തൃശൂര്‍: ഫര്‍ണീച്ചര്‍ നിര്‍മ്മാണ മേഖലയില്‍ തൃശൂരിന് ഇനി രാജ്യാന്തര നിലവാരം. ഉന്നത സാങ്കേതിക വിദ്യകള്‍ തേടി ഇനിമുതല്‍ രാജ്യത്തിന് പുറത്തേക്ക് പോകേണ്ട. ഇറ്റാലിയന്‍, തായ്വാന് സാങ്കേതിക വിദ്യകളെല്ലാം സ്വന്തം നാട്ടിലുമെത്തി. ആധുനിക ഫര്‍ണീച്ചര്‍ രൂപകല്‍പ്പന ചെയ്യാനുള്ള ഡിസൈന്‍ സ്റ്റുഡിയോ അടക്കമുള്ള സംവിധാനങ്ങളുമായി തൃശൂര്‍ പരമ്പരാഗത ഫര്‍ണീച്ചര്‍ ക്ലസ്റ്ററിലെ പൊതു സൗകര്യ കേന്ദ്രം ചൊവ്വൂര്‍ കടലാശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ വന്‍ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 400 സൂക്ഷ്മ ചെറുകിട യൂണിറ്റുകളാണ് ക്ലസ്റ്ററിലുള്ളത്. ചൊവ്വൂര്‍-കടലാശേരി പ്രദേശത്തെ ചെറുകിട യൂണിറ്റുകള്‍ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും കേന്ദ്രത്തിന്റെ സേവനം ഏറെ പ്രയോജനപ്പെടും. പ്രദേശത്തെ മരാധിഷ്ഠിത ഫര്‍ണീച്ചറിന്റെ ഉല്‍പ്പാദനവും ഗുണനിലവാരവും കേന്ദ്രത്തിന്റെ സഹായത്തോടെ വര്‍ദ്ധിപ്പിക്കാനാകും. 70 ശതമാനം കേന്ദ്ര സര്‍ക്കാരിന്റേയും 20 ശതമാനം സംസ്ഥാന സര്‍ക്കാരിന്റേയും 10 ശതമാനം ക്ലസ്റ്റര്‍ അംഗങ്ങളുടേയും ധനസഹായത്തോടെ 14.45 കോടി രൂപ ചെലവഴിച്ചാണ് കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്.
നിര്‍മ്മാണ തുകയില്‍ 10.02 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റായി നല്കി. 2.89 കോടി രൂപ സംസ്ഥാന സര്‍ക്കാരും 1.53 കോടി രൂപ സിഎഫ്സി ഉപഭോക്താക്കളും മുടക്കി. പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര സൂക്ഷ്മ-ചെറുകിട വ്യവസായ മന്ത്രി നിതിന്‍ ഗഡ്കരി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. മന്ത്രി ഇ.പി ജയരാജന് അധ്യക്ഷനായി. മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, സംസ്ഥാന വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ.ഇളങ്കോവന്, ന്യൂദല്‍ഹി എംഎസ്എംഇ ഡെവലപ്പ്മെന്റ് കമ്മീഷണര്‍ ദേവേന്ദ്രകുമാര്‍ സിങ്, തൃശൂര്‍ എംഎസ്എംഇ ഡെവലപ്പ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ജോയിന്റ് ഡയറക്ടര്‍ ജി.എസ് പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.
കടലാശേരി കേന്ദ്രത്തിലെ സൗകര്യങ്ങള്‍
- ഉന്നത സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ഡിസൈനിങ് സ്റ്റുഡിയോ സൗകര്യം
- ഇറ്റാലിയന്‍ സാങ്കേതികവിദ്യയിലൂടെ പ്രവര്‍ത്തിക്കുന്ന വുഡ് സീസണിങ് യൂണിറ്റുകള്‍
- ജര്‍മന്‍ സാങ്കേതിക വിദ്യയിലൂടെ പ്രവര്‍ത്തിക്കുന്ന ഫിംഗര്‍ ജോയിന്റ് ഡെവലപ്മെന്റ് ഫെസിലിറ്റി
- വളരെ ചെറിയ തടിക്കഷണങ്ങളെ തായ്വാന് സാങ്കേതിക വിദ്യയിലൂടെ യോജിപ്പിച്ചു ഉയര്‍ന്ന നിലവാരത്തിലുള്ള ഹാര്‍ഡ്വുഡ് ബോര്‍ഡുകള്‍ തയ്യാറാക്കാം
- ഇറ്റാലിയന്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന സിഎന്‍സി മെഷീനുകള്‍
- കെമിക്കല്‍ ട്രീറ്റ്മെന്റ് പ്ലാന്റ്, യൂണിവേഴ്സല്‍ ടൂള്‍ ഗ്രൈന്റര്‍, റിപ്സോ, ട്വിന്‍ ടേബിള്‍ മോട്ടിസര്, ന്യൂമറ്റിക് ക്രോസ് കട്ട്സോ, റെക്ടാഗുലര്‍ ട്വിന്‍ ടേബിള്‍, ടനോണര്, റോട്ടറി കമ്പോസര്‍ സംവിധാനങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: