കുണ്ടറ: ഏതുനിമിഷവും ഇടിഞ്ഞുതാഴുമെന്ന അവസ്ഥയില്‍ ഒരു പഞ്ചായത്ത് കിണര്‍. ഇളമ്പള്ളൂര്‍ പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പഞ്ചായത്ത് കിണറാണ് അപകടഭീതി പരത്തുന്നത്. കന്യാകുഴി ഹെല്‍ത്ത് സെന്ററിന് സമീപമാണിത്. മുമ്പ് ദിവസേന മൂന്നൂറിലേറെ പേര്‍ ഈ കിണറ്റില്‍ നിന്ന് വെള്ളം എടുത്തിരുന്നു. എന്നാല്‍ കിണറിന്റെ തകര്‍ച്ച കാരണം വെള്ളം കോരിയെടുക്കാനാകുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കിണറിന് ഇരുമ്പുനിര്‍മിത അടപ്പ് ഇട്ടതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. ഇപ്പോള്‍ ഈ കിണറിന്റെ കഴുത്ത്, തൂണ്‍, പാലം, ഫ്‌ളാറ്റ്‌ഫോം എന്നിവ ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന സ്ഥിതിയിലാണ്.
കിണറ്റിനുള്ളില്‍ നിറയെ കാടുപിടിച്ചു. ഏത് വേനലിലും വറ്റാത്ത ഉറവയും, തണുത്ത വെള്ളവുമാണ് ഈ കിണറിന്റെ പ്രത്യേകത. കുടിവെള്ള സ്രോതസ്സുകള്‍ സംരക്ഷിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഇതുപോലെ ഉള്ള കിണറുകളും, കുളങ്ങളും സംരക്ഷിച്ച് ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തണമെന്നാണ് ഉയരുന്ന ആവശ്യം.
മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ സിപിഐയിലെ ജലജാഗോപന്റെ വാര്‍ഡിലാണ് ഈ കിണര്‍. ജലസംരക്ഷണത്തിന് നിരവധി ഫണ്ടുകള്‍ പഞ്ചായത്തില്‍ ഉണ്ടായിട്ടും മെമ്പര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. മഴക്കാലം വരുന്നതിന് മുന്‍പെ കിണര്‍ സംരക്ഷിച്ചും വെടിപ്പാക്കിയും കുടിവെള്ളം ഉപയോഗ യോഗ്യമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: