ഈ ജന്മത്തില്‍ സ്വന്തം കണ്ണുകൊണ്ട് കാണാന്‍ കഴിയുമോ എന്ന് ശ്രീരാമഭക്തര്‍പോലും സംശയിക്കുകയും ഒരിക്കലും നടക്കില്ലെന്ന് എതിരാളികള്‍ വിശ്വസിക്കുകയും ചെയ്ത, അയോദ്ധ്യയിലെ പവിത്രമായ ശ്രീരാമജന്മഭൂമിയിലെ ക്ഷേത്രനിര്‍മ്മാണം സമാരംഭിച്ചിരിക്കുകയാണല്ലോ. ക്ഷേത്രനിര്‍മ്മാണത്തില്‍ ശ്രീരാമഭക്തരായ ഓരോ ഹിന്ദുവിനെയും പങ്കാളിയാക്കുക എന്ന ചരിത്രപരമായ വെല്ലുവിളിയാണ് രാമക്ഷേത്രനിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്ന ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. ശിലാന്യാസവും കര്‍സേവയും ഭൂമിപൂജയും പോലെ അത്യന്തം പ്രാധാന്യമുള്ളതാണ് ക്ഷേത്രനിര്‍മ്മാണത്തില്‍ ഭാഗഭാക്കാകാന്‍ തയ്യാറായി നില്‍ക്കുന്ന ഭക്തജനകോടികളുടെ സമര്‍പ്പണം സംഗ്രഹിക്കുക എന്നതും. ഈ യജ്ഞത്തില്‍ ഓരോ ഹിന്ദുവും പങ്കുചേരുമ്പോഴേ സമ്പൂര്‍ണ്ണ ഹിന്ദുസമാജത്തിന്റെയും സംഘടിത ശക്തിയുടെയും ഉണര്‍ന്നെണീറ്റ ആത്മാഭിമാനത്തിന്റെയും പ്രതീകമായിത്തീരാന്‍ ശ്രീരാമജന്മഭൂമിയില്‍ നിര്‍മ്മിക്കുന്ന ശ്രീരാമക്ഷേത്രത്തിനു കഴിയൂ. ശ്രീരാമക്ഷേത്രത്തിനുവേണ്ടി അഞ്ചു ലക്ഷത്തി ഒരുനൂറു രൂപ സമര്‍പ്പിച്ചുകൊണ്ട് ഭാരത രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് തന്നെ നിധിസംഗ്രഹത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് ശ്രീരാമക്ഷേത്രനിര്‍മ്മാണം ഒരു ദേശീയ ദൗത്യമാണെന്ന ബോദ്ധ്യത്തിന് ഒരിക്കല്‍ കൂടി അടിവരയിടുന്നു. ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ അന്നത്തെ രാഷ്‌ട്രപതി ഡോ. രാജേന്ദ്രപ്രസാദ് പങ്കാളിയായതുപോലെ ശ്രീരാമക്ഷേത്രനിര്‍മ്മാണത്തില്‍ ഇപ്പോഴത്തെ രാഷ്‌ട്രപതിയും പങ്കുചേര്‍ന്നത് ഹിന്ദു സമാജത്തെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം അഭിമാനാര്‍ഹമാണ്.
അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രനിര്‍മ്മാണം അനേകായിരം ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മ്മിച്ച ഹിന്ദുസമാജത്തെ സംബന്ധിച്ചിടത്തോളം കേവലം ഒരു ക്ഷേത്രത്തിന്റെ കൂടി പുനര്‍നിര്‍മ്മാണമല്ല എന്ന് ഇതിനകം എല്ലാവരും മനസ്സിലാക്കിയിട്ടുള്ളതാണ്. ധര്‍മ്മത്തിന്റെ ആള്‍രൂപവും മര്യാദാപുരുഷോത്തമനുമായി പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ള ശ്രീരാമന്‍ ഭാരതീയ സംസ്‌കാരം മുന്നോട്ടുവെക്കുന്ന ആദര്‍ശപുരുഷന്മാരില്‍ അദ്വിതീയനാണ്. രാമരാജ്യം എന്ന മഹത്തായ സങ്കല്പം പോലും എത്ര ഉന്നതമായ ആദര്‍ശമാണ് ശ്രീരാമന്‍ പ്രതിനിധീകരിക്കുന്നത് എന്നതിന്റെ സൂചനയാണ്. ‘ജനനീ ജന്മഭൂമിശ്ച, സ്വര്‍ഗ്ഗാദപി ഗരീയസി’ എന്ന് ഉദ്‌ഘോഷിച്ച ശ്രീരാമന്‍, പെറ്റമ്മയും പിറന്ന നാടും സ്വര്‍ഗ്ഗത്തെക്കാള്‍ മഹത്തരമെന്നു പറഞ്ഞുകൊണ്ട് ഭാരതീയ രാഷ്‌ട്രസങ്കല്പത്തിന്റെ തന്നെ അടിത്തറ പാകിയ മഹദ് പുരുഷനാണ്. 492 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദേശ അക്രമിയായ ബാബര്‍ അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിയിലുണ്ടായിരുന്ന ക്ഷേത്രം തകര്‍ത്ത് പള്ളിയാക്കി മാറ്റിയപ്പോള്‍ ഭാരതത്തിന്റെ ദേശീയ ബോധത്തിന്റെ കടയ്‌ക്കല്‍ കത്തിവെക്കുകയായിരുന്നു അതിലൂടെ ചെയ്തത്. അപമാനത്തിന്റെയും അടിമത്തത്തിന്റെയും ഈ ചിഹ്നവും പേറി ദീര്‍ഘകാലം ഭാരതത്തിനു കഴിയേണ്ടിവന്നു. അന്യാധീനമായ ശ്രീരാമജന്മഭൂമി വീണ്ടെടുക്കുന്നതിന് ഹിന്ദുസമാജം നിരന്തരമായ പോരാട്ടത്തിലായിരുന്നു. 76 സംഘര്‍ഷങ്ങളിലായി നാലു ലക്ഷത്തിലധികം ശ്രീരാമഭക്തരാണ് ഈ യത്‌നത്തില്‍ ബലിദാനികളായത് എന്ന വസ്തുത എത്ര പ്രാധാന്യമാണ് ഹിന്ദു സമാജം അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിനു നല്‍കിയത് എന്നതിന്റെ സൂചനയാണ്. ശ്രീരാമ ജന്മഭൂമിയുടെ മോചനത്തിനുവേണ്ടി നടന്ന പ്രക്ഷോഭവും 1992 ഡിസംബര്‍ 6ന് കര്‍സേവയിലൂടെ അടിമത്തചിഹ്നം നീക്കിയതും കോടതി നടപടികളും എല്ലാം കഴിഞ്ഞ് ഇന്ന് ശ്രീരാമക്ഷേത്രമെന്ന ലക്ഷ്യം യാഥാര്‍ത്ഥ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.
ചരിത്രവസ്തുതകള്‍, റഡാര്‍ ചിത്രങ്ങള്‍, പുരാവസ്തുപഠനങ്ങള്‍ തുടങ്ങിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് 2019 നവംബര്‍ 9ന് സുപ്രീംകോടതി 14,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഭൂമി രാംലാലയുടേതാണെന്ന് വിധിയെഴുതിയത്. 2020 ഫെബ്രുവരി 5ന് സര്‍ക്കാര്‍ കോടതി നിര്‍ദ്ദേശാനുസരണം ഈ ഭൂമി ഏറ്റെടുക്കുകയും ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രട്രസ്റ്റ് എന്ന പേരില്‍ ഒരു ട്രസ്റ്റിനു രൂപം നല്‍കി നിയമാനുസൃതം സര്‍ക്കാര്‍ കൈവശമുള്ള 70 ഏക്കര്‍ ഭൂമി ട്രസ്റ്റിനു കൈമാറുകയും ചെയ്തു. 2020 ആഗസ്റ്റ് 5ന് ഭാരതത്തിലുടനീളമുള്ള വിവിധ സമ്പ്രദായങ്ങളില്‍ പെട്ട സന്ന്യാസിശ്രേഷ്ഠന്മാരുടെയും ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവതിന്റെയും സാന്നിദ്ധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഭൂമിപൂജയും ശിലാസ്ഥാപനവും നടത്തിയത്. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന്റെ സാഫല്യമായാണ് ആ മുഹൂര്‍ത്തത്തെ സര്‍സംഘചാലക് വിശേഷിപ്പിച്ചത്. അതേസമയം സാംസ്‌കാരിക സ്വാതന്ത്ര്യദിനമായാണ് ആ ദിവസത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
ക്ഷേത്രനിര്‍മ്മാണത്തിനുള്ള വിപുലമായ ഒരുക്കങ്ങള്‍ ദശാബ്ദങ്ങള്‍ക്കു മുമ്പു തന്നെ തുടങ്ങിയിരുന്നു. വലിപ്പത്തില്‍ ലോകത്തിലെ മൂന്നാമത്തെ ക്ഷേത്രമാണ് ശ്രീരാമജന്മഭൂമിയില്‍ ഉയരാന്‍ പോകുന്നത്. 300 അടി നീളത്തിലും 280 അടി വീതിയിലുമായി 84000 ചതുരശ്ര അടി വിസ്തൃതിയില്‍ ഉയരുന്ന ഈ ക്ഷേത്രം ഭാരതീയ വാസ്തുകലയിലെ ഒരു നിത്യവിസ്മയമായിരിക്കും. അഹമ്മദാബാദിലെ വാസ്തുശില്പ വിദഗ്ധന്‍ ചന്ദ്രകാന്താണ് ക്ഷേത്രത്തിന്റെ രൂപകല്പന നിര്‍വ്വഹിച്ചിരിക്കുന്നത്. 161 അടി ഉയരത്തില്‍ മൂന്ന് നിലകള്‍ ഉള്ള അഞ്ച് ഗോപുരങ്ങളോടു കൂടിയതായിരിക്കും തീര്‍ത്ഥക്ഷേത്രം. 120 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന അനുബന്ധസ്ഥാപനങ്ങളും കൂടി ചേരുമ്പോഴാണ് ഈ മഹാസങ്കല്പം പൂര്‍ണതയിലെത്തുക. 3 വര്‍ഷം കൊണ്ട് ഒന്നാം ഘട്ടം പണി പൂര്‍ത്തിയാക്കാനും 10 വര്‍ഷം കൊണ്ട് മുഴുവന്‍ പണിയും പൂര്‍ത്തിയാക്കാനുമാണ് ട്രസ്റ്റ് തീരുമാനിച്ചിട്ടുള്ളത്.
ക്ഷേത്ര നിര്‍മ്മാണത്തിനു സമാന്തരമായി ഭാരതത്തിലെ ദേശഭക്തരായ ഓരോ പൗരന്റെയും ഹൃദയത്തിലും പരിവര്‍ത്തനം ഉണ്ടാകണമെന്ന ആചാര്യശ്രേഷ്ഠരുടെ ആഹ്വാനം ഏറ്റെടുത്തുകൊണ്ടാണ് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര നിര്‍മ്മാണ ധനസംഗ്രഹ സമിതി ക്ഷേത്ര നിര്‍മ്മാണത്തില്‍ മുഴുവന്‍ ദേശവാസികളെയും സമ്പര്‍ക്കം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളത്. ക്ഷേത്രനിര്‍മ്മാണത്തിനാവശ്യമായ രണ്ടായിരത്തി അഞ്ഞൂറ് കോടി രൂപ ഇതിലൂടെ സമാഹരിക്കാന്‍ കഴിയുമെന്ന് ട്രസ്റ്റ് കരുതുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ദേശവ്യാപകമായി നടക്കുന്ന ധനസംഗ്രഹ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലും വിപുലമായ തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്. ജനുവരി 31 മുതല്‍ ഫെബ്രുവരി 21 വരെയുള്ള കാലയളവില്‍ കേരളത്തിലെ 14000 ഗ്രാമങ്ങളിലെ മുഴുവന്‍ ജനങ്ങളെയും സമ്പര്‍ക്കം ചെയ്യാനാണ് ധനസംഗ്രഹത്തിനു വേണ്ടിയുള്ള കേരള സംസ്ഥാന സമിതി തീരുമാനിച്ചിട്ടുള്ളത്. അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിയുടെ മോചനത്തിനുവേണ്ടിയുള്ള പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്ന അതേ ആവേശത്തോടെ ക്ഷേത്രനിര്‍മ്മാണത്തിനു വേണ്ടിയുള്ള ധനസംഗ്രഹത്തിലും നമുക്ക് പങ്കുചേരാം.
ഓണ്‍ലൈന്‍ വഴി സംഭാവന സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമുള്ള എല്ലാ വിവരങ്ങളും ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ വെബ് സൈറ്റില്‍ നിന്നും ലഭ്യമാണ്.
ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: