര്‍ഭം:
അര്ദ്ധംദാനവവൈരി
ണാഗിരിജയാ-
പ്യര്ദ്ധം ഹരസ്യാഹൃതം
ദേവേത്ഥം ജഗതീതലേ
സ്മരഹരാളഭാവേ
സമുന്മീലിതേ
ഗംഗാ സാഗരമംബരം
ശശികലാ
നാഗാധിപ ക്ഷ്മാതലം
സര്വജ്ഞത്വമധീശ്വര
ത്വമഗമത്ത്വാം
മാം ച ഭിക്ഷാടനം
(പുരുഷാര്‍ത്ഥകൂത്ത്, രാജസേവ)
അന്വയം:
(ഹേ) ദേവാ, അല്ലയോ- മഹാരാജന്, ഹരസ്യ- ശ്രീപരമേശ്വരന്റെ, അര്‍ദ്ധം ദാനവവൈരിണാ – ഉടലിന്റെ ഒരു പകുതി മഹാവിഷ്ണുവും (ദാനവവൈരി എന്നാല്‍, മഹാവിഷ്ണു) ഗിരിജയാ അപി അര്‍ദ്ധം ഹൃതം – മറ്റേപ്പകുതി പാര്‍വതീദേവിയും കൈവശപ്പെടുത്തി. ഇത്ഥം ജഗതീതലേ സ്മരഹരാളഭാവേ സമുന്മീലിതേ- ഇപ്രകാരം ജഗത്തിങ്കല്‍ ശ്രീപരമേശ്വരന്റെ അഭാവം വന്നപ്പോള്‍, ഗംഗാ സാഗരം-ഗംഗാദേവി സാഗരത്തിലേക്കു പോയി. ശശികലാ അംബരം- ചന്ദ്രക്കല ആകാശത്തേയ്ക്കു പോയി. നാഗാധിപ ക്ഷ്മാതലം-പാമ്പുകള്‍ പാതാളത്തിലേക്കു പോയി. സര്‍വജ്ഞത്വം- എല്ലാം അറിയാമെന്ന സ്ഥിതി. അധീശ്വരത്വം- എല്ലാത്തിന്റെയും സ്വാമിയാണെന്ന അവസ്ഥ. അഗമത് ത്വാം- അവിടുത്തെ അടുത്തേക്കു വന്നു. മാം ച ഭിക്ഷാടനം -ഭഗവാന്റെ ഭിക്ഷാടനം എന്നിലും വന്നു ചേര്‍ന്നു.
അല്ലയോ മഹാരാജന്, ശ്രീപരമേശ്വരന്റെ ശരീരത്തിന്റെ ഒരു പകുതി മഹാവിഷ്ണുവും, മറ്റേപ്പകുതി പാര്‍വ്വതീദേവിയും കൈവശപ്പെടുത്തിയപ്പോള്‍ ജഗത്തില്‍ ശ്രീപരമേശ്വരന് ഇല്ലാ എന്ന അവസ്ഥ വന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ ഭൂഷണങ്ങള്‍ ഒന്നൊന്നായി ഓരോ ദിക്കിലേക്കു പോയി. തിരുമുടിയിലെ ഗംഗ സമുദ്രത്തിലേക്കും, ചന്ദ്രക്കല ആകാശത്തേക്കും പോയി. സര്‍പ്പങ്ങള്‍ പാതാളത്തിലേക്കു പോയി. എല്ലാം അറിയാമെന്ന അദ്ദേഹത്തിന്റ ഗുണവും എല്ലാത്തിന്റേയും സ്വാമിയാണെന്ന അദ്ദേഹത്തിന്റെ അവസ്ഥയും അങ്ങേക്ക് വന്നു ചേര്‍ന്നു. അദ്ദേഹത്തിന്റെ ഒരു കാര്യമേ ബാക്കിയുണ്ടായുള്ളൂ- ഭിക്ഷാടനം- അത് എന്നിലും വന്നു.
മഹാരാജാവ് സര്‍വജ്ഞനാണെന്നും, എല്ലാവരുടേയും സ്വാമിയാണെന്നും, അദ്ദേഹത്തിന്റെ സമീപം താനൊരു ഭിക്ഷാംദേഹിയായി വന്നവനാണെന്നുമുള്ളത് എത്ര ചാതുര്യത്തോടെയാണ് ബ്രാഹ്മണന് അവതരിപ്പച്ചത് എന്നു കാണൂ. അസുരന്മാരുടെ അടുത്തു നിന്ന് അമൃതാപഹരണത്തിന്, മഹാവിഷ്ണു മോഹിനീരൂപധാരിയായത് കണ്ട് പരമശിവന് മോഹിച്ചുവത്രേ. അതാണ് പരമശിവന്റെ പകുതി ദേഹം മഹാവിഷ്ണു കൈവശപ്പെടുത്തി എന്നു പറഞ്ഞത്. പാര്‍വതീദേവി പണ്ടേതന്നെ ഭഗവാന്റെ പകുതി ദേഹം കൈവശപ്പെടുത്തിയിട്ടുണ്ടല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: