ന്യൂദല്‍ഹി: ലോകത്താകെ കൊവിഡ് രോഗികളുടെ എണ്ണം പത്തു കോടി കടന്നു. 2019 ഡിസംബറില്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ ഇന്നലെ വരെ 10,15,18,606 പേരെയാണ് കൊവിഡ് ബാധിച്ചത്. ലോക ജനസംഖ്യയുടെ 1.3 ശതമാനമാണിത്.
കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചു കോടിയെത്തിയത് പതിനൊന്നു മാസമെടുത്താണ്. കഴിഞ്ഞ നവംബര്‍ ഏഴിന് രോഗബാധിതരുടെ എണ്ണം 5,04,42,509. അടുത്ത അഞ്ചു കോടി കടക്കാന്‍ വേണ്ടിവന്നത് രണ്ടര മാസം മാത്രം. ഈ വര്‍ഷം തുടങ്ങിയതിനു ശേഷം ഓരോ 7.7 സെക്കന്‍ഡിലും ഒരാളെ എന്ന കണക്കില്‍ കൊവിഡ് ബാധിക്കുന്നുണ്ടെന്നാണു കണ്ടെത്തിയിരിക്കുന്നത്. ജനുവരി എട്ടിനാണ് 8,42,885 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന വൈറസ് ബാധ രേഖപ്പെടുത്തിയ ദിവസം.
എന്നാല്‍, ഇന്ത്യയില്‍ രോഗികളുടെ എണ്ണം കുറയുകയാണ്. ഒരു ദിവസം ശരാശരി 13,700 എന്ന കണക്കിനാണ് നിലവില്‍ ഇന്ത്യയിലെ പുതിയ രോഗികളുടെ എണ്ണം. സെപ്തംബര്‍ 16ന് 97,859 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ അതിന്റെ പതിനഞ്ചു ശതമാനത്തോളം മാത്രമാണ് പ്രതിദിന രോഗബാധിതര്‍. ആഗോളതലത്തില്‍ ഇതുവരെ 21 ലക്ഷത്തിലേറെ പേര് മരിച്ചു. 2.15 ശതമാനമാണ് മരണനിരക്ക്. യൂറോപ്പിലെ സ്ഥിതി ഇപ്പോഴും അതീവ ഗുരുതരം. ഓരോ നാലു ദിവസത്തിലും 10 ലക്ഷം പുതിയ രോഗികളാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളത്.
ലോകത്തിലെ ആകെ കൊവിഡ് രോഗികളില്‍ 10 ശതമാനവും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളായ റഷ്യ, പോളണ്ട്, യുക്രെയ്ന് എന്നിവിടങ്ങളില്‍ നിന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: