കേരളത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെഎസ്ആര്‍ടിസിയുടെ കട-ജഡ ഭാരം ഏറ്റെടുക്കുമെന്നും പെന്ഷന് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഴുവന്‍ എംപാനല്‍ ജീവനക്കാരേയും സ്ഥിരപ്പെടുത്തുമെന്നും പ്രകടന പത്രികയില്‍ പറഞ്ഞ് ഇടതുപക്ഷം അധികാരത്തില്‍ വന്നു. എന്നാല്‍ അവസാനം അവതരിപ്പിച്ച ബഡ്ജറ്റില്‍ പോലും അവ നടപ്പിലാക്കിയില്ല. പകരം, ജീവനക്കാരെ ഇല്ലാതാക്കാനും സ്ഥാപനത്തിന്റെ സ്വത്ത് വകകള്‍ വിറ്റഴിച്ച് സ്വകാര്യവത്കരിക്കാനുള്ള നടപടികളുമാണ് സ്വീകരിച്ചത്.
ഇതിനെതിരെ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയും പ്രതിഷേധവും ഉയര്‍ന്നു. ഭരണപരാജയം മറയ്ക്കാന്‍ കോലാഹലമുണ്ടാക്കിയിട്ട് കാര്യമില്ല. ഉത്തരവാദിത്തപ്പെട്ടവര്‍ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കണം. പൊതു സമൂഹത്തില്‍ തൊഴിലാളികളെ അപമാനിച്ചാല്‍, പൊതുമുതല്‍ സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കുന്നതിനെ പൊതുജനം അനുകൂലിക്കും എന്നത് മിഥ്യാധാരണയാണ്.
ഒരു തൊഴിലാളി സംഘടനയും ഡീസല്‍ ബസുകളെ സിഎന്‍ജി, എല്‍എന്‍ജി എന്നിവയിലേക്ക് മാറ്റുന്നതിനെ എതിര്‍ത്തിട്ടില്ല. ഒരു സിഎന്‍ജി ബസ് പോലും ഇല്ലാത്തപ്പോള്‍ കോടികള്‍ വിലയുള്ള തിരുവനന്തപുരം ആനയറയിലെ ഭൂമി ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് കൈമാറിയതിനെയാണ് എതിര്‍ത്തത്. ഇതുവരെ ഒരു രൂപ പോലും അതില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് വാടകയിനത്തില്‍ ലഭിച്ചിട്ടില്ല.
2006- 2011 ഇടത് ഭരണകാലത്ത് തിരുവനന്തപുരം, തിരുവല്ല, അങ്കമാലി, കോഴിക്കോട് എന്നീ യൂണിറ്റുകളിലെ കെഎസ്ആര്‍ടിസിയുടെ കണ്ണായ ഭൂമി കെടിഡിഎഫ്സിക്ക് നല്കി. നാളിതുവരെ ഇതില്‍ നിന്ന് ഒരു വരുമാനവും ഉണ്ടായിട്ടില്ല. ഇതുസംബന്ധിച്ച് യാതൊരു കരാറും നിലവില്‍ ഇല്ല എന്നാണ് പറയുന്നത്. ഗതാഗത സെക്രട്ടറിയും കെടിഡിഎഫ്സിയുടേയും കെഎസ്ആര്‍ടിസിയുടേയും ബോര്‍ഡ് ചെയര്‍മാനുമായ എംഡി ബിജു പ്രഭാകര്‍ എന്തുകൊണ്ട് കെടിഡിഎഫ്സിയുമായി വാടക ഈടാക്കാന്‍ കരാര്‍ ഉണ്ടാക്കുന്നില്ല? ആനയറയിലെ ആറര ഏക്കര്‍ ഭൂമിയുടെ വാടക ആരാണ് വാങ്ങുന്നത്? അത് കെഎസ്ആര്‍ടിസിക്ക് ലഭിക്കുന്നുണ്ടോ?
നാളിതുവരെ കൊടുത്ത സ്ഥലത്തിന്റെ കരാര്‍ ഉണ്ടാക്കാനോ വാടക വാങ്ങാനോ കഴിയാത്തവരാണ് പുതുതായി കിഫ്ബിക്ക് വികാസ് ഭവന്, കായകുളം, എറണാകുളം, ടിവിഎം സ്റ്റാഫ് ട്രെയിനിംഗ് സെന്റര്‍ ,മൂന്നാര്‍ എന്നിവിടങ്ങളിലെ ഭൂമി വില്ക്കാന് തീരുമാനിച്ചത്. ഇതിനെയാണ് കെഎസ്ടിഇഎസ് (ബിഎംഎസ്) എതിര്‍ക്കുന്നത്.
കെ-സ്വിഫ്റ്റ് സ്വതന്ത്ര കമ്പനിയാണ് എന്നാണ് സിഎംഡി പറയുന്നത്. കെഎസ്ആര്‍ടിസിക്കു സമാന്തരമായി ഒരു സ്വതന്ത്ര കമ്പനിയുടെ ആവശ്യമെന്താണ്? കെഎസ്ആര്‍ടിയിയുടെ സൂപ്പര്‍ ക്ലാസ് സര്‍വ്വീസുകളും റൂട്ടുകളും പ്രത്യേക കമ്പനിയാക്കി വിവാദസ്ഥാപനമായ കിഫ്ബിയിലൂടെ കേരളത്തിലെ ഇടതുപക്ഷത്തിന്റെ സാമാന്തന്മാരായ വിദേശ മലയാളി ബിസ്സിനസുകാര്ക്ക് അടിയറ വയ്ക്കാനുള്ള നീക്കമാണ് കെ-സ്വിഫ്റ്റ്. അതിനുള്ള എളുപ്പവഴിയാണ് കിഫ്ബി. കെഎസ്ആര്‍ടിസിയെ ഇല്ലായ്മ ചെയ്തു കൊണ്ട് കേരളത്തിലെ പൊതുഗതാഗതം സ്വകാര്യവത്കരിക്കാനും യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിട്ട് കേരള സര്‍ക്കാരിന്റെ ഭരണപരാജയം ചര്‍ച്ചയാകാതിരിക്കാനും തൊഴിലാളികളെ പുലഭ്യം പറയുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്…
സ്വിഫ്റ്റ് വരുന്നതോടു കൂടി സംഭവിക്കുന്നത്
- വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന കണ്സഷന് ഇല്ലാതാകും
- ഗ്രാമീണ, മലയോര, തീരദേശങ്ങളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്കും സേവനം മുന്‍നിറുത്തി നടത്തുന്ന സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും നിലയ്ക്കും
- പുതിയ ബസുകളും സിഎന്‍ജി, എല്‍എന്‍ജി, എസി ഒപ്പം സൂപ്പര്‍ ക്ലാസ് സര്‍വ്വീസുകള്‍ സഹിതം സ്വിഫ്റ്റ് എന്ന കമ്പനിയിലേക്ക് മാറ്റപ്പെടുമ്പോള്‍, ബസ്സില്ലാതെ നഷ്ടം മാത്രം ബാക്കിയായി അഞ്ച് വര്‍ഷത്തിനകം കെഎസ്ആര്‍ടിസി പൂര്‍ണ്ണമായും തകരും
- കേരളത്തിലെ പൊതുഗതാഗതം പണം ഉള്ളവര്‍ക്കു മാത്രം പ്രാപ്തമാകുന്നതും, രാഷ്ട്രീയ പാര്‍ട്ടികളുടെ ബിനാമികളായ സമാന്തര സ്വകാര്യ വാഹന ലോബി നിരത്ത് കീഴടക്കുകയും ചെയ്യുന്നതോടെ വലിയ മത്സര ഓട്ടവും അപകടങ്ങളുമാകും ഭാവിയില്‍ ഉണ്ടാകുക.
കെ.എല്‍. രാജേഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: