കൊല്ലം: എസ്ഡിപിഐ ബന്ധം കോണ്‍ഗ്രസിനെ തകര്‍ച്ചയിലേക്ക് നയിച്ചെന്ന് ആരോപിച്ച് മുന്‍ കൗണ്‍സിലര്‍ അടക്കം മൂന്നുറോളം പേര് കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നു.
തദ്ദേശതെരഞ്ഞെടുപ്പില്‍ കിളികൊല്ലൂരിലെ അഞ്ച് ഡിവിഷനിലും കോണ്‍ഗ്രസ് പരാജയപെടുകയും മണ്ഡലത്തിലെ ആകെ വോട്ടില്‍ ബിജെപിക്ക് പിന്നില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത് പോകുകയും ചെയ്തതാണ് കാരണം. ഇതിന് കാരണക്കാരനായ മണ്ഡലം പ്രസിഡന്റിനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് മുന്‍ കൗണ്‍സിലര്‍ ലൈലാകുമാരിയുടെ നേതൃത്വത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റിന് പരാതി നല്കി.
മണ്ഡലം പ്രസിഡന്റ് സക്കീര്‍ ഹുസൈന്റെ നിഷേധാത്മകമായ നിലപാടാണ് കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റ് നഷ്ടപ്പെടാന്‍ കാരണമായതെന്ന് ലൈലാകുമാരി കത്തില്‍ വ്യക്തമാക്കി. തന്നെ ചെയര്‍മാനാക്കി ഇലക്ഷന് കമ്മിറ്റി രൂപീകരിക്കണമെന്ന് ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടപ്പോള്‍ തന്റെ പേര് മാത്രം പേപ്പറില്‍ വച്ച് ഒരു കാര്യത്തിനും വിളിക്കാതെ മണ്ഡലം പ്രസിഡന്റ് പാര്‍ട്ടിയെ തകര്‍ക്കാനാണ് നോക്കിയതെന്നും ആരോപിച്ചു. ഘടകകക്ഷിയായ ആര്എസ്പിയോടും അവഗണനയാണ് കാണിച്ചതെന്നും മുന്നണി നിശ്ചയിച്ച ജനറല്‍ കണ്‍വീനര്‍ സ്ഥാനം പോലും കൊടുത്തില്ലെന്നും പരാതിയില്‍ പറയുന്നു.
13 ബൂത്ത് പ്രസിഡന്റുമാര്‍, മണ്ഡലം ഭാരവാഹികള്‍, പത്തോളം ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാര്‍, വൈസ് പ്രസിഡന്റ്, ഡിസിസി മെമ്പര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, മുന്‍ ജില്ലാ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍, മഹിളാ കോണ്‍ഗ്രസ്-ഐഎന്‍ടിയുസി ഭാരവാഹികള്‍ എന്നിവരാണ് പാര്‍ട്ടി വിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: