കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കിയ ആലപ്പുഴ ബൈപ്പാസ് നാടിന് സമര്‍പ്പിച്ചത് മലയാളികള്‍ക്ക് ഒരേസമയം അഭിമാനം പകരുന്നതാണ്.
കിഴക്കിന്റെ വെനീസായി അറിയപ്പെടുന്ന ആലപ്പുഴ നഗരം വാഹനത്തിരക്കു മൂലം വര്‍ഷങ്ങളായി അനുഭവിക്കുന്ന ശ്വാസംമുട്ടല്‍ വലിയൊരളവോളം ഇതോടെ അവസാനിക്കും. അതേസമയം 6.8 കിലോമീറ്റര്‍ മാത്രം വരുന്ന ഇങ്ങനെയൊരു പാതയുടെ നിര്‍മാണത്തിന് അരനൂറ്റാണ്ടുകാലമെടുത്തു എന്നത് ഒരുവിധത്തിലും ക്ഷമിക്കാവുന്നതല്ല. വികസനം ആഗ്രഹിക്കുന്ന ഒരു നാട് ക്രൂരമായി വഞ്ചിക്കപ്പെടുന്നതിന്റെ നേര്‍സാക്ഷ്യമാണ് ഈ കാലതാമസം. ഇതുമൂലം പതിനേഴ് കോടി രൂപയുടെ പദ്ധതിയടങ്കല്‍ 348 കോടിയായി വര്‍ധിച്ചതിന്റെ ഉത്തരവാദിത്വം ആരാണ് ഏറ്റെടുക്കുക? വികസനത്തിന്റെ പേരില്‍ വായ്ത്താരി മുഴക്കുന്ന രാഷ്ട്രീയ-ഭരണ നേതൃത്വമാണ് ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടത്. അനാവശ്യ സമരങ്ങളുയര്‍ത്തിക്കൊണ്ടുവന്ന് കൊച്ചി-മംഗലാപുരം പ്രകൃതി വാതക പൈപ്പ് ലൈനിന്റെ പൂര്‍ത്തീകരണം തടസ്സപ്പെടുത്തി നിര്‍മാണച്ചെലവ് പല മടങ്ങ് വര്‍ധിക്കാനിടയാക്കിയതും, ശബരി റെയില്‍ പാതയുടെ നിര്‍മാണം അനാഥമാക്കിയിട്ടുള്ളതും ഇവിടെ ഓര്‍ക്കാം.
ഉദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച പൊതുമരാമത്തു മന്ത്രി ജി.സുധാകരന് പറഞ്ഞ ഒരു കാര്യം വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നവരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. കേരളവും കേന്ദ്രവും ഒരേ പാര്‍ട്ടി ഭരിച്ചിട്ടും നടക്കാത്ത കാര്യം വ്യത്യസ്ത പാര്‍ട്ടികള്‍ ഭരിച്ചാലും നടക്കുമെന്നാണ് മന്ത്രി സുധാകരന് തുറന്നടിച്ചത്. 1990 കളില്‍ തുടക്കമിട്ടതാണ് ആലപ്പുഴ ബൈപ്പാസിന്റെ നിര്‍മാണം. ഓരോരോ കാരണങ്ങള്‍ പറഞ്ഞ് നിര്‍മാണം നീണ്ടുപോവുകയായിരുന്നു. കേന്ദ്രവും കേരളവും കോണ്‍ഗ്രസ്സ് ഭരിച്ചിരുന്ന കാലത്ത് നിര്‍മാണം പൂര്‍ത്തീകരിക്കാനാവുമായിരുന്നു. യുപിഎ സര്‍ക്കാരില്‍ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള നാലുപേര്‍ കേന്ദ്രമന്ത്രിമാരായിരുന്നിട്ടും ഇക്കാര്യത്തില്‍ ഒരിഞ്ചുപോലും മുന്നോട്ടുപോകാനായില്ല. ഒന്നാം യുപിഎ സര്‍ക്കാരില്‍ ഇടതുപാര്‍ട്ടികളുമുണ്ടായിരുന്നു എന്ന കാര്യം മറക്കരുത്. ആലപ്പുഴക്കാരായ രണ്ട് മുഖ്യമന്ത്രിമാര്‍ ഇടതു-വലതു മുന്നണി സര്‍ക്കാരുകള്‍ക്ക് നേതൃത്വം നല്കിയപ്പോഴും ബൈപ്പാസിന്റെ നിര്‍മാണം അനക്കമില്ലാതെ കിടന്നു. ബൈപ്പാസ് നിര്‍മാണത്തിന് നരേന്ദ്ര മോദി സര്‍ക്കാര്‍ എല്ലാ സഹകരണവും നല്‍കിയെന്നും, കൃത്യസമയത്തുതന്നെ ആവശ്യമായ തുക നല്‍കിയെന്നും പറയാനുള്ള ആര്‍ജവം മന്ത്രി സുധാകരന് കാണിച്ചു. മന്ത്രിയുടെ പാര്‍ട്ടിയില്‍പ്പെടുന്ന പലര്‍ക്കും ഇങ്ങനെയൊരു ആര്‍ജവം ഇല്ലാത്തതും മറച്ചുപിടിക്കാനാവില്ല.
അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കാണിക്കുന്ന പ്രതിബദ്ധതയെ മാനിക്കാനും, അതുമായി സഹകരിക്കാനും കേരളത്തിലെ ഭരണാധികാരികള്‍ തയ്യാറാവുകയാണെങ്കില്‍ ഇവിടെ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനാവും. മുഖ്യമന്ത്രി പിണറായി വിജയനുമായി ചേര്‍ന്ന് ബൈപ്പാസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നല്കിയ വാഗ്ദാനം സംസ്ഥാന സര്‍ക്കാര്‍ കലവറയില്ലാതെ സ്വീകരിക്കണം. കേരളത്തിലെ നി
ര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുന്നുവെങ്കില്‍ അക്കാര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായിയെ ദല്‍ഹിയിലേക്ക് ക്ഷണിക്കുന്നുവെന്നാണ് ഗഡ്കരി പറഞ്ഞത്. ഇത് പതിവു രാഷ്ട്രീയക്കാരുടെ വെറും വാക്കല്ല.
പ്രതിസന്ധിയില്‍പ്പെട്ടു കിടന്ന ഗെയില്‍ പൈപ്പ് ലൈനിന്റെ നിര്‍മാണം പുനഃരാരംഭിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കയ്യെടുത്താണ്. 2015 ല്‍ മോദി സര്‍ക്കാര്‍ താല്‍പ്പര്യമെടുത്തപ്പോഴാണ് ആലപ്പുഴ ബൈപ്പാസിന്റെ നിര്‍മാണവും ത്വരിതഗതിയിലായത്. മോദി സര്‍ക്കാരിന്റെ മറ്റ് വികസന പദ്ധതികളുടെയും, ജനക്ഷേമ പദ്ധതികളുടെയും കാര്യത്തില്‍ തുറന്ന സമീപനം സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുകയാണെങ്കില്‍ നവകേരളം നിര്‍മിക്കാനാവും. ബിജെപിയോടും നരേന്ദ്രമോദിയോടുമുള്ള രാഷ്ട്രീയഭിന്നതകള്‍ മാറ്റിവച്ച് വികസനത്തില്‍ കൈകോര്‍ക്കാനുള്ള വിവേകം സംസ്ഥാന സര്‍ക്കാര്‍ കാണിക്കണം. ആലപ്പുഴ ബൈപ്പാസ് നല്കുന്ന പാഠവും അതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: