ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടനം 28ന് നടക്കുന്നതോടെ യാഥാര്‍ത്ഥ്യമാകുന്നത് ആലപ്പുഴ നിവാസികളുടെ വികസന സ്വപ്നങ്ങള്‍. രാജ്യത്തിന്റെ വികസനം ആദ്യം എന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ നയം സംസ്ഥാനത്തെ ഏറ്റവും പിന്നാക്ക ജില്ലയായ ആലപ്പുഴയ്ക്കും തുണയായി. കേന്ദ്രസര്‍ക്കാരിന്റെ പുതുവര്‍ഷ സമ്മാനമായി മാറുകയാണ് ആലപ്പുഴ ബൈപ്പാസ്. വലിയ പദ്ധതികളൊന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന ആലപ്പുഴയുടെ ശാപത്തിനും ഒരു അറുതി. സമീപ ജില്ലകള്‍ വികസനകുതിപ്പിലേക്ക് മുന്നേറിയപ്പോള്‍ രാഷ്ട്രീയ അന്ധകാരത്തില്‍ തപ്പിത്തടയാനായിരുന്നു ആലപ്പുഴയുടെ വിധി. രാഷ്ട്രീയ കേരളത്തിന് ഒന്നാം നിര നേതാക്കളെ സംഭാവന ചെയ്ത ആലപ്പുഴയ്ക്ക് പക്ഷെ വികസനത്തില്‍ ഏറ്റവും പിന്നിലായിരുന്നു.
മാറിമാറി കേരളം ഭരിച്ച ഇടതുവലതു മുന്നണി സര്‍ക്കാരുകളുടെ പിടിപ്പുകേടിന്റെയും, ആലപ്പുഴയെ പ്രതിനിധീകരിച്ച ജനപ്രതിനിധികളുടെ അലംഭാവത്തിന്റെയും പ്രത്യക്ഷ ഉദാഹരണമാണ് ബൈപ്പാസ് പൂര്‍ത്തീകരണത്തിന്റെ കാലതാമസം. കനാലുകളും ചെറുപാലങ്ങളും നിറഞ്ഞ ആലപ്പുഴ കടന്നുകിട്ടാന്‍ വാഹനങ്ങള്‍ക്ക് പെടാപ്പാടാണ്. മിനിറ്റുകള്‍ക്കുള്ളില്‍ ബൈപ്പാസിലൂടെ നഗരം കടക്കാനാകും. കടലിന്റെ മനോഹരക്കാഴ്ചകള്‍ മുകളില്‍നിന്നു കാണാനുമാകും. 1990 ഡിസംബറിലാണ് ആലപ്പുഴ ബൈപ്പാസിന്റെ ഒന്നാംഘട്ടത്തിന് തറക്കല്ലിട്ടത്. അതിനും എത്രയോ വര്‍ഷം മുന്‍പ് ആലോചനകള്‍ തുടങ്ങിയതാണ്. അഞ്ചുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം.
കളര്‍കോടു മുതല്‍ കുതിരപ്പന്തി വരെയായിരുന്നു ഒന്നാംഘട്ടം. ഇതു തീരാന്‍ 2001-വരെ കാത്തിരിക്കേണ്ടിവന്നു. രണ്ടാംഘട്ടം തുടങ്ങിയപ്പോള്‍ത്തന്നെ തടസ്സപ്പെട്ടു. 35 ശതമാനം അധികത്തുക നല്കി എസ്റ്റിമേറ്റ് പുതുക്കാനുള്ള നീക്കമായിരുന്നു വിനയായത്. രണ്ടാംഘട്ടത്തിന് 2010 ഡിസംബര്‍വരെ കാത്തിരിക്കേണ്ടിവന്നു. എന്നിട്ടും രണ്ടറ്റവും കൂട്ടിമുട്ടാതെ ബൈപ്പാസ് മുറിഞ്ഞുകിടന്നു. കുതിരപ്പന്തിയിലെയും മാളികമുക്കിലെയും മേല്‍പ്പാലങ്ങളുടെ നിര്‍മാണമായിരുന്നു എന്നും തടസ്സമായി നിലകൊണ്ടത്. റെയില്‍വേയും പൊതുമരാമത്ത് ദേശീയപാതാവിഭാഗവും തമ്മില്‍ പലകാര്യങ്ങളിലും യോജിക്കാനായില്ല. ഇതോടെ പലവട്ടം മേല്‍പ്പാലങ്ങളുടെ രൂപരേഖ മാറ്റേണ്ടിവന്നു. ഒടുവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായുള്ള ചര്‍ച്ചയെത്തുടര്‍ന്ന് എല്ലാകടമ്പകളും കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: