അയല്‍ സംസ്ഥാനക്കാരന് എന്നതു മാത്രമല്ല, കേരളത്തിന്റെ ചുമതലയുള്ള ബിജെപിയുടെ ദേശീയ സെക്രട്ടറിയായ സി.പി. രാധാകൃഷ്ണന്റെ പ്രത്യേകത. കോയമ്പത്തൂരില്‍ നിന്നുള്ള ലോക്സഭാംഗമായിരിക്കെ കേരളത്തിലെ ഒട്ടേറെ വിഷയങ്ങള്‍ പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന അദ്ദേഹം കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ കാര്യങ്ങള്‍ പഠിച്ചറിഞ്ഞയാളാണ്. കേരളത്തിന്റെ ചുമതലയേറ്റശേഷം ആദ്യമായി നടക്കുന്ന ബിജെപി സംസ്ഥാന യോഗത്തിനുള്ള ഒരുക്കങ്ങള്‍ക്കായി എത്തിയ സി.പി. രാധാകൃഷ്ണന് ജന്മഭൂമിയുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്തു.
- തെരഞ്ഞെടുപ്പ് തീയതിയേ അറിയാനുള്ളു. ബിജെപി ഒരുങ്ങിയോ
ശക്തമായ രാഷ്ട്രീയ നിലപാടുകളുമായി ബിജെപി ഇവിടെയുണ്ട്. സംസ്ഥാനത്തെ മൂന്നാമത്തെ പാര്‍ട്ടിയാണ്. തയാറെടുപ്പില്‍, ഭരണമുന്നണിയുടെയും ഔദ്യോഗിക പ്രതിപക്ഷത്തിന്റെയും മുന്നിലോ ഒപ്പമോ ആണ് ബിജെപിയുടെ എന്‍ഡിഎ. ഫെബ്രുവരി മൂന്ന്, നാല് തീയതികളില്‍ പാര്‍ട്ടി ദേശീയാധ്യക്ഷന്‍ ജെ.പി. നദ്ദ പങ്കെടുക്കുന്ന പാര്‍ട്ടി പരിപാടികളോടെ ഔദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനം തുടങ്ങും.
- ബിജെപിയുടെ പ്രതീക്ഷയും സാധ്യതയും
പ്രതീക്ഷ 73 സീറ്റ് നേടണമെന്നാണ്. അതിന് സാധ്യത ഇല്ലാതില്ല. രണ്ടു മുന്നണികളുടെയും മാറിമാറിയുള്ള ഭരണം കേരള ജനത മടുത്തു. അവര്‍ ഒരേ നടപടികള്‍ ആവര്‍ത്തിക്കുന്നു, സംസ്ഥാനത്തിന്റെ ഗതിയും മാറ്റമില്ലാതെ തുടരുന്നു. ഇതിന് മാറ്റം വേണമെന്ന് ജനം ആഗ്രഹിക്കുന്നു. അത് സഫലമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.
- പ്രതീക്ഷയ്ക്ക് തക്കകാരണം പറഞ്ഞാല്‍
ഒന്ന് കേന്ദ്ര സര്‍ക്കാരാണ്. അത് മാതൃകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ആ മാതൃക പിന്തുടരുന്നതും കേന്ദ്ര സര്‍ക്കാരുമായി സഹകരിക്കുന്നതും സംസ്ഥാനത്തിന് നേട്ടമാകുന്നു. കേരളത്തില്‍ കേന്ദ്രത്തോട് എതിര്‍ത്തു നില്ക്കുന്ന ഭരണ സംവിധാനമല്ല വേണ്ടതെന്ന് ജനങ്ങള്‍ക്ക് തോന്നിയിട്ടുണ്ട്. അഞ്ചു വര്‍ഷത്തെ കേന്ദ്ര ഭരണ നേട്ടവും ഈ കാലത്തെ സംസ്ഥാന നേട്ടവും വിലയിരുത്തട്ടെ. കേന്ദ്ര സര്‍ക്കാര്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങളല്ലാതെ കേരളത്തില്‍ എന്തുണ്ടായി.
- തുടര്ഭരണത്തിനാണല്ലോ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രമിക്കുന്നത്
അവര്‍ക്ക് ആഗ്രഹിക്കാം. പക്ഷേ, എന്ത് ഭരണ നേട്ടമാണ് അവര്‍ക്ക് പറയാനുള്ളത്? കേന്ദ്രത്തിന്റെ പദ്ധതികള്‍ പേരുമാറ്റി അവതരിപ്പിച്ചതോ? കേരളം എത്ര ഊര്‍ജം ഉല്‍പ്പാദിപ്പിച്ചു? ഏതെങ്കിലും വൈദ്യുതപദ്ധതി ഉണ്ടായോ? എത്ര വ്യവസായ സംരംഭങ്ങള്‍ ഉണ്ടായി? എത്ര റോഡ് നിര്‍മിച്ചു. ഉല്‍പ്പാദന മേഖലയില്‍ എന്തുചെയ്തു? അഴിമതിയും ക്രമക്കേടുകളുമാണ് ഈ സര്‍ക്കാരിന്റെ ഭരണ നേട്ടം.
- ഒരേ സമയം കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് മുന്നണികളെ നേരിടാന്‍ ബിജെപി എത്രത്തോളം സജ്ജമാണ്
മറ്റ് സംസ്ഥാനങ്ങളില്‍ ഇല്ലാത്ത രാഷ്ട്രീയ പ്രതിരോധം ബിജെപി ഇവിടെ നേരിടുന്നുണ്ട്. രണ്ടു വലിയ രാഷ്ട്രീയ പാര്‍ട്ടികള്‍, അവരുടെ നേതൃത്വത്തിലുള്ള മുന്നണികള്‍. ഇവരെ പ്രതിരോധിച്ചു വേണം ബിജെപി വളരാന്‍. പക്ഷേ, പാര്‍ട്ടി വളര്‍ന്നു, വളര്‍ന്നുകൊണ്ടിരിക്കുന്നു.
ബംഗാളിലും ത്രിപുരയിലും സമാനമായിരുന്നു സാഹചര്യം. രണ്ടിടത്തും കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളുമായിരുന്നു മുഖ്യം. അവിടെ ബിജെപി നേടി, നേടുന്നു ഇവിടെയും സാധ്യമല്ലാത്തതല്ല.
കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബിജെപിയുടെ രാഷ്ട്രീയ പ്രഖ്യാപനം. ദേശീയ തലത്തില്‍ കമ്യൂണിസ്റ്റ് രാഷ്ട്രീയം ഒന്നുമല്ലാത്തതിനാലാണ് അത്. കമ്യൂണിസ്റ്റുകളുടെ ദുഷ്ടതയും ക്രൂരതയും കേരളത്തിലാണ് ഏറെ. രണ്ടിനേയും കീഴടക്കുകയാണ് ബിജെപി ലക്ഷ്യം. അതിന് വ്യക്തമായ പദ്ധതിയുമുണ്ട്.
- പക്ഷേ കേരളത്തിലെ സാഹചര്യം വേറെയല്ലേ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി ലക്ഷ്യം കണ്ടോ
കേരള സാഹചര്യം വ്യത്യസ്തമാണ്; സാധ്യതയും. ഇവിടെ ജാതി-മത അടിസ്ഥാനത്തില്‍ സംഘടനയും രാഷ്ട്രീയ പാര്‍ട്ടികളുമുണ്ട്. അവയില്‍ പലതിനും ബിജെപിയോട് തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അത് ഏറെ മാറി. വരും നാളുകളില്‍ അത്ഭുതകരമായ മാറ്റം വരും. ചിലര്‍ പറഞ്ഞു പരത്തിയിരുന്നതുപോലെ, മറ്റു മതങ്ങളേയും വിഭാഗങ്ങളേയും എതിര്‍ക്കുന്നതല്ല ബിജെപിയുടെ ഹിന്ദുത്വം എന്ന് അവര്‍ക്ക് മനസിലായി.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ അമിത പ്രതീക്ഷയും ലക്ഷ്യവും പാര്‍ട്ടിക്കു മേല്‍ അനുഭാവികള്‍ പ്രകടിപ്പിച്ചു. അത് നേടിയില്ല എന്നത് സത്യം. പക്ഷേ, പാര്‍ട്ടിയുടെ വ്യാപനവും വോട്ടു വര്‍ധനയും വലിയ ആവേശം നല്‍കുന്നതാണ്.
- പാര്‍ട്ടിക്കുള്ളില്‍ പലതരം പ്രശ്നങ്ങള്‍ എന്ന വാര്‍ത്തകളോട് പ്രതികരിച്ചാല്‍
മറ്റു പാര്‍ട്ടികളുടെ അതേ സ്വഭാവവും ഘടനയും വച്ച് ബിജെപിയെ വിലയിരുത്തുന്നവര്‍ നടത്തുന്ന പ്രചാരണങ്ങളാണത്. കേരളത്തിലെ ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും ഏതെങ്കിലും തരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ആക്രമണം അനുഭവിച്ചിട്ടുള്ളവരാണ്. കെ.ടി. ജയകൃഷ്ണന് എന്ന യുവമോര്‍ച്ച നേതാവ് വിദ്യാര്‍ഥികളുടെ മുന്നില്‍ കമ്യുണിസ്റ്റുകളാല് കൊലചെയ്യപ്പെട്ട സംഭവം അന്വേഷിക്കാന്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി സംഘത്തെ അയച്ചു. അതില്‍ ഞാനുമുണ്ടായിരുന്നു. അങ്ങനെ എത്രയെത്ര സംഭവങ്ങള്‍. കേരളം, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിലാണ് കമ്യൂണിസ്റ്റുകളുടെ ആക്രമണം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ ഉണ്ടായിട്ടുള്ളത്. അത് എല്ലാ പ്രവര്‍ത്തകര്‍ക്കും അറിയാം. കോണ്‍ഗ്രസിന്റെ ഭരണം വരുമ്പോള്‍ ഈ അക്രമികള്‍ക്കും കുറ്റവാളികള്‍ക്കും ഒപ്പമാണവര്. ബിജെപിയേയും ആര്‍എസ്എസിനേയും ഇല്ലാതാക്കാന്‍ ഈ രണ്ടുപാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഇവര്‍ക്കെതിരേ പൊരുതി വിജയിക്കാന്‍ ബിജെപി-സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ ഒറ്റ മനസോടെയാണ്. നിലനില്‍പ്പിന്റെ യുദ്ധത്തില്‍ ഒരു ഭിന്നതയും പാര്‍ട്ടിയിലില്ല. അത് സാധിക്കില്ല. അങ്ങനെ ചെയ്താല്‍ അവരെ പ്രവര്‍ത്തകര്‍ അംഗീകരിക്കില്ല.
- കമ്യുണിസ്റ്റുകള്‍ ഹിന്ദുത്വമാണല്ലോ തെരഞ്ഞെടുപ്പുകാലത്ത് പ്രയോഗിക്കുന്നത്
കേരളത്തില്‍ മാത്രമല്ല, തമിഴ്നാട്ടിലും ബിജെപിയുടെ എതിരാളികള്‍ ഇത്തരം വേഷംകെട്ടലുകള്‍ നടത്തുന്നു. അത് എന്തുകൊണ്ട്, എന്തിന്? എത്രനാളേക്ക്? എന്ന് തിരിച്ചറിയണം. ജനങ്ങള്‍ക്ക് അതിന് കഴിവുണ്ട്.
തമിഴ്നാട്ടില്‍ ഹിന്ദുത്വത്തേയും ഹിന്ദുമത വിശ്വാസങ്ങളേയും അപമാനിച്ചിരുന്ന ഡിഎംകെയുടെ നേതാവ് സ്റ്റാലിന്, നെറ്റി മുഴുവന്‍ ഭസ്മം പൂശി, കൈയില്‍ വേലുമേന്തി രാഷ്ട്രീയ പ്രചാരണ യാത്ര നടത്തുന്നു. എന്തുകൊണ്ടാണിത്? ബിജെപി-സംഘപരിവാര്‍ പ്രവര്‍ത്തനം മൂലം. കേരളത്തില്‍ സിപിഎം ശബരിമല റെയില്‍ പാതയ്ക്ക് സഹകരണം പ്രഖ്യാപിക്കുന്നു, തീര്‍ഥാടന സൗകര്യം കൂട്ടാന്‍ പരിശ്രമിക്കുന്നു. എന്തുകൊണ്ടാണ്? ബിജെപി-സംഘപരിവാര്‍ ശക്തമായതുകൊണ്ട്. പക്ഷേ എന്തിനാണിത്? തെരഞ്ഞെടുപ്പില്‍ വോട്ട് ലക്ഷ്യമിട്ട്. എത്രകാലത്തേക്കാണ്? അധികാരത്തില്‍ കയറുംവരെ.
അധികാരമുള്ളപ്പോള്‍ ഈ രണ്ടു മുന്നണികളും ചെയ്തത് വോട്ടര്‍മാര്‍ക്കറിയാം. കോണ്‍ഗ്രസ് ദേശീയതലത്തില്‍ പരീക്ഷിച്ച് പരാജയപ്പെട്ട മൃദു ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വേറൊരു പതിപ്പാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ കാപട്യം. അത് വോട്ടര്‍മാര്‍ തിരിച്ചറിയും. കമ്യൂണിസ്റ്റുകള്‍ മതത്തേയും വിശ്വാസത്തേയും അംഗീകരിക്കാനും അനുസരിക്കാനും തുടങ്ങി. അത് ബിജെപി മൂലമാണ്. എങ്കില്‍ അത് ബിജെപിയെപ്പോലെ നയമായി പ്രഖ്യാപിച്ച് നടപ്പാക്കിയാല്‍ പോരേ? അപ്പോള്‍ സിപിഎം എന്തിനാണ്, ബിജെപി പോരേ?
വ്യക്തമായ നയവും ഉറച്ച നിലപാടുമുള്ള ബിജെപി ഉള്ളപ്പോള്‍, വോട്ടുതട്ടാനുള്ള മറ്റു പാര്‍ട്ടികളുടെ അടവു നയങ്ങളും നിലപാടുകളും വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞത് ഇവിടെയും ആവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: