ഭാവികേരളത്തിന്റെ സൃഷ്ടിക്ക് ദിശാബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഫെബ്രുവരി ഒന്ന് മുതല്‍ മൂന്ന് വരെ ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന രാജ്യാന്തര സമ്മേളനത്തില്‍ പങ്കെടുക്കുന്നവരില്‍ പ്രമുഖന്‍ രത്തന്‍ ടാറ്റയാണ്. ആനന്ദ് മഹീന്ദ്ര, എം.എ.യൂസഫ് അലി, രവി പിള്ള തുടങ്ങിയ വ്യവസായ പ്രമുഖരും ഇതില്‍ പങ്കെടുക്കുന്നുണ്ട്. കോര്‍പ്പറേറ്റുകളെ നാഴികയ്‌ക്ക് നാല്‍പതുവട്ടം അധിക്ഷേപിക്കുന്ന ഇടതു മുന്നണി ഭരിക്കുന്ന സംസ്ഥാനത്തിന്റെ ഭാവി സൃഷ്ടിക്കാന്‍ കോര്‍പ്പറേറ്റ് അധിപന്മാരുടെ തന്നെ നിര്‍ദ്ദേശങ്ങളും കാഴ്ചപ്പാടുകളും ഉപയോഗപ്പെടുത്തേണ്ടി വരുന്നു എന്ന വിരോധാഭാസമുണ്ട്. കേരളത്തിന്റെ വിവിധ വികസന പദ്ധതികളില്‍ ഭാഗഭാക്കുകളായഅദാനിയേയും അംബാനിയേയും സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടില്ല . രൂപീകരിച്ച കാലം മുതല്‍കേരളത്തിലെ കമ്മ്യൂണിസ്റ്റുകളുടെ മുദ്രാവാക്യങ്ങളില്‍ പ്രധാന ശത്രുക്കള്‍ ടാറ്റായും ബിര്‍ളയും ആയിരുന്നു. തൊഴിലാളി സര്‍വാധിപത്യത്തിന് തടസ്സം നില്‍ക്കുന്ന മുതലാളി വില്ലന്മാരായിരുന്നു ഇവര്‍. ടാറ്റായേയും ബിര്‍ളയേയും അസഭ്യം പറയാത്ത ഒരു പ്രസംഗവും കമ്മ്യൂണിസ്റ്റ് നേതാക്കള്‍ നടത്തുമായിരുന്നില്ല. കോര്‍പ്പറേറ്റ് എന്നതൊക്കെ പിന്നീട് വന്ന വിളിപ്പേരുകളാണെങ്കിലും ടാറ്റായും ബിര്‍ളയും ഒക്കെ ഉന്മൂലനം ചെയ്യപ്പെടേണ്ട കുത്തക മുതലാളി വര്‍ഗ്ഗം ആണെന്നായിരുന്നു കമ്മ്യൂണിസ്റ്റുകള്‍ എക്കാലത്തും സ്ഥാപിക്കാന്‍ ശ്രമിച്ചത്.
സ്വാതന്ത്ര്യ സമരത്തിന് സാമ്പത്തിക സഹായം നല്‍കുകയും ഗോശാലകളും വിദ്യാലയങ്ങളും ദേവാലയങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിച്ചു നല്‍കുകയും ചെയ്തിരുന്നു ബിര്‍ള. മഹാത്മാഗാന്ധി കൊല്ലപ്പെടുന്നതിനു മുമ്പുള്ള അവസാന 144 ദിവസങ്ങള്‍ കഴിച്ചുകൂട്ടിയത് ദല്‍ഹിയിലെ ബിര്‍ള ഹൗസിലായിരുന്നു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ സിഎസ്ആര്‍ ഫണ്ട് ഒക്കെ വരുന്നതിനു മുമ്പ് കമ്പനികളുടെ വരുമാനത്തിന്റെ നിശ്ചിതവിഹിതം സ്വമേധയാ സേവന സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് നീക്കി വെയ്‌ക്കുന്നതിലും ബിര്‍ള ഗ്രൂപ്പ് മുന്‍പന്തിയിലായിരുന്നു.
ഓരോ ശരാശരി ഇന്ത്യാക്കാരനും ദൈനംദിന ജീവിതത്തില്‍ ടാറ്റായുടെ ഏതെങ്കിലും ഉത്പന്നങ്ങളെ ആശ്രയിച്ചിരുന്നു. ഉപ്പു മുതല്‍ സോഫ്റ്റ്വെയര്‍ വരെയുള്ള വിവിധ ടാറ്റ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ ഏറെ ആവശ്യക്കാരുള്ളതാണ്. ലോകത്തില്‍ ഏറ്റവും അധികം ബിസിനസ് എത്തിക്‌സ് (സാന്മാര്‍ഗിക നീതി)
പുലര്‍ത്തുന്ന വലിയ ബിസിനസ്സ് ഗ്രൂപ്പായി തെരഞ്ഞെടുക്കപ്പെട്ടതും ടാറ്റയെയാണ്. സമ്പത്തിനേക്കാള്‍ അധികമായി രാജ്യസ്‌നേഹത്തിന്റെയും തൊഴിലാളി സ്‌നേഹത്തിന്റെയും അടിയുറച്ച നീതിയുടെയും മൂല്യത്തിന്റെയും മാര്‍ഗത്തില്‍ പോകുന്ന ടാറ്റാ ഗ്രൂപ്പായിരുന്നു ഒരു കാലത്ത് കമ്മ്യൂണിസ്റ്റുകളുടെ മുഖ്യ ശത്രു. ഇപ്പോള്‍ അദാനി- അംബാനി എന്നു വിളിച്ച് ആക്ഷേപിക്കുന്നതു പോലെയായിരുന്നു അന്ന് ടാറ്റാ- ബിര്‍ള തുലയട്ടെ മുദ്രാവാക്യങ്ങള്‍.
ഭാവികേരളത്തിന്റെ സൃഷ്ടിക്ക് ദിശാബോധം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ രത്തന്‍ ടാറ്റായെ ക്ഷണിച്ചു വരുത്തുമ്പോള്‍ പൊളിയുന്നത് സിപിഎമ്മിന്റെ കോര്‍പ്പറേറ്റ് വിരോധം എന്ന തട്ടിപ്പുകൂടിയാണ്. ഒപ്പം എന്താണ് കോര്‍പ്പറേറ്റ്? ആരാണ് കുത്തക മുതലാളി? എന്ന ചോദ്യത്തിനും സിപിഎം മറുപടി പറയേണ്ടി വരും. ഇന്ത്യാക്കാരായ അദാനിയുടെയും അംബാനിയുടെയും വളര്‍ച്ചയില്‍ കമ്മ്യൂണിസ്റ്റുകള്‍ അസ്വസ്ഥരാകുന്നു. ബാബ രാംദേവിന്റെ പതഞ്ജലിയെ കുത്തകയില്‍പ്പെടുത്തി അവര്‍ പ്രതിരോധിക്കുന്നു. ഇവരൊക്കെ ഇന്ത്യക്ക് വലിയ ഭീഷണിയാണന്ന് തെറ്റി ധരിപ്പിക്കുന്നു.
എന്നാല്‍,അമേരിക്കക്കാരനായ ജെഫ് ബെസോസ് സ്ഥാപിച്ച ആമസോണ്‍ ഇന്ത്യന്‍ ഗ്രാമങ്ങള്‍ വരെ കീഴടക്കിയതില്‍ അവര്‍ക്ക് പ്രതിഷേധമില്ല. ബ്ലൂ ഡാര്‍ട്ട്, ഡിഎച്ച്എല്‍, ഫെഡ്എക്‌സ് എന്നീ കൊറിയര്‍ കമ്പനികള്‍ വന്നതോടെ പോസ്റ്റ് ഓഫീസില്‍ പോലും ജനങ്ങള്‍ പോകാതെയായി. ഇന്ത്യന്‍ കൊറിയര്‍ കമ്പനികള്‍ പൂട്ടി. ഇപ്പോള്‍ സ്വന്തം വിമാനങ്ങള്‍ വരെ ഇവര്‍ക്കുണ്ട്. ആരും ബഹളം വച്ചില്ല.
ചൈനീസ്, കൊറിയന്‍ മൊബൈലുകള്‍ ഇന്ത്യന്‍ മൊബൈല്‍ വ്യവസായത്തെ തൂത്തെറിഞ്ഞു. ഇന്ത്യയിലെ വീഡിയോകോണ്‍ മൊബൈല്‍ പ്രവര്‍ത്തനം നിര്‍ത്തി. നെസ്ലെ, പെപ്‌സി തുടങ്ങിയ വിദേശ ഭീമന്മാര്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ വലിയ തോതില്‍ വേരുറപ്പിച്ചു. പുതിയ വാഹന നിര്‍മ്മാണ വിതരണ രംഗത്ത് ഹോണ്ട, ഹ്യുണ്ടായ്, തുടങ്ങിയ ആഗോള ഭീമന്മാര്‍ ഇന്ത്യയില്‍ കൊയ്‌ത്ത് നടത്തുന്നു. ഇന്ത്യന്‍ സമ്പത്ത് പുറത്തേക്ക് കൊണ്ടുപോകുന്നു. ജോണ്‍ സ്മിത്ത് തുടങ്ങിയ ആഗോള ഭീമന്‍ ബീവറേജസ് കമ്പനി 1980ല്‍ ഇന്ത്യയിലും പ്രവര്‍ത്തനം ആരംഭിച്ചു. തല്‍ഫലമായി പതിനൊന്ന് തദ്ദേശിയ സോഫ്റ്റ് ഡ്രിങ്ക് കമ്പനികളാണ് പൂട്ടിയത്.
മറ്റു രാജ്യങ്ങളിലുള്ള കമ്പനികള്‍ക്ക് പട്ടും പരവതാനിയും വിരിച്ചു കൊടുക്കുന്ന സിപിഎം കുത്തകകളെന്നോ കോര്‍പ്പറേറ്റെന്നോ പറഞ്ഞ് അവരെ ആരും ആക്ഷേപിക്കാറില്ല. ജപ്പാന്‍ കമ്പനിയായ നിസ്സാന്‍ മോട്ടോഴ്‌സിന് എല്ലാവിധ ഇളവുകളോടെയും തിരുവനന്തപുരത്ത് സ്ഥലവും സൗകര്യങ്ങളും ഒരുക്കികൊടുത്തത് ഭരണ നേട്ടമായി പോലും അവകാശപ്പെടുന്നു.
അതേ സമയം, ലക്ഷക്കണക്കിന് ഭാരതീയര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ കൊടുക്കുകയും ലക്ഷക്കണക്കിന് കോടി രൂപ നികുതിയായി അടയ്‌ക്കുകയും ചെയ്യുന്ന ഇന്ത്യന്‍ കമ്പനികളെ ശത്രുക്കളായി കാണുന്നു. അദാനിയേയും അംബാനിയേയും വര്‍ഗ്ഗ ശത്രുക്കളെന്ന് ഒരു ഭാഗത്ത് മുദ്രകുത്തുകയും എം.എ.യൂസഫ് അലി, രവി പിള്ള ,ഇപ്പോള്‍ ടാറ്റ എന്നിവര്‍ സ്വീകാര്യരായ കോര്‍പ്പറേറ്റ് ഭീമന്മാര്‍ ആകുന്നതിലെ രാഷ്‌ട്രീയ യുക്തിയാണ് ആര്‍ക്കും മനസ്സിലാകാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: