ന്യൂദല്‍ഹി:പൊലീസ് എന്തുകൊണ്ടാണ് സംയമനം പാലിച്ചതെന്ന ചോദ്യമായിരുന്നു കഴിഞ്ഞ ദിവസം ചെങ്കോട്ടയില്‍ നടന്ന കലാപത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ ഉയര്‍ന്ന പ്രധാന ചോദ്യം. അതിനുത്തരം നല്‍കി ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഇന്‍സ്‌പെക്ടര്‍ പി.സി. യാദവ്. ‘കര്‍ഷകരാണെന്ന് കരുതിയാണ് പൊലീസ് സംയമനം പാലിച്ചത്. പക്ഷെ അവര്‍ അതല്ലായിരുന്നു,’ അദ്ദേഹം പറയുന്നു.
ഇടനിലക്കാരുടെ സമരത്തില്‍ പങ്കെടുത്ത അക്രമികളുടെ ആക്രമണത്തില്‍ യാദവിന്റെ മുഖത്തും തലയിലും പിന്നിലും കൈകളിലും പരിക്കേറ്റിരുന്നു. ചെങ്കോട്ടയിലായിരുന്നു യാദവിന്റെ ഡ്യൂട്ടി. ‘വലിയൊരു സംഘം ചെങ്കോട്ടയിലേക്ക് പ്രവേശിക്കുന്നത് ഞങ്ങള്‍ കണ്ടു. അവര്‍ ചെങ്കോട്ടയുടെ മതില്‍ കടന്ന് കോട്ടക്കുള്ളിലെത്തി. അവരെ മാറ്റാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ അക്രമകാരികളായി. വാളുകൊണ്ടും ലാത്തികൊണ്ടും അവര്‍ ഞങ്ങളെ അക്രമിക്കുകയായിരുന്നു. ഒരു പൊലീസുകാരന് തലയ്‌ക്ക് അടിയേറ്റു. ചോരയൊലിച്ചു. ഞാന്‍ താഴേക്ക് ചെന്ന് അയാളെ ആശുപത്രിയിലാക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഞങ്ങളെ തടയുകയും ലാത്തികൊണ്ട് അടിക്കുകയും ചെയ്തു. ഞാന്‍ സുരക്ഷാകവചം അണിഞ്ഞിരുന്നെങ്കിലും വാളുകൊണ്ടുള്ള വെട്ടേറ്റ് എന്റെ ഹെല്‍മറ്റ് രണ്ടായി. അതോടെ എന്റെ ബോധം പോയി. അവര്‍ കര്‍ഷകരാണെന്നതുകൊണ്ടാണ് ഞങ്ങള്‍ സംയമനം പാലിച്ചത്. പക്ഷെ അവര്‍ അത്തരക്കാരല്ലായിരുന്നു,’ യാദവ് പറഞ്ഞു. അക്രമത്തില്‍ ഗുരുതരമായി തലയ്‌ക്ക് പരിക്കേറ്റ യാദവിന്റെ 12 തുന്നലിടേണ്ടി വന്നു.
ഡിസിപി (നോര്‍ത്ത്) ഓപ്പറേറ്ററായ സന്ദീപ് എന്ന പൊലീസുകാരന് കൈകള്‍ക്കും പിറകിലും വയറിലും പരിക്കേറ്റു. നൂറുകണക്കണക്കിന് കര്‍ഷകര്‍ ചെങ്കോട്ടയില്‍ എത്തുകയും പൊലീസിന് അടിക്ക് എന്ന മുദ്രാവാക്യം വിളിച്ച് ആയുധങ്ങള്‍ വീശിയപ്പോള്‍ ഭയന്നുവെന്നും സന്ദീപ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: